പ്രചോദനത്തിന്റെ പാഠപുസ്തകം
ദിവ്യ എസ് അയ്യർ ഐ. എ എസ് എഴുതിയ ‘കൈയൊപ്പിട്ട വഴികൾ’ എന്ന പുസ്തകത്തിന് രാജേഷ്.എസ്. വള്ളിക്കോട് എഴുതിയ വായനാനുഭവം
മനുഷ്യരെ പ്രചോദിപ്പിക്കാനുള്ള പുസ്തകങ്ങളും പ്രസംഗങ്ങളും വർദ്ധിച്ച കാലമാണിത്. ഇവയിൽ ബഹുഭൂരിപക്ഷവും യാതൊരു ചലനവും സൃഷ്ടിക്കാതെ നമ്മുടെ മുമ്പിലൂടെ കടന്നു പോകുന്നു. കേൾക്കാഞ്ഞിട്ടോ, വായിക്കാഞ്ഞിട്ടോ അല്ല പലതും നമ്മെ തൊടാതെ പോകുന്നത്. സ്വന്തം ജീവിതാനുഭവങ്ങളുടെ കരുത്തിനെ ഉപയോഗപ്പെടുത്താതെ യാന്ത്രികമായ ഉപദേശങ്ങളും മാനേജ്മെന്റ് തന്ത്രങ്ങളും നിറയുന്നതുകൊണ്ടാണ്. ഇതിൽ നിന്ന് വ്യത്യസ്തമാവുകയാണ് ഡോ.ദിവ്യ എസ്. അയ്യർ എഴുതിയ “കൈയൊപ്പിട്ട വഴികൾ” എന്ന പുസ്തകം.
‘കൗതുകം വിവരശേഖരണത്തിലേക്കും വിവരം അതിനെക്കുറിച്ച് ആഴത്തിൽ അറിയാനുള്ള ജിജ്ഞാസയിലേക്കും ജിജ്ഞാസ അന്വേഷണത്തിലേക്കും അന്വേഷണം ഫലസിദ്ധിയിലേക്കും നയിക്കുന്നു. ‘ “ചോദിക്കാം , ജിജ്ഞാസ എന്ന വരം ” എന്ന അധ്യായത്തിന്റെ തുടക്കത്തിൽ കുറിച്ചിരിക്കുന്ന വാക്യമാണിത്. ഈ പുസ്തകത്തിന്റെ നയ പ്രഖ്യാപനമായി ഇതിനെ കാണാം. താഴോട്ടും മേലോട്ടും നോക്കാതെ നേരെ നോക്കി ഭൂമിയേയും മാനത്തേയും ഒന്നിച്ച് കാണണമെന്നുള്ള കുഞ്ഞുണ്ണി മാഷിന്റെ വരികൾ എഴുത്തുകാരിയുടെ ദർശനമായും പുസ്തകത്തിൽ കാണാം. സ്വന്തം അനുഭവങ്ങളെയും മറ്റുള്ളവരുടെയും അനുഭവങ്ങളെയും താൻ പറയാൻ ആഗ്രഹിക്കുന്ന ആശയത്തിന്റെ കൃത്യമായ പ്രവാഹത്തിന് തടസ്സം വരാതെ സന്നിവേശിപ്പിച്ചു കൊണ്ട് അതിനോട് ചേർത്ത് വായിക്കാവുന്ന വിജ്ഞാനത്തിന്റെ ശകലങ്ങളെ കൂട്ടിയിരുത്തിയാണ് ഓരോ അധ്യായവും രചിച്ചിട്ടുള്ളത്. അതുകൊണ്ട് പ്രചോദനത്തിന്റെ തലത്തിനപ്പുറം പഠനത്തിലേക്കും കൂടുതൽ അന്വേഷണത്തിലേക്കും വായനക്കാരെ നയിക്കുവാൻ ഈ പുസ്തകത്തിനാകും.
