DCBOOKS
Malayalam News Literature Website

കലാമണ്ഡലം ഹൈദരാലിയുടെ ചരമവാര്‍ഷികദിനം

ഭാവാത്മകമായ ആലാപനത്തിലൂടെ കഥകളി സംഗീതത്തെ ജനപ്രിയമാക്കിയ കലാകാരനായിരുന്നു കലാമണ്ഡലം ഹൈദരാലി. ജാതി-മതഭേദങ്ങള്‍ കൈവെടിഞ്ഞ് കഥകളി സംഗീതം പഠിച്ച അദ്ദേഹം ഒട്ടേറെ എതിര്‍പ്പുകള്‍ നേരിട്ടാണ് ഈ രംഗത്ത് തുടര്‍ന്നത്.

1946 സെപ്റ്റംബര്‍ അഞ്ചിന് തൃശ്ശൂര്‍ വടക്കാഞ്ചേരിയിലായിരുന്നു കലാമണ്ഡലം ഹൈദരാലിയുടെ ജനനം. കുട്ടിക്കാലം മുതല്‍ സംഗീതം ഇഷ്ടപ്പെട്ട ഹൈദരാലി പാട്ടുകാരന്‍ ബാപ്പൂട്ടിയെന്നായിരുന്നു അറിയപ്പെട്ടിരുന്നത്. കലാമണ്ഡലത്തിലെത്തിയതോടെ കഥകളിസംഗീതമാണ് തന്റെ തട്ടകമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. പതിനൊന്നാം വയസില്‍ അഞ്ചാം ക്ലാസ് വിദ്യാഭ്യാസത്തിനുശേഷം 1957 മുതല്‍ 1965 വരെ കലാമണ്ഡലത്തില്‍ കഥകളി സംഗീതവിദ്യാര്‍ത്ഥിയായി. നീലകണ്ഠന്‍ നമ്പീശന്‍, ശിവരാമന്‍ നായര്‍, കാവുങ്ങല്‍ മാധവപ്പണിക്കര്‍, കലാമണ്ഡലം ഗംഗാധരന്‍ എന്നിവരായിരുന്നു ഗുരുക്കന്മാര്‍. 1960-ലായിരുന്നു അരങ്ങേറ്റം. പിന്നീട് കളമശ്ശേരിയിലെ ഫാക്ടില്‍ കഥകളി അദ്ധ്യാപകനായി. കലാമണ്ഡലത്തില്‍ വിസിറ്റിംഗ് പ്രഫസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

എഴുത്തുകാരന്‍, ചിത്രകാരന്‍ എന്നീ നിലകളിലും അറിയപ്പെട്ട അദ്ദേഹം സ്വദേശത്തും വിദേശത്തുമായി നിരവധി പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ‘ഓര്‍ത്താല്‍ വിസ്മയം’ എന്ന പേരില്‍ ഓര്‍മ്മക്കുറിപ്പുകള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഥകളിസംഗീതവും കര്‍ണ്ണാടക സംഗീതവും താരതമ്യപ്പെടുത്തിയുള്ള ഗവേഷണത്തിന് കേന്ദ്ര മാനവശേഷിവിഭവ വകുപ്പിന്റെ ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്. 2006 ജനുവരി അഞ്ചിന് തൃശ്ശൂരില്‍ വെച്ചുണ്ടായ ഒരു കാറപകടത്തിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

Comments are closed.