കാക്കനാടന് സുഹൃത്തുക്കളുടെ സ്നേഹവീട്
”വീടോ പറമ്പോ കിട്ടുമെന്നു കരുതിയല്ല ഞാന്‍ കഥയെഴുതിത്തുടങ്ങിയത്. വാടകവീട്ടില്‍ താമസിക്കുന്നതു പോരായ്മയാണെന്ന തോന്നലും എനിക്കില്ല. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച സുഹൃത്തുക്കളുടെ സ്‌നേഹത്തിനു മുന്നില്‍ എനിക്ക് വാക്കുകളില്ല. ഞാന്‍ തലകുനിക്കുന്നു.” നിറഞ്ഞ കണ്ണുകളോടെയാണ് കാക്കനാടന്‍ ഇത്രയും പറഞ്ഞൊപ്പിച്ചത്.
(‘കാലത്തിന്റെ നാൾവഴി’യിൽ നിന്നും)
നവംബർ 12, 1995
പ്രശസ്ത നോവലിസ്റ്റ് കാക്കനാടനു നാട്ടുകാരുടെവക വീട് യാഥാര്‍ത്ഥ്യമാകുന്നു. അദ്ദേഹത്തിന്റെ ഷഷ്ടിപൂര്‍ത്തിയാഘോഷക്കമ്മിറ്റിയാണ്, നാല്പതു വര്‍ഷമായി വാടകവീട്ടില്‍ താമസിച്ചു നോവലും കഥയും രചിച്ചുവരുന്ന, കാക്കനാടനു സ്വന്തമായി ഒരു വീടു നല്‍കണമെന്ന തീരുമാനമെടുത്തത്. കൊല്ലത്തെ പ്രമുഖ വ്യവസായിയും ഒപ്പം സാംസ്‌കാരികനായകനുമായ കെ. രവീന്ദ്രനാഥന്‍നായര്‍ പ്രസിഡന്റും വൈക്കം ചന്ദ്രശേഖരന്‍നായര്‍ സെക്രട്ടറിയുമായുള്ള കേന്ദ്രകമ്മിറ്റിക്കു പുറമെ ചില ജില്ലാ തലസ്ഥാനങ്ങളിലും കമ്മിറ്റി രൂപീകരിച്ചിരുന്നു. കോട്ടയത്തെ ജില്ലാക്കമ്മിറ്റിയില്‍ അന്നു കളക്ടറായിരുന്ന ഷീലാതോമസ് ഉള്‍പ്പെടെ പല പ്രമുഖ വ്യക്തികളും പങ്കുകൊണ്ടു. ഞാന്‍ പ്രസിഡന്റും കഥാകൃത്തായ ബാബു കുഴിമറ്റം കണ്‍വീനറുമായി പ്രവര്‍ത്തിച്ചു. ഒരു ലക്ഷം രൂപയ്ക്കുമേല്‍ വരുന്ന തുക ഞങ്ങള്‍ക്കു സമാഹരിക്കാന്‍ കഴിഞ്ഞു.
ഈ തുക കേന്ദ്രകമ്മിറ്റിക്കു കൈമാറുന്ന ചടങ്ങ് ഒക്‌ടോബര്‍ 10-ന് ബസേലിയോസ് കോളേജ് ആഡിറ്റോറിയത്തില്‍ നടന്നു. മലയാള മനോരമ ചീഫ് എഡിറ്റര്‍ കെ.എം. മാത്യു ഒരു ലക്ഷം രൂപയുടെ ഡ്രാഫ്റ്റ് രവീന്ദ്രനാഥന്‍നായര്‍ക്കു കൈമാറി. ഞങ്ങളുടെ പ്രത്യേക ക്ഷണപ്രകാരം കാക്കനാടനും യോഗത്തില്‍ പങ്കെടുത്തു. പൊന്‍കുന്നം വര്‍ക്കി, കാക്കനാടനെ പൊന്നാട നല്‍കി ആദരിച്ചു. കെ. രവീന്ദ്രനാഥന്‍നായര്‍ വീടുകൈമാറ്റ പ്രഖ്യാപനം നടത്തി. അതനുസരിച്ച് ഒക്‌ടോബര്‍ 30-നു 10 സെന്റ് സ്ഥലവും പുതിയൊരു വീടും കാക്കനാടനു നല്‍കുന്നതാണ്. മുന്‍ ജില്ലാ കളക്ടര്‍ ഷീലാ തോമസും വൈക്കം ചന്ദ്രശേഖരന്‍നായരും മുന്‍ ജില്ലാ പോലീസ് സൂപ്രണ്ട് കെ.ടി.മൈക്കിളും പ്രിന്‍സിപ്പല്‍ ഡോ. അലക്‌സാണ്ടര്‍ കാരയ്ക്കലും പ്രസംഗിച്ചു. ഞാനാണ് അധ്യക്ഷത വഹിച്ചത്. ബാബു കുഴിമറ്റം സ്വാഗതം പറഞ്ഞു. എന്‍. രാജേഷ്‌കുമാര്‍ നന്ദിയും.
