DCBOOKS
Malayalam News Literature Website

കലാപത്തിന്റെ നിറമെന്ത്?

സുധീര്‍ കക്കറിന്റെ ‘കലാപത്തിന്റെ നിറമെന്ത്?’ എന്ന പുസ്തകത്തിന് എസ് ഗിരീഷ്‌കുമാര്‍ എഴുതിയ വായനാനുഭവം

ഇന്ത്യന്‍ മനോവിശ്ലേഷകന്‍, നോവലിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തനാണ് സുധീര്‍ കക്കര്‍. സംസ്‌കാരം, മതം, നരവംശവിജ്ഞാനം എന്നീ രംഗങ്ങളെ മനോവിശ്ലേഷണത്തിനു വിധേയമാക്കുക വഴിയാണ് കക്കര്‍ ഈ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചത്. സിഗ്മണ്ട് ഫ്രോയ്ഡിന്റെ ‘അബോധം’ എന്ന സങ്കല്പനത്തില്‍ അധിഷ്ഠിതമായി വികസിച്ചു വന്നിട്ടുള്ളതാണ് അദ്ദേഹത്തിന്റെ സമീപനം. വിപുലമായ പരിഭാഷകള്‍ക്കു വിധേയമായിട്ടുള്ള ഇന്ത്യന്‍ എഴുത്തുകാരില്‍ പ്രമുഖനായ സുധീര്‍ കക്കറിന്റെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കൃതിയാണ് ‘കലാപത്തിന്റെ നിറങ്ങള്‍’.

