പുതിയ ഉദ്യമങ്ങളും സാഹസികയാത്രകളും ജീവിതത്തിനു നല്‍കുന്ന ഊര്‍ജ്ജം സവിശേഷമാണ്: ദിവ്യ എസ് അയ്യര്‍ എഴുതുന്നു
‘കൈയൊപ്പിട്ട വഴികള്‍’ എന്ന ഏറ്റവും പുതിയ പുസ്തകത്തിന് ദിവ്യ എസ് അയ്യർ എഴുതിയ ആമുഖത്തില്‍ നിന്നും ഒരു ഭാഗം
പുതിയ ഉദ്യമങ്ങളും സാഹസികയാത്രകളും ജീവിതത്തിനു നല്‍കുന്ന ഊര്‍ജ്ജം സവിശേഷമാണ്. ഐ.എ.എസ് എന്ന അതിവിശാലമായ ഈ സേവനരംഗത്തേക്ക് പ്രവേശിക്കുവാന്‍ എനിക്ക് പ്രചോദനമായതും അതുതന്നെയാണ്. കുട്ടികളുമായി സംവദിക്കുമ്പോള്‍ പലപ്പോഴും ഉയര്‍ന്നുവരുന്ന ചോദ്യം ‘ഒരു ഡോക്ടറായി സേവനമനുഷ്ഠിച്ചിരുന്ന താങ്കള്‍ എന്തിനാണ് ഐ.എ.എസ് രംഗത്തേക്ക് കടന്നുവന്നത്?’ എന്നതാണ്. എന്റെ കര്‍മ്മമണ്ഡലം കുറേക്കൂടി വികസിപ്പിക്കുകയും വിവിധങ്ങളായ വഴികളിലൂടെ ദിനംപ്രതി സഞ്ചരിച്ച് പൊതുജനസേവനത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ആ തീരുമാനം കൈക്കൊണ്ടത്. മികവുറ്റ പരിശീലന കാലയളവ് ഉള്‍പ്പെടെയുള്ള ഇക്കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ ആ ലക്ഷ്യത്തെ അന്വര്‍ത്ഥമാക്കുന്നതാണ്.
കണ്ണഞ്ചിപ്പിക്കുന്ന വൃക്ഷലതാദികള്‍ക്കിടയില്‍ പാറിപ്പറക്കുന്ന പൂമ്പാറ്റകളെ ചുംബിച്ചുകൊണ്ട് വരുന്ന തെന്നലേറ്റ് കോന്നിയിലെ ഔഷധസസ്യ ഉദ്യാനത്തിന്റെ പായല്‍ പുതച്ച പടിക്കെട്ടില്‍ ഇരുന്നുകൊണ്ട് മഷിപ്പേനയാല്‍ ഈ ആമുഖക്കുറിപ്പ് എഴുതിക്കൊണ്ടിരിക്കുന്ന ഈ നിമിഷം വരെ സിവില്‍ സര്‍വ്വീസിലെ ഒരു ദിവസം പോലും അതുവരെ ഭവിച്ചിട്ടുള്ള മറ്റൊരു ദിവസത്തെപ്പോലെ ആയിരുന്നിട്ടില്ല. പ്രശ്നങ്ങളും പ്രതീക്ഷകളും നിവേദനങ്ങളും നിയമങ്ങളും ദുരന്തങ്ങളും ദൗത്യങ്ങളും അസുഖവും ആശ്വാസവുമെല്ലാം നിറച്ചാര്‍ത്തണിയുന്ന ജീവിതഗന്ധിയായ അനുഭവ?കഥകള്‍, അവ?യുടെ ധീരോദാത്തരായ വക്താക്കള്‍ കഥാപാത്രങ്ങളായി എന്റെ മുന്നിലൂടെ കടന്നുപോകുമ്പോള്‍ മൂകസാക്ഷിയല്ല ഞാന്‍, പരസ്പരം കൈപിടിച്ചു ജീവിതവഴിയുടെ ഒരു ഭാഗം കൈമാറുന്ന സഹയാത്രികയാണ് ഞാന്‍.