”വീടോ പറമ്പോ കിട്ടുമെന്നു കരുതിയല്ല ഞാന്‍ കഥയെഴുതിത്തുടങ്ങിയത്. വാടകവീട്ടില്‍ താമസിക്കുന്നതു പോരായ്മയാണെന്ന തോന്നലും എനിക്കില്ല. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച സുഹൃത്തുക്കളുടെ സ്‌നേഹത്തിനു മുന്നില്‍ എനിക്ക് വാക്കുകളില്ല. ഞാന്‍ തലകുനിക്കുന്നു.” നിറഞ്ഞ കണ്ണുകളോടെയാണ് കാക്കനാടന്‍ ഇത്രയും പറഞ്ഞൊപ്പിച്ചത്. മനുഷ്യര്‍ക്ക് വിലതീരാത്ത സംഭാവന നല്‍കിയ വലിയ കലാകാരനാണ് കാക്കനാടനെന്ന് പൊന്‍കുന്നം വര്‍ക്കി അഭിപ്രായപ്പെട്ടു. ഒരു കലാകാരനെ ആദരിക്കുന്നത്, അയാള്‍ ജീവിച്ചിരിക്കുമ്പോള്‍തന്നെയാവണമെന്നും അദ്ദേഹം പറഞ്ഞു. മരിച്ചതിനുശേഷം വല്ലതും ചെയ്തതുകൊണ്ട്, കലാകാരനോ സാഹിത്യകാരനോ ഒരു ഗുണവുമില്ല. എഴുത്തുകാര്‍ ജീവിക്കുന്നത്, വായനക്കാരുടെ മഹാമനസ്‌കതകൊണ്ടാണ്. പണ്ട് ദാരിദ്ര്യംകൂടാതെ കഴിയാന്‍ എഴുത്തുകാര്‍ക്കു കഴിഞ്ഞിരുന്നില്ല. കേശവദേവുപോലും ദാരിദ്ര്യത്തിന്റെ കാര്യത്തില്‍ കുബേരനായിരുന്നു. ഇന്നും പ്രസാധകന്മാര്‍ എഴുത്തുകാരെ ചൂഷണം ചെയ്യുന്നുണ്ട്; പക്ഷേ, പണ്ടത്തെപ്പോലെ വ്യാപകമല്ലെന്നുമാത്രം. വര്‍ക്കി തുടര്‍ന്നു പറഞ്ഞു.
ഡിസംബർ 3, 1995
കാക്കനാടന്‍ ഇരവിപുരത്തേക്ക് താമസം മാറുന്നത് ഒമ്പതാം തീയതിയാണ്. അതിനുമുമ്പ് തേവള്ളിയില്‍ അദ്ദേഹം താമസിച്ചിരുന്ന വീട് കണ്ടുകളയാമെന്നുവച്ചു. കായലിന്റെ മനോഹാരിതയെപ്പറ്റി കഥാകാരന്‍ കൂടക്കൂടെ പറയാറുണ്ടുതാനും. പുതിയ മാറ്റം, കായലിനു പകരം കടലിന്റെ അടുത്തേക്കാണ്. തേവള്ളിയിലെ വീട്ടില്‍നിന്ന് രാവിലെ നടക്കാന്‍പോകുന്നവഴി കൃഷ്ണപിള്ളയുടെ കടയില്‍നിന്ന് മൂന്നുകപ്പ് ചായ കുടിക്കുമെന്ന് ഇന്നലെ മാതൃഭൂമിയുമായുള്ള ഒരഭിമുഖത്തില്‍ കാക്കനാടന്‍ പറഞ്ഞിട്ടുണ്ട്. ഇത് ഓര്‍മ്മവച്ചുകൊണ്ട്, നിജസ്ഥിതി അറിയാന്‍ ഞാന്‍തന്നെ കൃഷ്ണപിള്ളയുമായി ഒരഭിമുഖം നടത്തി. ”മൂന്നെന്നു പറയും; പലപ്പോഴും അഞ്ചുകപ്പാണ് കുടിക്കുക.” കൃഷ്ണപിള്ള സത്യം വെളിപ്പെടുത്തി.