മതപരമായ സംഘര്‍ഷമെന്ന് പൊതുവെ അറിയപ്പെടുന്നത് എന്താണെന്നുള്ള ഒരു മനോവിശ്ലേഷകന്റെ അന്വേഷണമാണ് ഈ പുസ്തകം. ദക്ഷിണേന്ത്യന്‍ നഗരമായ ഹൈദ്രബാദില്‍ 1990-ല്‍ നടന്ന ഹിന്ദു-മുസ്‌ലിം കലാപമാണ് പ്രശ്നപഠനത്തിനായി സ്വീകരിച്ചിട്ടുള്ളത്. മതവിശ്വാസ സംഘങ്ങളുടെ സംഘര്‍ഷത്തിന് അടിസ്ഥാനമാകുന്ന അനുഭവങ്ങളെ വിഷയാധിഷ്ഠിതമായി സമീപിക്കുകയും അതിലെ മനഃശാസ്ത്രപരമായ അനുഭവങ്ങള്‍ വേര്‍തിരിച്ചു പരിശോധിക്കുകയും ചെയ്യുന്നു. ഹിന്ദുക്കള്‍ അല്ലെങ്കില്‍ മുസ്‌ലിങ്ങള്‍ പരസ്പരം മാരകമായ ഏറ്റുമുട്ടലുകളിലേക്കു കടക്കാന്‍ പ്രേരിപ്പിക്കുന്ന മനഃശാസ്ത്രപരമായ അനുഭവതലങ്ങളാണ് സുധീര്‍ കക്കറിന്റെ പ്രധാന അന്വേഷണവിഷയം. ഹിന്ദു-മുസ്‌ലിം സംഘങ്ങളുടെ
പ്രവര്‍ത്തനസങ്കല്പം സംഘസ്വത്വവുമായി ബന്ധപ്പെടുന്നുവെന്ന നിഗമനമാണ് പ്രാഥമികമായി അദ്ദേഹം മുന്നോട്ടു വയ്ക്കുന്നത്. ഈ സംഘസ്വത്വം രൂപപ്പെടുന്നതാവട്ടെ വംശീയം/മതപരം/സാംസ്‌കാരികവുമായ ശേഖരത്തില്‍ അംഗമായ വ്യക്തിയുടെ ആത്മവുമായി ബന്ധപ്പെട്ടാവുകയും ഈ ആത്മത്തില്‍ വികാരങ്ങളും അഭിരുചികളും അന്തര്‍ഭവിക്കുകയും ചെയ്യുന്നതില്‍നിന്നാണ്. ഈ പ്രത്യേക ആത്മബിംബം സംഘത്തിന്റെ പുരാവൃത്തങ്ങള്‍, ചരിത്രം, ആശയങ്ങള്‍, മൂല്യങ്ങള്‍ എന്നിവയിലൂടെ തലമുറയില്‍നിന്ന് മറ്റൊരു തലമുറയിലേക്ക് Textസാംസ്‌കാരികചിഹ്നങ്ങളായി രൂപാന്തരണത്തിനു വിധേയമാകുന്നു. സംഘസ്വത്വം എന്നു പറയുന്നത് വ്യക്തിയുടെ ആത്മാനുഭവങ്ങളുടെ തുടര്‍ച്ചയാണ്. ഈ അനുഭവങ്ങളുടെ സാന്ദ്രീകരണം അതാതു കാലത്തിന്റെ ആകുലതകളുമായി ചേര്‍ന്നാണ് വ്യക്തിയില്‍ സംഭവിക്കുന്നത്. സംഘസ്വത്വത്തിന്റെ ആഴത്തിലുള്ള വൈകാരിക ഉരുകലിന്റെ നാമമാത്രമായ സ്വീകാരവും ഇതിലന്തര്‍ഭവിക്കുന്നു. സംഘതാത്പര്യങ്ങളിലുള്ള ഭീഷണികളും പീഡകളും സൂക്ഷ്മനിരീക്ഷണം ചെയ്യപ്പെടുകയും അതിന്റെ ‘ഉടമ’യെന്ന നിലയില്‍ ഉണരുന്ന പ്രതികരണം ശക്തമായി ഒരുവന്റെ ആത്മത്തിനു പരിക്കേല്പിക്കുകയും ചെയ്യുന്നു. ചരിത്രത്തിലെ ഒരു പ്രത്യേക കാലയളവില്‍ സാമൂഹിക-മനഃശാസ്ത്രപരമായ ശക്തികള്‍ ഇത്തരം പരിക്കുകള്‍ സൃഷ്ടിക്കുന്നതെങ്ങനെയെന്നു വിശദീകരിക്കാനാണ് സുധീര്‍ കക്കറിന്റെ ശ്രമം. ‘അവര്‍’ എന്നുപറയപ്പെടുന്ന ബാഹ്യസംഘങ്ങളെ സൃഷ്ടിക്കുന്ന ഫാന്റസികള്‍, സാമൂഹിക പ്രതിനിധാനങ്ങള്‍, സാന്മാര്‍ഗിക യുക്തികള്‍ എന്നിവയിലൊക്കെ അന്വേഷണം നടത്തുന്നു. അതോടൊപ്പം തീവയ്പ്, കൊള്ള, ബലാത്സംഗം, കൊല എന്നിവ ചെയ്യുന്നത് യുക്തിസഹമാക്കപ്പെടുന്നത് അപഗ്രഥിക്കുകയും ചെയ്യുന്നു.

ഒരു കലാപത്തിനു പിന്നിലെ വ്യക്തിപരവും സാമൂഹികവും ചരിത്രപരവുമായ പ്രകരണം വ്യക്തമാക്കുന്നതിലൂടെയാണ് തുടക്കം. ഹൈദ്രബാദ് നഗരത്തിന്റെ സാമൂഹികവും ചരിത്രപരവുമായ ഛായാപടം ചുരുക്കി അവതരിപ്പിച്ചുകൊണ്ട് ഹിന്ദു-മുസ്‌ലിം ബന്ധങ്ങളുടെ പ്രകരണവും ചരിത്ര തുടര്‍ച്ചയും അവതരിപ്പിക്കുന്നു. തുടര്‍ന്ന് 1947-ലെ വിഭജനത്തിനു തൊട്ടടുത്ത കാലത്തെ ഹിന്ദു-മുസ്‌ലിം കലാപത്തെക്കുറിച്ചുള്ള ഗ്രന്ഥകാരന്റെതന്നെ ഓര്‍മ്മകളുടെ സ്വഭാവം വിശകലനം ചെയ്തുകൊണ്ട് അതെങ്ങനെ തലമുറകളിലേക്കു കൈമാറുന്നുവെന്ന് പരിശോധിക്കുന്നു. പിന്നീട് കലാപത്തിലെ ‘ആക്ടിവിസ്റ്റു’കളിലേക്ക് വായനക്കാരന്റെ ശ്രദ്ധ ക്ഷണിക്കുന്നു. കലാപം തുടങ്ങുന്ന സമയത്ത് അക്രമത്തിലേക്കു തിരിച്ചു വിടുകയും സംഘാടനം നടത്തുകയും ചെയ്യുന്ന മല്ലന്മാരും ദാദാകളുമായ ‘ശക്തരായ മനുഷ്യര്‍’ ആണവര്‍. മതപരമായ അക്രമത്തെ അവരുടെ കണ്ണിലൂടെ നോക്കിക്കാണുകയും അവരുടെ മനഃശാസ്ത്രപരമായ രൂപപ്പെടലും പ്രൊഫഷണല്‍ സാമൂഹീകരണവും സാധ്യമാക്കുന്ന പൊതുവായ ചില ഉള്ളടക്കങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നു.