പുതിയ കാലം യാന്ത്രികതയുടെ വിരസതയും ഒറ്റപ്പെടലിന്റെയും കൂടിയാണ്. നല്ല കുടുംബാന്തരീക്ഷം, സൗഹൃദങ്ങൾ, കൂട്ടായ്മകൾ എന്നിവയ്ക്കാണ് ഈ സാഹചര്യത്തെ മറികടക്കാൻ വ്യക്തിയെ സഹായിക്കാൻ കഴിയുക. എന്നാൽ ഭൂരിഭാഗം മനുഷ്യർക്കും ഇത്തരം അവസ്ഥയുടെ ഭാഗമാകാൻ കഴിയുന്നില്ല. സാധാരണക്കാന്റെ ദൈനംദിന ജീവിതത്തെ സഹായിക്കാൻ കഴിയുന്ന രചനകൾ പ്രസക്തമാകുന്നത് അപ്പോഴാണ്.വ്യക്തിക്ക് സ്വയം വളരുവാനും അതോടൊപ്പം തന്നെ തനിക്കൊപ്പമുള്ളവർക്ക് നേരായ മാർഗ്ഗദർശനം നൽകുവാനും ഈ പുസ്തകത്തിലെ ഓരോ അധ്യായവും താങ്ങും തണലുമാണ്. സ്വന്തം ജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും കരുതലും സന്തോഷവും സമാധാനവും വിരിയിക്കുവാൻ പ്രതീക്ഷാനിർഭരമായ ഈ പുസ്തകത്തിന്റെ വായനക്കാർക്ക് കഴിയും.
ഇ.ക്യൂ. എന്നാൽ ഇമോഷണൽ ക്വോഷ്യന്റ് (വൈകാരിക മാനം) എന്ന് മാത്രം കരുതിയിരുന്നവർക്ക് ബുദ്ധിയുടെ ഘനം ശരീര ഘനത്തിന്റെ ആനുപാതികമായി എത്രയാണെന്ന് നിർണയിക്കുന്ന encephalization quotient നെ പുസ്തകം പരിചയപ്പെടുത്തും. ഇങ്ങനെ പുതിയ അറിവുകളെ അനുഭവങ്ങളിൽ ചേർത്ത് അവതരിപ്പിക്കാൻ പുസ്തകം പുലർത്തുന്ന ജാഗ്രത അധിക വായനയിലേക്കുള്ള വഴിയൊരുക്കലാണ്. കുഞ്ഞുങ്ങൾ ഭാവിയിലേക്ക് കുതിക്കുമ്പോൾ അവരുടെ ഓർമ്മ പുസ്തകത്തിൽ വർണാഭമായ അനുഭവങ്ങൾക്കൊപ്പം വിജ്ഞാനത്തിന്റെ വിസ്മയവും തീർക്കാൻ ‘കൈയ്യൊപ്പിട്ട വഴികൾ ‘ തെളിഞ്ഞ പാതയാണ് ഒരുക്കുന്നത്. ഒരേ സമയം കുട്ടികളേയും മുതിർന്നവരേയും വായനയിൽ പിടിച്ചിരുത്തുന്ന രീതി, ലളിതമായ ഭാഷയിലൂടെ സാധ്യമാക്കാൻ രചയിതാവിന് കഴിയുന്നു.