അഞ്ചുമണിക്കാണ് വീടിന്റെ താക്കോല്‍ദാനത്തിനുള്ള യോഗം നിശ്ചയിച്ചിരുന്നത്. മുഖ്യമന്ത്രിയാണ് പ്രമാണസമര്‍പ്പണം നടത്തിയത്. അദ്ദേഹം സമയത്ത് വന്നു. മീറ്റിങ് ഉടനെ തുടങ്ങുകയും ചെയ്തു. മുഖ്യമന്ത്രി ആന്റണിയുടെ പ്രസംഗത്തില്‍, വീട് എന്നത് എല്ലാ മനുഷ്യരുടെയും ആഗ്രഹമാണെന്നു പറഞ്ഞു. മുമ്പൊക്കെ വീട് സംഭാവന ലഭിക്കുക രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും തൊഴിലാളിനേതാക്കള്‍ക്കും മറ്റുമാണ്. സാഹിത്യകാരന് വീട് സംഭാവന നല്‍കുന്ന സംഭവം ആദ്യമായിരിക്കും (എന്‍.പി. മുഹമ്മദ് പറഞ്ഞത് ലോകത്തില്‍ ആദ്യമാണെന്നത്രെ). പത്രത്തില്‍ കാക്കനാടന് വീടിന് സംഭാവന നല്‍കണമെന്ന അഭ്യര്‍ത്ഥന കണ്ട ദിവസംതന്നെ താന്‍ ഡല്‍ഹിയില്‍ നിന്ന് 250 ക. അയച്ചു എന്നും ആന്റണി പറഞ്ഞു (അതാണ് ആദ്യം ലഭിച്ച സംഭാവന എന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു). കാക്കനാടനെയും അമ്മയെയും കാണാന്‍വേണ്ടി താനൊരിക്കല്‍ അവരുടെ വീട്ടില്‍ പോയ കഥയും മുഖ്യമന്ത്രി ഓര്‍മ്മിച്ചു. കാക്കനാടന്റെ കഥകളും ലേഖനങ്ങളും താന്‍ വായിക്കാറുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു. ഒരു കാര്യത്തില്‍ മാത്രമാണ് എനിക്ക് അഭിപ്രായവ്യത്യാസമുള്ളത്. കാക്കനാടന്റെ സ്വഭാവത്തില്‍ ഒരു മാറ്റം വരുത്തണം (എന്താണ് സംഗതിയെന്ന് ജനങ്ങള്‍ക്ക് മനസ്സിലായി. അവര്‍ ചിരിച്ചു).
കാക്കനാടന്‍ ഫണ്ട് കമ്മിറ്റിയുടെ ചെയര്‍മാനായ കെ. രവീന്ദ്രനാഥന്‍ നായരാണ് അദ്ധ്യക്ഷത വഹിച്ചത്. പുതിയ വീടിന്റെ താക്കോല്‍ദാനവും അദ്ദേഹം നിര്‍വ്വഹിച്ചു. മന്ത്രി കടവൂര്‍ ശിവദാസനും പി.കെ. വാസുദേവന്‍നായരും ബേബി ജോണും മുനി. ചെയര്‍മാന്‍ തങ്കപ്പനും എം.എല്‍.എ. യൂനുസ് കുഞ്ഞും ആര്‍.കെ.നാരായണപിള്ളയും പ്രസംഗിച്ചു. പിന്നെ ഞാനും. അതു കഴിഞ്ഞ് എനിക്ക് മടങ്ങേണ്ടിവന്നു. വൈക്കം ചന്ദ്രശേഖരന്‍നായര്‍ സ്വാഗതം പറഞ്ഞു. പാവുമ്പാ പി.പത്മനാഭന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഏറ്റവും കൂടുതല്‍ തുക നല്‍കിയത് കോട്ടയം കമ്മിറ്റിയാണ്. ഒരു ലക്ഷം രൂപ. പത്തനംതിട്ട 40,000 ക. പിരിച്ചു. കൊല്ലത്തെ കേന്ദ്രകമ്മിറ്റിയുടെ പിരിവും നന്നായില്ല. വീടിനുവേണ്ടിവന്ന ബാക്കി തുക പ്രസിഡന്റ് സംഭാവനയായി നല്‍കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്. അതുമാത്രം ഒന്നരലക്ഷം ക.യാണ്.