ലഹളയിലെ ഒരുകൂട്ടം ഇരകളെ അടുത്തുനിന്ന് നോക്കിക്കാണാനും സുധീര്‍ കക്കര്‍ തുടര്‍ന്നു ശ്രമിക്കുന്നു. ഷക്കര്‍ഗുഞ്ജിലെ ഒരു പഴയ നഗരപ്രദേശത്തെ ചെറിയ ഹിന്ദുവിഭാഗമായ പര്‍ദീസുകളെയാണ് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളത്. മതപരമായ കലാപത്തിന്റെ തുടര്‍ച്ചയായ ഇരകളാണവര്‍. പര്‍ദി കുടുംബത്തിലെ അംഗങ്ങളെ അഭിമുഖം നടത്തുന്നതിലൂടെ, കലാപത്തിന്റെ വ്യത്യസ്തമായ സ്ത്രീപുരുഷാനുഭവങ്ങളിലേക്കു വഴി തെളിയുകയും മുസ്‌ലിങ്ങളെക്കുറിച്ചുള്ള ഹിന്ദു ഇമേജ് നിര്‍മ്മിക്കപ്പെടുന്നതെങ്ങനെയെന്നും വ്യക്തമാകുന്നു. ഹിന്ദു-മുസ്‌ലിം കലാപത്തിലെ കുട്ടികളുടെ പ്രതിനിധാനവും ഇവിടെ പരിശോധിക്കപ്പെടുന്നു.

നഗരത്തിലെ ഒരു പഴയ പ്രദേശമായ കാര്‍വാനിലെ പാവപ്പെട്ട ഒരു മുസ്‌ലിം കുടുംബത്തിന്റെ കലാപത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും ഹിന്ദു-മുസ്‌ലിം ബന്ധങ്ങളുമാണ് പിന്നീടു വിശദീകരിക്കപ്പെടുന്നത്. ഇന്ത്യന്‍ മുസ്‌ലിങ്ങളായ വ്യത്യസ്ത ഇരകളുടെ പ്രതികരണങ്ങള്‍ വിശകലനം ചെയ്തുകൊണ്ട് കലാപത്തിന്റെ മൂല്യവിചാരം ഇവിടെ പരിശോധിക്കുന്നു. മൗലികവാദികളും നവോത്ഥാനകരുമായ സംഘസ്വത്വങ്ങളെ പ്രോത്സാഹിപ്പിച്ച ആധുനികവത്കരണത്തിന്റെയും ആഗോളവത്കരണത്തിന്റെയും സാമൂഹിക-സാംസ്‌കാരിക പ്രതികരണം തുടര്‍ന്ന് ചര്‍ച്ച ചെയ്യപ്പെടുന്നു. അത്തരം സ്വത്വം നിര്‍മ്മിച്ചെടുക്കുന്ന, ശ്രോതാക്കളുടെ വികാരങ്ങള്‍ ഇളക്കി മുതലെടുപ്പു നടത്തുന്ന ഒരു രാഷ്ട്രീയ പ്രസംഗകന്റെ സംഭാഷണം മനഃശാസ്ത്രപരമായി വിശകലനം ചെയ്യുന്നത് ഏറെ കൗതുകം സൃഷ്ടിക്കുന്നു.