സമ്മാനങ്ങൾ ലഭിക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരെങ്കിലും ഉണ്ടാകുമോ ? ചെറുതായാലും വലുതായാലും ഒരു സമ്മാനം കിട്ടുകയെന്നുള്ളത് അത്യധികമായ ആഹ്ലാദമാണ് ജനിപ്പിക്കുന്നത്. കിട്ടണമെന്നാഗ്രഹിക്കുന്നവരിൽ ചെറിയ ശതമാനം പോലും മറ്റുള്ളവർക്ക് നൽകി അവരെ ആഹ്ലാദിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാത്തത് എന്തുകൊണ്ടാവും? ബ്രിട്ടനിലെ ഒരു പഠന കേന്ദ്രത്തിന്റെ കണ്ടെത്തലുകൾ പുസ്തകം പങ്ക് വെയ്ക്കുന്നു. സിംഹം, കുരങ്ങ് പട്ടി എന്നിങ്ങനെ സ്വഭാവമനുസരിച്ച് മനുഷ്യരെ തരംതിരിച്ച് അവരിൽ ഓരോ വിഭാഗവും നൽകാൻ സാധ്യതയുള്ള സമ്മാനങ്ങളെ തരം തിരിക്കുന്നു.സിംഹ സാദൃശ്യമുള്ളവർ മാനസികമായി സമ്മാനങ്ങൾ നൽകാനും സ്വീകരിക്കാനും തയ്യാറാകുന്നവരാണ്. പേന പുസ്തകം, ടോർച്ച് എന്നിങ്ങനെ പ്രയോജനകരമായ വസ്തുക്കളാവും ഇവരുടെ സമ്മാനപ്പട്ടികയിലുണ്ടാവുക. ശ്രദ്ധ പിടിച്ചു പറ്റുന്ന സമ്മാനങ്ങൾ കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നവരാണ് കുരങ്ങന്റെ മനസാദൃശ്യമുള്ളവർ.ഒരു യാത്ര , ഒരു നല്ല ഡിന്നർ എന്നിങ്ങനെ വൈകാരികമായി പ്രാധാന്യമുള്ള സമ്മാനങ്ങളാകും മൂന്നാമത്തെ വിഭാഗക്കാർ തെരഞ്ഞെടുക്കുക.
ഭൂരിഭാഗം മനുഷ്യരുടെയും സ്വഭാവം ഈ മൂന്നിന്റെയും മിശ്രിതങ്ങളായിട്ടാണ് നമുക്ക് അനുഭവപ്പെടുക. മുറിക്കാനാവാത്ത ബന്ധങ്ങൾ സൃഷ്ടിക്കപ്പെടുന്നത് പരസ്പര സ്നേഹം, വിശ്വാസം ,കനിവ് എന്നീ സമ്മാനങ്ങൾ കൈവരുമ്പോഴും നൽകുമ്പോഴുമാണെന്ന് പുസ്തകം ഓർമ്മപ്പെടുത്തുന്നു.
ഡോ. ദിവ്യ എസ് അയ്യരുടെ വിപുലമായ വായനാനുഭവങ്ങൾ പുസ്തക ഉള്ളടക്കത്തെ ഹൃദ്യമാക്കുന്നതിൽ നല്ല പങ്ക് വഹിക്കുന്നു. ഒരർഥത്തിൽ വായിക്കേണ്ട നിരവധി എഴുത്തുകാരുടെ , പുസ്തകങ്ങളുടെ പ്രവേശന കവാടമായി ഇതിലെ ലേഖനങ്ങൾ മാറുന്നുണ്ട്. ദുഷ്ട ചിന്തകളെ വലിച്ചെറിഞ്ഞ് സംതൃപ്തിയോടെ ജീവിക്കുന്നതിനും വരവ് പ്രതീക്ഷിക്കാതെ നൽകുന്നതിനും കഴിയുന്നവരെ സൃഷ്ടിക്കുവാൻ എഴുത്തുകാരി ആഗ്രഹിക്കുന്നു. മുൻപ് നടന്ന വേദനിപ്പിച്ച അനുഭവങ്ങളും അവയുണ്ടാക്കിയ ആഘാതങ്ങളും മുറിവുകളുമൊന്നും മനസ്സിൽ ഒട്ടിപ്പിടിച്ച് നിലകൊളളാൻ അനുവദിക്കാതിരിക്കാൻ കഴിയുന്നവർക്കാണ് വെല്ലുവിളികളെ അതിജീവിച്ച് വേഗത്തിൽ മുന്നേറാൻ കഴിയുക. അതിന് ഈ പുസ്തകത്തിലെ ഊർജവും സ്നേഹവും വായനക്കാരന് സഹായകമാവുക തന്നെ ചെയ്യും.ഡോ. ദിവ്യ എസ് അയ്യരുടെ
പാത്ത് ഫൈൻഡർ, എത്രയും പ്രിയപ്പെട്ടവർക്ക് ഒരു ഫെമിനിസ്റ്റ് മാനിഫെസ്റ്റോ (വിവർത്തനം) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച ഡി.സി ബുക്സാണ് ഈ പുസ്തകവും പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Comments are closed.