ഡിസംബർ 10, 1995
കാക്കനാടന് സൃഹൃത്തുക്കള്‍ സമ്മാനിച്ച വീട്ടിലേക്ക് അദ്ദേഹം താമസം മാറ്റിയിരിക്കുന്നു. ഒമ്പതാം തീയതി വ്യാഴാഴ്ച 11-നും 11.30-നും ഇടയ്ക്കുള്ള മകരം രാശിയിലായിരുന്നു ഗൃഹപ്രവേശമെന്നും പത്രത്തില്‍ കണ്ടു. കാക്കനാടന്‍ ഈ രാശിയുടെ കാര്യം അറിഞ്ഞിട്ടുണ്ടോ എന്നറിയില്ല. ഇതു കണ്ടപ്പോള്‍ എന്റെ വീടിന്റെ കഥ ഓര്‍ത്തുപോയി. 1963 ഒക്‌ടോബറില്‍ ദേവലോകത്ത് ഇപ്പോള്‍ താമസിക്കുന്ന വീടിന്റെ പണി തീര്‍ന്നു.
പക്ഷേ, ഗൃഹപ്രവേശത്തിനു മുഹൂര്‍ത്തം കുറിച്ചത് ഞാന്‍തന്നെയാണ്. സമയത്തിനല്ല, തീയതിക്ക്. ’64 ജനുവരി ഒന്ന്. അന്ന് എനിക്ക് ആഫീസില്‍നിന്നിറങ്ങാന്‍ കഴിഞ്ഞത് നാലരയ്ക്കായിരുന്നു. അതു ‘മുഹൂര്‍ത്ത’വുമായി. രാശിയും രാഹുവും ഒന്നും നോക്കിയില്ലെന്നു മാത്രം.
കാക്കനാടന്റെ അഞ്ചുഗ്ലാസ് ചായയുടെ കാര്യം കഴിഞ്ഞ ലേഖനത്തില്‍ പറഞ്ഞിരുന്നു. അതെഴുതിയ ദിവസം രാവിലെതന്നെ എനിക്ക് ഒരു സ്‌കാനിങ്ങിനു വിധേയനാകേണ്ടിവന്നു. പത്തിരുപത് മിനിറ്റ് പ്രയോഗം കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ ഒരു കുപ്പിയും ഗ്ലാസും കൂടി നീട്ടിയിട്ട് പറഞ്ഞു: ”ഇനി അഞ്ചുഗ്ലാസ് വെള്ളം കുടിക്കണം. അതു കഴിഞ്ഞ് 45 മിനിറ്റിനു ശേഷം തുടരാം.” കാക്കനാടന്റെ ചായ ഓര്‍മ്മിച്ചുകൊണ്ട് ഞാനത് അഞ്ചുമിനിറ്റില്‍ തീര്‍ത്തു.