സമുദായത്തിലെ ഏറ്റവും യാഥാസ്ഥിതികസംഭാഷകരായ മുല്ലാമാരിലേക്ക് അതു രൂപാന്തരീകരിച്ചെത്തുന്നത് എങ്ങനെയെന്ന് ഇവിടെ വിശകലനം ചെയ്യുന്നു. തുടര്‍ന്ന് മുസ്‌ലിം മൗലികവാദസ്വത്വം നിര്‍മ്മിക്കപ്പെടുന്നത് വിശദീകരിക്കുകയും ചെയ്യുന്നു. സാമൂഹികവും സാംസ്‌കാരികവുമായ പോര്‍ക്കളം വ്യത്യസ്ത സ്വത്വങ്ങള്‍ക്കുയര്‍ത്തുന്ന ഭീഷണികള്‍ ചുരുക്കി അവതരിപ്പിക്കുകയാണ് ഉപസംഹാരത്തില്‍. ഈ ഭീഷണികള്‍ ഉണ്ടാകുന്നത് നമ്മുടെതന്നെ സ്വത്വത്തിന്റെ മുന്‍പന്തിയിലുള്ള എന്നാല്‍ മറഞ്ഞിരിക്കുന്നതുമായ സംഘമുഖത്തില്‍നിന്നാകുന്നു. വ്യക്തിസ്വത്വത്തിന്റെ വികാസത്തിലേക്കു നയിക്കുന്ന ഈ മുഖത്തെ പിന്തുടര്‍ന്നെത്തുമ്പോള്‍ സാഹചര്യങ്ങളുടെ നിര്‍ബന്ധം കലാപത്തിന്റെ പ്രചണ്ഡതയെ അഴിച്ചു വിടുകയായിരുന്നെന്നു വ്യക്തമാകുന്നു. അതു സുഗമമാക്കുന്നതില്‍ മതം പ്രധാന പങ്കു വഹിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.

വായനക്കാരന്റെ ബൗദ്ധികവും മാനസികവുമായ സഹകരണം ഉറപ്പാക്കിക്കൊണ്ട് ഒരു ശാസ്ത്രവിഷയത്തില്‍ ആഖ്യാനം നിര്‍വഹിക്കുകയെന്നത് എളുപ്പമല്ല. ശാസ്ത്രീയമായ വിശദീകരണത്തില്‍പ്പോലും ഒരു ഫിക്ഷനെഴുത്തുകാരന്റെ കരവിരുത് ഈ കൃതിയില്‍കാണാം. സംഭവങ്ങള്‍, അനുഭവങ്ങള്‍ എന്നിവ വിവരിക്കുമ്പോള്‍ സുധീര്‍ കക്കര്‍ ഒരു നോവലിസ്റ്റായി മാറുന്നു. എന്നല്ല, വാദങ്ങള്‍ ഉറപ്പിക്കാന്‍ നോവല്‍, കവിത എന്നിവയില്‍നിന്ന് ഭാഗങ്ങള്‍ ഉദ്ധരിക്കുകയും ചെയ്യുന്നു. ഒരു ഫിക്ഷന്‍ വായിക്കുന്നതുപോലെ കലാപത്തിന്റെ നിറങ്ങള്‍ വായിക്കാന്‍ അദ്ദേഹത്തിന്റെ ഈ സമീപനം സഹായിക്കുന്നു.

നുണകളുടെയും കിംവദന്തികളുടെയും വര്‍ത്തമാനകാല ഇന്ത്യയില്‍ ജീവിക്കുന്ന ഒരാള്‍ സ്വയവും സമൂഹം, സംസ്‌കാരം, മതം എന്നിവയെയും ആഴത്തില്‍ മനസ്സിലാക്കണമെന്ന നിര്‍ബന്ധം സുധീര്‍ കക്കറിനുണ്ട്. ഈ ആത്മാര്‍ത്ഥതയാണ് ‘കലാപത്തിന്റെ നിറങ്ങള്‍’ എന്ന കൃതിയിലെന്നപോലെ സുധീര്‍ കക്കറിന്റെ എഴുത്തുകളെ വ്യത്യസ്തമാക്കുകയും നമ്മുടെ കാലത്തെ ശ്രദ്ധേയനായ പണ്ഡിതനായി അദ്ദേഹത്തെ ഉയര്‍ത്തുകയും ചെയ്യുന്നത്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.