DCBOOKS
Malayalam News Literature Website

‘കടുവ’; ഒട്ടും മുഷിപ്പിക്കാത്ത ഒരു വായന!

പി എസ് റഫീക്കിന്റെ ‘കടുവ’ എന്ന പുസ്തകത്തിന് സുജി മീതല്‍ എഴുതിയ വായനാനുഭവം
Readers Review Dcbooksഅങ്ങനെ ‘കടുവ’യും വായിച്ചു. പലപ്പോഴായി ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട കടുവ, ഫെയ്സ്ബുക്കിസ്ഥാൻ, വിശുദ്ധ പിശാച്‌, ഇല്ലാത്ത ഇല്ലാവുണ്ണി, പഴയൊരു പ്രേമകഥ, തൊള്ളായിരത്തി എഴുപത്തിയഞ്ച്‌, ഗുജറാത്ത്‌ എന്നീ കഥകളും പി എസ്‌ റഫീഖിന്റെ തന്നെ അനുഭവങ്ങളുടെ അകമ്പടിയോടെ എങ്ങനെ തന്നിൽ കഥ ജനിക്കുന്നതെന്ന് വിവരിക്കുന്ന മനോഹരമായ അനുബന്ധവും ചേർന്നുള്ളതാണ്‌ ഈ കുഞ്ഞ്‌ പുസ്തകം.
Textറഫീഖിന്റെ കഥകളിലെ ഭാഷയും അലങ്കാര പ്രയോഗങ്ങളുമാണ്‌ കൂടുതൽ കഥകളെ എന്നിലേക്ക്‌ ചേർത്തു നിർത്തി ആസ്വാദകരമാക്കിയത്‌. ചിലയിടത്ത്‌ ചില അവസ്ഥയെ സൂചിപ്പിക്കാൻ പ്രയോഗിച്ച പദങ്ങൾ ആ അവസ്ഥയെ അസാധ്യമാം വിധം വർണ്ണിക്കുന്നു. ഒരിടത്ത്‌ കൊടിയ വിഷാദം എന്ന് സൂചിപ്പിക്കാൻ “സിംഹവിഷാദം” എന്നു പറയുന്നു. മറ്റൊരിടത്ത്‌ നിറഞ്ഞ സങ്കടത്തെ വർണ്ണിക്കാൻ “കഠിനവിഷാദിയായ ഫക്കീർ അവന്റെ മനസ്സിലിരുന്ന് കണ്ണീരൊലിപ്പിച്ച്‌ വിശുദ്ധ ഗ്രന്ഥം പാരായണം ചെയ്യുന്നതുപോലെ” എന്ന് വിവരിക്കുന്നു. പിന്നെ ശ്രദ്ധയിൽപ്പെട്ട മറ്റൊരുകാര്യം പല കഥകളിലും ഒരുപാട്‌ പേരുകൾ പരാമർശിക്കുന്നു എന്നതാണ്‌ പലതും അസാധാരണ കൂട്ടുപേരുള്ളവയാണുതാനും കഥാകൃത്തിന്‌ നാടൻ പേരുകളോടെന്തോ പ്രത്യേക മമതയുള്ളതുപോലെ വായനയിൽ അനുഭവപ്പെട്ടു.
ഈ പുസ്തകത്തിലെ എല്ലാകഥകൾക്കും ഒരു മിസ്റ്റിക്കൽ ഭാവമുണ്ട്‌. കഥകളൊക്കെയും ഒരു പ്രത്യേക തരം ഫീൽ തരുന്നവയാണ്‌. വായിക്കയാണോ കാണുകയാണോ അനുഭവിക്കയാണോ എന്നൊന്നും വേർത്തിരിക്കാനാവാത്ത ഒന്ന്.  ഇല്ലാത്ത ഇല്ലാവുണ്ണി കൂടെയിറങ്ങി പോന്നു. പല കഥകളും പ്രത്യേക രീതിയിലാണ്‌ അവസാനിക്കുന്നത്‌. കഥയ്ക്കങ്ങനെ അവസാനം ആദ്യവുമൊക്കെ വേണ്ടതുണ്ടോന്ന് ചോദിക്കുന്ന പോലെ കുറച്ച്‌ കഥകൾ.
ഒട്ടും മുഷിപ്പിക്കാത്ത നല്ല ഒരു വായന സമ്മാനിച്ചതിന്‌ കടുവയ്ക്കും അതിന്റെ എഴുത്തുകാരനും സ്നേഹം നന്ദി.

Comments are closed.