ഏപ്രിൽ 9, 1995
കാക്കനാടന്റെ ഷഷ്ടിപൂര്‍ത്തിയാഘോഷത്തിനുവേണ്ടി കോട്ടയത്ത് ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. അതിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജസ്വലമായി നീങ്ങുന്നു. കൊല്ലത്ത് രൂപീകരിച്ചിട്ടുള്ള സംസ്ഥാന കമ്മിറ്റിയെ രണ്ടുലക്ഷം രൂപ ഏല്പിക്കുകയാണ് ലക്ഷ്യം. പിന്നെ കാക്കനാടന് സ്വീകരണവും മറ്റും. അഞ്ചാം തീയതി എം.പി.പോള്‍ സ്മാരക ഹാളില്‍ ജില്ലാ കളക്ടര്‍ ഷീലാതോമസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍വച്ച് ഫണ്ടുപിരിവ് ഉദ്ഘാടനം ചെയ്തു. വ്യവസായിയായ തോമസ് കോശിയില്‍നിന്ന് 10001 ക.യുടെ ചെക്കു സ്വീകരിച്ചുകൊണ്ട് ഏബ്രഹാം ഈപ്പന്‍ പാലാമ്പടമാണ് ഉദ്ഘാടനം ചെയ്തത്. ബാലചന്ദ്രന്‍ ചുള്ളിക്കാടും പാലാ കെ.എം.മാത്യു എം.പി. യും കുമരകം ശങ്കുണ്ണിമേനോനും അഭയദേവ്, മാടവന ബാലകൃഷ്ണപിള്ള, കെ.ടി. മൈക്കിള്‍, ബാബു കുഴിമറ്റം, തേക്കിന്‍കാട് ജോസഫ് എന്നിവരും പ്രസംഗിച്ചു. സ്‌നേഹത്തിന്റെ വഴിക്കണ്ണുമായി, ഹൃദയത്തിന്റെയും വാടകവീടിന്റെയും വാതിലുകള്‍ തുറന്നുവച്ചിരിക്കുന്ന കഥാകാരനാണ് കാക്കനാടനെന്ന് പ്രശസ്ത കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞു.
ഏപ്രിൽ 23, 1995
ഇന്നത്തെ കാര്യമാണിനി പറയാനുള്ളത്. കൊല്ലത്ത് കാക്കനാടന്റെ ഷഷ്ടിപൂര്‍ത്തി ആഘോഷത്തില്‍ സംബന്ധിച്ചിട്ട് രാത്രിയിലാണ് തിരിച്ചെത്തിയത്. അതും മുഴുവന്‍ തീരുംവരെ ഇരുന്നില്ല. (ഈയിടെ പലരും ‘ഷഷ്ഠി’പൂര്‍ത്തിയാണാഘോഷിക്കുന്നത്. പണ്ടൊക്കെ അത് ഷഷ്ടിപൂര്‍ത്തിയായിരുന്നു. ഷഷ്ഠിപൂര്‍ത്തിയാഘോഷിക്കുക ആറുവയസ്സു തികയുമ്പോളല്ലേ. ഷഷ്ടിപൂര്‍ത്തി അറുപതിനും. ബാക്കികാര്യം ഭാഷാപണ്ഡിതന്മാര്‍ക്കു വിടുന്നു.) ഒരു ദിവസം മുഴുവന്‍ നീണ്ടുനിന്ന പരിപാടി. രാവിലെ സെമിനാര്‍. വിഷയം ‘മലയാള ചെറുകഥ ഇന്ന്’. അവതരിപ്പിച്ചത് ബി. രാജീവന്‍. അദ്ധ്യക്ഷന്‍ എന്‍.പി.മുഹമ്മദും. വൈകിട്ട് സ്വീകരണയോഗം. അദ്ധ്യക്ഷന്‍ കെ. രവീന്ദ്രനാഥന്‍നായര്‍. ആദ്യ ഇനം ഹാരാര്‍പ്പണം. എന്നു പറഞ്ഞാല്‍ ഹാരം മാത്രമല്ല, ഷാളും നേര്യതും വിളക്കുമെല്ലാം. സുകുമാര്‍ അഴീക്കോട് നല്കിയത് ഒരു സ്വിസ്സ് വാച്ചും പേനയുമായിരുന്നു. കൊല്ലം പബ്ലിക് ലൈബ്രറി ആഡിറ്റോറിയം. എല്ലാത്തരത്തിലും നല്ല യോഗം. പക്ഷേ, സമയം മാത്രം തെറ്റിക്കും. നാലുമണി എന്നു പറഞ്ഞാല്‍ നാലേമുക്കാല്‍വരെയാകാം. മുമ്പു ഞാന്‍ സംബന്ധിച്ച ഒരു യോഗം ഒന്നരമണിക്കൂറിലധികം താമസിച്ചായിരുന്നു തുടങ്ങിയത്. ഡോ. സുകുമാര്‍ അഴീക്കോടാണ് യോഗത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. തുടര്‍ന്ന് കാക്കനാടന്റെ പുതിയ നോവലായ ‘മഴനിഴല്‍ പ്രദേശ’ത്തിന്റെ പ്രകാശനം പ്രൊഫ. തിരുനെല്ലൂര്‍ കരുണാകരന്‍ നിര്‍വ്വഹിച്ചു. കോറസ് ബുക്‌സ് പ്രസിദ്ധീകരണം. ആദ്യപ്രതി സ്വീകരിച്ചത് ഞാനാണ്. തുടര്‍ന്ന് മന്ത്രി കടവൂര്‍ ശിവദാസനും മുന്‍മുഖ്യമന്ത്രി പി.കെ. വാസുദേവന്‍നായരും പ്രസംഗിച്ചു.
