കലാലയം സാംസ്‌കാരികോത്സവം തൃശൂരില്‍
കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന സാംസ്‌കാരികോത്സവം 2018 മെയ് 6,7,8,9 തീയതികളിലായി തൃശൂര്‍ ടൗണ്‍ഹാളില്‍ നടക്കും. മെയ് 6ന് രാവിലെ 9 മണിക്ക് നടക്കുന്ന പുസ്തകോത്സവത്തോടുകൂടി പരിപാടികള്‍ക്ക് തുടക്കമാകും. 3 മണിക്ക് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ സാംസ്‌കാരികോത്സവം ഉദ്ഘാടനം ചെയ്യും. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് ഡോ. വി.കെ. അബ്ദുല്‍ അസീസ് ചടങ്ങില്‍ മുഖ്യാതിഥിയാകും. കെ.പി. രാമനുണ്ണി മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് 4.30ന് 300 ആളുകള്‍ അണിനിരക്കുന്ന അറബനമുട്ടും കവിയരങ്ങും നടക്കും.
രണ്ടാം ദിനമായ മെയ് 7ന് 9 മണിക്ക് മാറ്റി നിര്‍ത്തപ്പെട്ടവര്‍ പങ്കുചോദിക്കുന്നു എന്ന വിഷയത്തിലൂന്നിയ പഠനശാല രാംപുരിയാനി ഉദ്ഘാടനം ചെയ്യും. സമൂഹം, സംസ്‌കാരം, രാഷ്ട്രീയം എന്നീ വിഷയങ്ങളില്‍ പ്രമുഖര്‍ സംവദിക്കും. വൈകുന്നേരം 5 മണിക്ക് കുട്ടികളുടെ കരാട്ടെ പ്രദര്‍ശനവും 7 മണിക്ക് മഹ്ഫൂസ് കമാലും സംഘവും അവതരിപ്പിക്കുന്ന ഗസലും നടക്കും.
മെയ് 8ന് കുട്ടികളുടെ പാട്ടും പറയലും, കലാലയം നേതൃസഭ, എഴുത്തിന്റെ രാഷ്ട്രീയം, കലാവട്ടം, വായനക്കാര്‍ പുസ്തകം വായിക്കുന്നു, ഫാഷിസ്റ്റ് കാലത്തെ ജനാധിപത്യജീവിതം, തെരുവിന്റെ പാട്ട് തുടങ്ങിയ പരിപാടികള്‍ അരങ്ങേറും. വൈകുന്നേരം 4 മണി മുതല്‍ പുസ്തക ചര്‍ച്ച നടക്കും. പി. സുരേന്ദ്രന്റെ സാമൂഹ്യപാഠം എന്ന പുസ്തകത്തിന്റെ ചര്‍ച്ചയില്‍ ഒ. അശോക് കുമാര്‍, മുഹമ്മദ് ഗസല്‍ റിയാസ്, കെ.പി. വഹാബ് തങ്ങള്‍ എന്നിവര്‍ പങ്കെടുക്കും. ഇടിമിന്നലുകളുടെ പ്രണയം എന്ന പി.കെ. പാറക്കടവിന്റെ പുസ്തക ചര്‍ച്ചയില്‍ എ.വി. ശ്രീകുമാര്‍, പി.എ. മുഹ്‌യിദ്ധീന്‍ സഖാഫി, പി.എം. സൈഫുദ്ദീന്‍ എന്നിവര്‍ പങ്കെടുക്കും.
തുടര്‍ന്ന് വീരാന്‍ കുട്ടിയുടെ നിശബ്ദതയുടെ റിപബ്ലിക്, ഫൈസല്‍ അഹ്‌സനി ഉളിയിലിന്റെ തളിരിലകള്‍ എന്നീ പുസ്തകങ്ങളുടെ ചര്‍ച്ചയും നടക്കും. എ.വി. ശ്രീകുമാര്‍, മൂസ ബുഖാരി ചേലക്കര, സജീര്‍ വാളൂര്‍ എന്നിവര്‍ നിശ്ശബ്ദതയുടെ റിപബ്ലിക് എന്ന പുസ്തകത്തിന്റെ ചര്‍ച്ചയിലും സി.പി. ശഫീഖ് ബുഖാരി, ഹകീം സഖാഫി അരിയില്‍, കെ.ബി. മുഹമ്മദ് ബഷീര്‍ എന്നിവര്‍ തളിരിലകള്‍ പുസ്തകത്തിന്റെ ചര്‍ച്ചയിലും പങ്കെടുക്കും. അവസാന ദിവസമായ മെയ് 9ന് ഫാഷിസത്തിനെതിരെ ചിത്രരചന, അറിവിന്റെ രാഷ്ട്രീയം, നൈതികത, പോരാളികളുടെ ഒത്തുചേരല്‍ തുടങ്ങിയ പരിപാടികളും നടക്കും. വൈകിട്ട് 4 മണിക്ക് സമാപന സമ്മേളനത്തോടെ സാംസ്‌കാരികോത്സവം അവസാനിക്കും.
Comments are closed.