ഇടവപ്പാതിയും തുലാവര്‍ഷവും കോര്‍ത്തിണങ്ങി 2021 ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ തോരാതെ ചൊരിഞ്ഞ മഴ ഏറ്റവും സമൃദ്ധമായി ലഭിച്ചത് പത്തനംതിട്ട ജില്ലയ്ക്കായിരുന്നു. ഈ കാലയളവില്‍ ലഭിക്കേണ്ടിയിരുന്ന മഴയുടെ തോതിനേക്കാള്‍ ഏകദേശം 200% അധിക മഴ ലഭിച്ചതിനോടൊപ്പം ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മേഘവിസ്ഫോടനം, വെള്ളപ്പൊക്കം, മിന്നല്‍ പ്രളയം തുടങ്ങി അനവധി അനുബന്ധ ദുരന്തങ്ങളുമുണ്ടായി. വനത്തിനുള്ളില്‍നിന്നും കുത്തൊഴുക്കില്‍ ഒരാന ചെരിഞ്ഞു നദിയിലേക്ക് ഒഴുകി വന്ന ദൃശ്യം മുതല്‍ ഭൂമിയെ കാര്‍ന്നു തിന്നുകൊണ്ട് വ്യഗ്രതയോടെ നദി ഗതിമാറി ഒഴുകുന്നതുവരെ കാണേണ്ടി വന്ന സമയം. റോഡുകളും പാലങ്ങളും വീടുകളും ഭിത്തികളും കരകളും കിണറുകളും കെട്ടിടങ്ങളും എല്ലാം തകര്‍ന്നടിയുന്ന ഭീതിയുണര്‍ത്തുന്ന സാഹചര്യം പല ഘട്ടങ്ങളായി ഈ രണ്ടുമാസങ്ങള്‍ക്കുള്ളില്‍ ജില്ലയില്‍ സംജാതമായിരുന്നു എങ്കിലും ഏവരുടെയും സജീവമായ സഹകരണത്തോടെ ആളപായമില്ലാതെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുവാനും കൃത്യമായ ഡാം മാനേജ്മെന്റിലൂടെ ജനങ്ങള്‍ക്കു?ണ്ടാവുന്ന അസൗകര്യവും ആഘാതവും കുറയ്ക്കുവാനും കഴിഞ്ഞു. ഊണും ഉറക്കവും മറന്ന് ദിനരാത്രങ്ങള്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ എനിക്ക് പ്രചോദനവും ഊര്‍ജ്ജവും ഏകിയത് പത്തനംതിട്ടയിലെ ജനങ്ങളാണ്.
ഓരോ തവണയും ശക്തമായ മഴ പെയ്യുമ്പോള്‍ പുറംലോകവുമായി ബന്ധം വിച്ഛേദിക്കപ്പെട്ടു പോകുന്ന പട്ടികവര്‍ഗ്ഗക്കാര്‍ വസിക്കുന്ന കുറുമ്പന്‍മൊഴി കോസ് വേ ഇത്തവണയും നിരവധി പ്രാവശ്യം ആക്രോശത്തോടെ ഒഴുകുന്ന നദിയില്‍ മറഞ്ഞു. വനത്തിലൂടെ പുറത്തേക്ക് വരുവാനും അത്യാവശ്യം സാധനങ്ങള്‍ എത്തിക്കുവാനും ഒരു താത്കാലിക പാത സൃഷ്ടിച്ചിരുന്നുവെങ്കിലും കുറുമ്പന്‍മൊഴിയുടെ ഉള്‍പ്രദേശങ്ങളില്‍ വനത്തില്‍ രണ്ട് ഉരുള്‍പൊട്ടല്‍ ഉണ്ടായ രാത്രി ഞാന്‍ ഓര്‍ക്കുന്നു. രണ്ടു തോടുകള്‍ കൂടിയൊലിക്കുന്ന സന്ധിയില്‍ താമസിക്കുന്ന അഞ്ചു കുടുംബങ്ങള്‍ ആ ഉരുള്‍പൊട്ടലില്‍ തോടിനു കുറുകേ നിര്‍മ്മിച്ചിരുന്ന കോണ്‍ക്രീറ്റ് നടപ്പാലം അപ്പാടെ തകര്‍ന്നു വീഴുന്നത് കണ്ട് നിസ്സഹായരായി നിന്ന രാത്രി. ക്രോധഗതിയില്‍ പാഞ്ഞൊഴുകുന്ന ജലം മുന്നിലും ഇരുവശങ്ങളിലും. നിബിഡമായ ശബരിമല വനം പുറ?