‘കലശം’; യു.എ ഖാദറിന്റെ ശ്രദ്ധേയമായ നോവല്‍
സവിശേഷമായ രചനാശൈലിയിലൂടെ മലയാളസാഹിത്യ ചരിത്രത്തില്‍ ഇടം നേടിയ എഴുത്തുകാരനാണ് യു.എ ഖാദര്‍. മലയാളത്തിലെ അസ്തിത്വവാദാധിഷ്ഠിതമായ ആധുനികതയുടെ രീതികളില്‍ നിന്ന് വേറിട്ടു നില്ക്കുന്ന യു.എ.ഖാദറിന്റെ രചനകള്‍ വ്യാപകമായ അംഗീകാരം നേടിയവയാണ്. വിവിധ ജനവിഭാഗങ്ങള്‍ തമ്മില്‍ സൗഹാര്‍ദ്ദത്തോടെയും ഒത്തൊരുമയോടെയും കഴിഞ്ഞുപോന്ന വടക്കന്‍ മലബാറിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ അരങ്ങേറിയ വര്‍ഗ്ഗീയകലാപം ജനജീവിതത്തെ താറുമാറാക്കുന്നതിനെ പ്രമേയമാക്കി അദ്ദേഹം എഴുതിയ നോവലാണ് കലശം. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ നോവലിന്റെ രണ്ടാമത് പതിപ്പ് ഇപ്പോള്‍ ലഭ്യമാണ്.
ഏറെ കൊട്ടിഘോഷിക്കപ്പെടുകയും അപലപിക്കപ്പെടുകയും ചെയ്യുന്ന വമ്പന്‍ കലാപങ്ങളുടെയെല്ലാം പിന്നില്‍ നിസ്സാരമായ ചില വ്യക്തിവിദ്വേഷങ്ങളാണുള്ളതെന്ന യാഥാര്‍ത്ഥ്യം കലാപരമായ സത്യസന്ധതയ്ക്ക് കോട്ടം തട്ടാതെ യു.എ ഖാദര്‍ വെളിവാക്കുന്നു. വടക്കേ മലബാറിലെ ഒരു നാട്ടിന്‍പുറത്ത് കൊള്ളയും കൊള്ളിവെയ്പും കൊലയുമൊക്കെയായി അരങ്ങേറിയ ഒരു വര്‍ഗ്ഗീയ കലാപത്തെ കേന്ദ്രീകരിച്ചാണ് ഈ നോവല്‍ രൂപംകൊള്ളുന്നത്. വിവിധ ജനവിഭാഗങ്ങള്‍ ഒത്തൊരുമയോടെയും സൗഹാര്‍ദ്ദത്തോടെയും ജീവിച്ചുപോന്ന ആ പ്രദേശത്തെ ജീവിതം അത് താറുമാറാക്കി.അംശം അധികാരിയായ ശങ്കരന്‍ അടിയോടി കടപ്പുറത്ത് കുടികെട്ടി വാഴിച്ച മുക്കുവത്തി യശോദയില്‍ ഉണ്ണിച്ചെക്കു മുതലാളിക്കുണ്ടായ അഭിനിവേശം പടര്‍ത്തിയ തീയാണ് ഗ്രാമം മുഴുവന്‍ പടര്‍ന്നു കത്തിയത്.
‘കലാപങ്ങളും ചോരചിന്തലുകളും നോവലിന് അന്യമല്ല. സമൂഹത്തിലെ ദുഷിച്ച പ്രവണതകളെയും പ്രതിലോമശക്തികളെയും തുറന്നുകാട്ടാനും അപഹസിക്കാനും നമ്മുടെ നോവലിസ്റ്റുകള്‍ ശ്രമിച്ചിട്ടുണ്ട്. തികച്ചും വ്യത്യസ്തമായ ഒരു സമീപനം സ്വീകരിച്ചുകൊണ്ട് സാമൂഹികപ്രശ്‌നങ്ങളെ ആഴത്തിലും പരപ്പിലും അപഗ്രഥിക്കാനാണ് കലശം എന്ന നോവലില്‍ യു.എ ഖാദര്‍ ഉദ്യമിക്കുന്നത്.’ ഡോ.പി.കെ.തിലക് കുറിക്കുന്നു.
Comments are closed.