കാടിനുള്ളില്‍ രഹസ്യമായി ഒഴുകുന്ന നദികള്‍…
എന്‍ഡോസള്‍ഫാന്‍ പ്രയോഗത്തില്‍ ജീവിതം കരിഞ്ഞുപോയ ഒരുപറ്റം ജനങ്ങളുടെ യാതനകള്‍ ലോകത്തോട് വിളിച്ചുപറഞ്ഞ, പ്രകൃതിയെയും മനുഷ്യനെയും അടുപ്പിക്കുന്ന എന്‍മകജെ എന്ന കൃതിയിലൂടെ ശ്രദ്ധനേടിയ അംബികാസുതന്‍ മങ്ങാടിന്റെ ഏറ്റവും പുതിയ കഥാസമാഹാരമാണ് കാടിനുള്ളില്‍ രഹസ്യമായി ഒഴുകുന്ന നദികള്‍.
അദൃശ്യമായിത്തീര്‍ന്ന ഉള്‍ത്തെളിവുകളെക്കുറിച്ചും വിള്ളലേറ്റ മാനവികതയുടെ പാരിസ്ഥിതിക ജാഗ്രതയെക്കുറിച്ചും ഓര്‍മ്മപ്പെടുത്തുന്ന കഥകളാണ് ഈ സമാഹാരത്തിലുള്ളത്. വരുംകാലത്തിന്റെ അടരുകളില്‍ കരുതിവെയ്‌ക്കേണ്ടുന്ന ജൈവസത്ത ഈ രചനകളുടെ ആത്മാംശമാകുന്നു. ഉതുപ്പാന്റെ കുന്ന്, മനുഷ്യരും തെയ്യങ്ങളും,വീണ്ടും രണ്ട് മത്സ്യങ്ങള്‍, ഇടശ്ശേരിയുടെ പൂതം, പ്രാണജലം, കാഞ്ഞങ്ങാട്ടെ വൃക്ഷങ്ങള്‍, ക്യാമറയില്‍ ഉറങ്ങുന്ന തെയ്യങ്ങള്‍, തുടങ്ങി ശ്രദ്ധേയമായ പന്ത്രണ്ട് കഥകളാണ് ഈ കഥാസമാഹാരത്തിലുള്ളത്.
അംബികാസുതന്‍ മങ്ങാടിന്റെ ഇന്നേവരെ എഴുതപ്പെട്ട മറ്റെല്ലാ കൃതികളില്‍ നിന്നും വേറിട്ട നിലപാടു പുലര്‍ത്തുന്നുണ്ട് കാടിനുള്ളില്‍ രഹസ്യമായി ഒഴുകുന്ന നദികള്‍ എന്ന കഥാസമഹാരം. മാത്രമല്ല പ്രകൃതി നശീകരണം, പരിസ്ഥിതിനാശം എന്നീ സ്ഥിരം വിലാപലിഖിതങ്ങള്‍ക്കപ്പുറം പ്രകൃതിയും മനുഷ്യസ്വത്വവും രണ്ടല്ലെന്ന് സ്ഥാപിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നുണ്ട്.
Comments are closed.