ഞാന്‍ മൂന്നു മിനിറ്റാണ് പ്രസംഗിച്ചത്. അതിലെ രണ്ടുകാര്യങ്ങള്‍ ഇവിടെ പറയാം: ”അഴീക്കോട് സമ്മാനിച്ചത് വാച്ചും പേനയുമാണ്. വാച്ച് ചിട്ടയുടെ പ്രതീകമാണ്. അതുകൊണ്ട് കാക്കനാടന്‍ ഇനി ചിട്ടയോടുകൂടി എഴുതുക. പൊന്‍പേന ഉപയോഗിച്ച് ഉഷ്ണമേഖലപോലെയോ അതിലും മികച്ചതോ ആയ സാഹിത്യസംഭാവനകള്‍ നല്കാന്‍ കാക്കനാടനു കഴിയണം. 60 ഒരു പ്രായമല്ല. 85 വരെയെങ്കിലും എഴുതാനാവണം.”
പിന്നെ ഒരു പ്രത്യേക സംഗതികൂടി ഞാന്‍ ഓര്‍മ്മിപ്പിച്ചു:
”അഴീക്കോടിന്റെ പ്രസംഗത്തില്‍ കാക്കനാടന് ഭാര്യയുണ്ട് വീടില്ല എന്നു പറഞ്ഞു. വീടുണ്ടാക്കി കൊടുക്കാനാണ് രവി അദ്ധ്യക്ഷനും വൈക്കം സെക്രട്ടറിയുമായി രൂപീകരിച്ചിട്ടുള്ള കമ്മിറ്റിയുടെ ശ്രമം. മറ്റു ചിലര്‍ക്ക് വീടുണ്ട്, ഭാര്യയില്ല. അക്കാര്യംകൂടി ഇതേ കമ്മിറ്റി ഗൗരവമായി ചിന്തിക്കണം.”
മാര്‍ച്ച് 19, 1995
വെള്ളിയാഴ്ച പത്തനംതിട്ടയില്‍ പോയത് കാക്കനാടന്‍ ഷഷ്ട്യബ്ദ പൂര്‍ത്തിയാഘോഷക്കമ്മിറ്റിയുടെ ജില്ലാതലയോഗത്തില്‍ സംബന്ധി ക്കാനാണ്. സി. ജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍, വൈക്കം ചന്ദ്രശേഖരന്‍നായര്‍ ജില്ലാക്കമ്മിറ്റിയുടെ ആഫീസ് ഉദ്ഘാടനം ചെയ്തു. ഫണ്ടുപിരിവിന്റെ ഉദ്ഘാടനം ജീവന്‍- കോഴഞ്ചേരിയില്‍നിന്ന് ആദ്യസംഭാവന സ്വീകരിച്ചുകൊണ്ട് ഞാനും നിര്‍വ്വഹിച്ചു. ജില്ലയില്‍നിന്ന് ഒരു ലക്ഷം ക. പിരിച്ച് കെ. രവീന്ദ്രനാഥന്‍നായര്‍ അദ്ധ്യക്ഷനായി കൊല്ലത്തു പ്രവര്‍ത്തിക്കുന്ന സംസ്ഥാന കമ്മിറ്റിയുടെ പത്തു ലക്ഷം രൂപാ ഫണ്ടിലേക്കു നല്കുമെന്ന് ജോര്‍ജ് പ്രസ്താവിച്ചു. അത് ഏപ്രില്‍ 18 നായിരിക്കുമെന്നുംകൂടി അദ്ദേഹം പറഞ്ഞു. അന്ന് കാക്കനാടന്റെ ഷഷ്ട്യബ്ദപൂര്‍ത്തിയാഘോഷവും വിപുലമായ തോതില്‍ പത്തനംതിട്ടയില്‍ നടത്തും.
Comments are closed.