“ഞാൻ ഇച്ഛിക്കുന്നതിനെയല്ല പകയ്ക്കുന്നതിനെയത്രേ ചെയ്യുന്നത് “!
അമലിന്റെ ‘കൽഹണൻ’ എന്ന നോവലിനെക്കുറിച്ച് സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള കാസർഗോഡിലെ മലയാള വിഭാഗം പ്രൊഫസര്‍ ചന്ദ്രബോസ് എഴുതിയ വായനാനുഭവം
“അമലിന്റെ ആദ്യ നോവലാണ്, #കൽഹണൻ അഥവാ നീ / ഞാൻ ആരാണ് ‘ സാ(അ)ധാരണക്കാരനായ ഒരു പൈങ്കിളി കാർട്ടൂണിസ്റ്റിന്റെ പിളർന്ന കർതൃത്വവും അതിന്റെ ദുരന്തവും വരച്ചിടുന്നു ,വരയക്കുക എന്ന പ്രയോഗം അക്ഷരംപ്രതി ശരിയാകുന്നു. കാർട്ടൂണിസ്റ്റും രേഖാചിത്രകാരനുമായ എഴുത്തുകാരൻ കലാകാരന്റെയും ഒരു ഗ്രാമത്തിന്റെ ദുരന്ത സംക്രമണങ്ങൾ അക്ഷരാർത്ഥത്തിൽ വരയ്ക്കുകയാണ് കാർട്ടൂണിസ്റ്റിന്റെ ജീവിതം ഭാഷയിലേക്ക് അതായിത്തന്നെ വിവർത്തനം ചെയ്യുകയാണ് മലയാളനോവലിൽ നാളിതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത ജീവിതാഖ്യാനം.
പക്കാ ലോക്കലായി പറയുന്ന കഥയിൽ ശിഥില കാലത്തിന്റെ സംഘർഷങ്ങളെ പ്രതിഫലിപ്പിച്ചുകാട്ടുന്നു .സർഗ്ഗാത്മകതയുടെ തിണർപ്പുകൾ ഉള്ളിൽ വഹിക്കുന്ന കലാകാരന്റെ ദുരന്തം മാത്രമല്ല, പ്രവചിക്കാനോ നിർണയിക്കാനോ കഴിയാത്ത വിധം മനുഷ്യ പ്രശ്നങ്ങൾക്ക് പുതിയ മാനങ്ങൾ കൈവരുന്നു എന്നും ഈ നോവൽ പറയുന്നു. ആത്മനിയന്ത്രണങ്ങളും ആത്മാവബോധവും കർമ്മ സ്ഥിരതയും നഷ്ടപ്പെട്ട കാലത്തിന്റെ കലാകാര സ്വത്വമാണ് ഗോപിക്കുട്ടന്റെത്. ആരോ ഉളളിലിരുന്നു നിയന്ത്രിക്കുന്നു അനുചിതമായ മനോ വാക്കർമ്മങ്ങളുടെ പ്രത്യാഘാതങ്ങളിൽപ്പെട്ട് സാധാരണക്കാരൻ സ്വയമറിയാതെ ദുരന്തത്തിന്റെ, ചെളി നിലങ്ങളിൽ പുതഞ്ഞു പോകുന്നു സ്വത്വ സംഘർഷങ്ങളുടെ തനി നാടൻ ഭൂമിക അവതരിപ്പിക്കുന്നതോടൊപ്പം, നോവൽ എന്ന അതിഗംഭീര ജീവിതാഖ്യാനത്തിന്റെ നെടുംപാതയിലോ ഓരങ്ങളിലോ പരാമർശിച്ചിട്ടില്ലാത്ത സാധാരണ മനുഷ്യരുടെ അതിജീവനത്തെയും യഥാതഥമായി പറഞ്ഞിരിക്കുന്നു എന്നതും ഈ നോവലിനെ ശ്രദ്ധേയമാക്കുന്നു.
‘പെട്രോൾ പമ്പിൽ ഫില്ലർ ജോലി ചെയ്യുന്നവരുടെ തകർന്ന ജീവിതത്തെക്കുറിച്ചുള്ള സൂചനകൾ അതിലൊന്നാണ്. മൊബൈൽ ഫോൺ ഗ്രാമത്തിൽ സൃഷ്ടക്കുന്ന പൊല്ലാപ്പുകൾ മറ്റൊന്നാണ്. എല്ലാറ്റിനുമുപരി മതവും സദാചാരവും മുതലാളിത്തവും നവ സാങ്കേതികതയും പച്ച മനുഷ്യരുടെ ജീവിതത്തെ അവസാനമില്ലാത്ത ദുരന്തങ്ങളിൽ പതിപ്പിക്കുന്നതിന്റെ ദുരന്ത ഹാസ്യം: ബഷീറിന്റെ കരിക്കേച്ചർ ശൈലിയും ഡോസ്റ്റോവ്സ്കി യൻ ദുരന്ത ഗാംഭീര്യ വും സമന്വയിക്കുന്ന ഈ നോവൽ, ആന്തരികവും ബാഹ്യവുമായ മനുഷ്യ ദുരന്തത്തിന്റെ പ്രാദേശിക ആഖ്യാനമത്രേ”.
പുസ്തകം ഓര്‍ഡര്‍ചെയ്യാന് ക്ലിക്ക് ചെയ്യൂ
Comments are closed.