കിലും. പതിനേഴു പേര്‍ അഞ്ചു കുടുംബങ്ങളിലായി ഇടിഞ്ഞ ഭിത്തികള്‍ക്കുള്ളില്‍ അകപ്പെട്ടിരുന്ന രാത്രി. അവരെ ഫോണില്‍ ബന്ധപ്പെടുവാന്‍ സാധിച്ചപ്പോള്‍ എനിക്കേറെ ആശ്വാസമായി. അവര്‍?ക്കിടയില്‍ ഏഴുമാസം ഗര്‍ഭിണിയായ ഒരു യുവതിയും കാലുകള്‍ക്ക് സ്വാധീനം നഷ്ടപ്പെട്ട മറ്റൊരു യുവതിയും പ്രായാധിക്യമുള്ളവരും കുഞ്ഞുങ്ങളുമുണ്ടെന്ന് അവരുടെ മൂപ്പത്തിയമ്മ എന്നോട് പറഞ്ഞപ്പോള്‍ എന്തു വിലകൊടുത്തും അവരെ സുരക്ഷിതമായ ഒരിടത്തേക്ക് മാറ്റിപ്പാര്‍പ്പിക്കണമെന്ന് നിശ്ചയിച്ചു. എന്നാല്‍നേരം പാതിരാവായി, കോളനിയിലേക്കുള്ള കോസ് വേ മുങ്ങി, കനത്ത മഴ, മണ്ണിടിച്ചില്‍ സംഭവിച്ച ചുരുളന്‍പാതകള്‍. ഡിങ്കി ബോട്ടുകളില്‍ കരകവിഞ്ഞൊഴുകുന്ന പമ്പാനദി മുറിച്ചു കടന്ന് വനപാതയിലൂടെ ഇരുട്ടില്‍ സഞ്ചരിച്ച് മേല്‍പ്പറഞ്ഞ തോട് മുറിച്ചു കടന്ന് ആ കുടുംബങ്ങളെ തിരികെ കൊണ്ടുവരണം എന്ന ഭീമമായ ഉദ്യമം എന്നെ ഒരല്പം ആശങ്കയില്‍ ആഴ്ത്തിയിരുന്നു. അവരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുമെന്ന് മൂപ്പത്തിക്ക് വാക്കു കൊടുത്തപ്പോള്‍ അവര്‍ എന്നോട് പറഞ്ഞു, ‘മോള് ധൈര്യമായിരിക്കു, ഞങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ല. ഞങ്ങളെ മഴ ഇനിയും ഒന്നും ചെയ്യില്ല. നിങ്ങള്‍ വരും വരെ കാത്തിരിക്കാം’ എന്ന്. അത്രയും വലിയ പ്രതിസന്ധിക്കിടയിലും മൂപ്പത്തിയുടെ കരുത്തുറ്റ വാക്കു?കള്‍ എനിക്ക് പുത്തനുണര്‍വ്വും ധൈര്യവുമേകി. രണ്ടു മണിക്കൂറുകള്‍ക്കുള്ളില്‍ അതിസാഹസികമായ വഴികളിലൂടെ ഞങ്ങളുടെ സംഘം അവിടെ എത്തി, മുറിഞ്ഞ മരത്തടികള്‍ കൂട്ടിക്കെട്ടി തോടിനു കുറുകേ ഒരു താത്കാലികമായ പാത പണിഞ്ഞ് കരുതലോടെ അവരെയെല്ലാം സുരക്ഷിതമായി അടുത്തുള്ള ഒരു ഉദ്യോഗസ്ഥന്റെ വീട്ടിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഞാനിതെഴുതുമ്പോള്‍ അവരിലെ ഗര്‍ഭിണി ആയിരുന്ന യുവതി ഒരു ആരോഗ്യവാനായ കുഞ്ഞിനെ പ്രസവിച്ച് സൗഖ്യമായിരിക്കുന്നു എന്നറിയുമ്പോള്‍ മഴ തോരാത്ത ആ രാത്രിക്ക് ശക്തിയേകിയത് ആ മൂപ്പത്തിയമ്മയുടെയും എന്നോടൊപ്പം പ്രവര്‍ത്തിച്ച എല്ലാവരുടെയും വിശ്വാസവും വീര്യവും ആയിരുന്നു എന്ന് ഞാന്‍ മനസ്സിലാക്കുന്നു.
തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.