മൗലീക സങ്കല്‍പ്പങ്ങളില്‍ വിശ്വസിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇന്നില്ല: ആനന്ദ്
കലയും കാലവും എന്ന വിഷയത്തില്‍ പ്രശസ്ത എഴുത്തുകാരന്‍ ആനന്ദും ടി പി രാജീവനും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വേദിയില്‍ സംവദിച്ചു. വികസനം, ജനാധിപത്യം, രാഷ്ട്രീയപാര്‍ട്ടികള്‍, ഇന്ത്യയും പാക്കിസ്ഥാനും എന്നീ വിഷയങ്ങളില്‍ ടി.പി രാജീവന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ആനന്ദ് മറുപടി പറഞ്ഞു.
വികസനത്തിന് അനുകൂലമായി സംസാരിച്ച ആനന്ദ് നെഹ്‌റുവിന്റെ മാതൃകാ ലിബറല്‍ ജനാധിപത്യ ഭരണകാലത്ത് മുന്നോട്ടുവന്ന പോസിറ്റീവായ പ്രൊജക്ടുകളെപറ്റിയും സംസാരിച്ചു. അണക്കെട്ട് നിര്‍മാണം ഒരു ആവശ്യഘടകം തന്നെയായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വൈവിധ്യമാര്‍ന്ന നമ്മുടെ രാജ്യം പ്രശ്‌നങ്ങള്‍ നേരിട്ടുതുടങ്ങിയത് മൂന്നുനാലു നൂറ്റാണ്ടുകള്‍ക്ക് ശേഷമാണെന്നും ഒരു മതരാജ്യമായി രൂപീകരിക്കപ്പെട്ട പാക്കിസ്ഥാന്റെ സ്ഥിതി ഇതില്‍നിന്നും വ്യത്യസ്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാന നിയമനങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിവരുന്ന വിഭാഗീയതയെപറ്റി ആനന്ദ് സംസാരിച്ചു. മൗലീക സങ്കല്‍പ്പങ്ങളില്‍ വിശ്വസിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ജനാധിപത്യ രാജ്യത്തുപോലും ജീവിക്കാനും അഭിപ്രായങ്ങള്‍ പറയാനും ഭയമാണ്. ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചതിനുശേഷം മാറ്റേണ്ടിയിരുന്ന പലതും മാറ്റാന്‍ കഴിയാതിരുന്നതിന് കാരണം അന്ന് അതൊരു ആവശ്യമായി തോന്നിയിരുന്നില്ല എന്നതാണ്. എന്നാല്‍ ഇന്നത്തെ സാമൂഹ്യ അവസ്ഥയില്‍ അവയൊക്കെ നടക്കേണ്ടിയിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Comments are closed.