DCBOOKS
Malayalam News Literature Website

ഉത്തരവാദിത്വത്തോട് കൂടിയ ആവിഷ്‌കാര സ്വാതന്ത്ര്യമാണ് ആവശ്യം: ബി.മുരളി

രൂപകങ്ങള്‍ കൊണ്ട് സമൂഹത്തെ അടയാളപ്പെടുത്തുന്നവര്‍ നിരന്തരം വധഭീഷണികള്‍ക്ക് വിധേയമാകുന്ന ഒരു കാലഘട്ടത്തിലാണ് നാം നില്‍ക്കുന്നത്. ഈ കാലഘട്ടത്തില്‍ എഴുത്തുകാരനൊപ്പം ഇരിക്കുക എന്നത് ഏറെ വിഷമകരമാണ്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനല്‍ കാടിനുള്ളില്‍ രഹസ്യമായി ഒഴുകുന്ന നദികള്‍, ബൈസിക്കിള്‍ റിയലിസം എന്നീ കഥാസമാഹാരങ്ങളുടെ സംവാദവേദിയില്‍ മോഡറേറ്ററായ വി.വി സുനില്‍ തന്റെ ആശങ്ക പങ്കുവെച്ചു.

സദസ്സിലുള്ള 90% ആളുകളും ചെറുപ്പക്കാരാണ് എന്നത് വലിയ പ്രതീക്ഷ നല്‍കുന്ന കാര്യമാണെന്ന് സദസ്സിനെ പ്രതിനിധീകരിച്ച് സംസാരിക്കവേ അംബികാസുതന്‍ മാങ്ങാട് അഭിപ്രായപ്പെട്ടു. കാടിനുള്ളില്‍ മറ്റാരും ചെല്ലാത്തിടത്ത് ഒരു പെണ്‍കുട്ടി ചെന്നെത്തുകയും ഒരു രാജവെമ്പാലയുമായി പ്രണയത്തിലാവുകയും ചെയ്യുന്നതാണ് കാടിനുള്ളില്‍ രഹസ്യമായി ഒഴുകുന്ന നദികളുടെ ഇതിവൃത്തം. പ്രകൃതിയെ കുറിച്ച് നിരന്തരം എഴുതുമ്പോള്‍ വായനക്കാരില്‍ ചിലര്‍ക്കെല്ലാം വിരസതയുണ്ടാവുകയും എങ്കിലും താനതാണ് ഇഷ്ടപ്പെടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സമാഹാരത്തില്‍തന്നെയുള്ള ‘ഉതുപ്പാന്റെ കുന്ന്’ ‘ഉതുപ്പാന്റെ കിണര്‍’ എന്ന കഥയുടെ ഒരു തുടര്‍ച്ചയാണെന്ന് അദ്ദേഹം പറഞ്ഞു.

വെള്ളത്തില്‍ പത്ത് അടിവരെ പൊന്തിനില്‍ക്കുന്ന അത്യപൂര്‍വ്വമായ നെല്‍വിത്ത് അന്വേഷിച്ചുള്ള യാത്രയില്‍ തനിക്കു പിന്നാലെ കൂടിയ കൊക്കുമായി സംസാരിക്കാന്‍ ഇടയായെന്നും അതാണ് ‘ചിന്നമുണ്ടി’ എന്ന കഥയിലെത്താന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. കാടിനുള്ളില്‍ രഹസ്യമായി ഒഴുകുന്ന നദികള്‍ പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ചാണ് സൂചിപ്പിക്കുന്നത്. ‘മനുഷ്യന്‍ മാത്രം ബാക്കിയാവുന്ന സങ്കല്പമാണോ നിങ്ങള്‍ വികസനം എന്നു വിളിക്കുന്നത്’ എന്ന ചിന്തനീയമായ ചോദ്യം അദ്ദേഹം സദസ്സിനോട് ചോദിച്ചു.

ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന പേരില്‍ തോന്നുന്നതെന്തും എഴുതിവെച്ച് അതില്‍നിന്ന് മാറി നില്‍ക്കുകയല്ല, ഉത്തരവാദിത്വത്തോടു കൂടിയ ആവിഷ്‌കാര സ്വാതന്ത്ര്യമാണ് ആവശ്യമെന്ന് ബൈസിക്കിള്‍ റിയലിസം എന്ന തന്റെ പുതിയ കഥാസമാഹാരത്തെക്കുറിച്ച് സംസാരിക്കവേ ബി.മുരളി അഭിപ്രായപ്പെട്ടു. അവനവന് അവനവനെ തന്നെ മനസ്സിലാക്കാന്‍ സാധിക്കാതിരിക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ മറ്റൊരാള്‍ക്ക് എങ്ങനെയാണ് ഒരാളുടെ രഹസ്യം കണ്ടെത്താനാവുക. ഈ അന്വേഷണമാണ് ബൈസിക്കള്‍ റിയലിസം എന്ന തന്റെ പുതിയ സമാഹാരത്തിലൂടെ നടത്തിയിരിക്കുന്നത്. വേലായുധനാശാന്‍ അഞ്ചാറു വര്‍ഷം ചരിത്രത്തില്‍നിന്ന് കാണാതായി. അത് അന്വേഷിച്ചുപോകുന്നതാണ് കഥ. സൈക്കിള്‍ പ്രിയനായ അയാള്‍ ബോംബെയിലേക്കാണ് പോയത്. അവിടെ സായിപ്പിന്റെ ശിങ്കിടിയായി കൂടിയ അയാളെ ഒന്നാം ലോകമഹായുദ്ധ കാലത്ത് അയാള്‍ കൂടെ കൊണ്ടുപോകുന്നു. സൈക്കിള്‍ തുടച്ചും ചവിട്ടിയും പൊട്ടനെ പോലെ കഴിഞ്ഞ അയാള്‍ യുദ്ധാനന്തരം നാട്ടിലെത്തുന്നു. എന്നാല്‍ ഒരാള്‍ മണ്ടനാണ് എന്ന് മറ്റൊരാള്‍ക്ക് എങ്ങനെയാണ് പറയാനാവുക എന്ന ചിന്തയുടെ തുടര്‍ച്ചയാണ് ഈ കഥയുടെ രണ്ടാം ഭാഗം. ആ കഥയില്‍ പൊട്ടനായി അഭിനയിച്ച് ബ്രിട്ടന്റെ പരാജയത്തിന് കാരണക്കാരനാകുന്ന വേലായുധനാശാന്‍ എന്ന സ്വാതന്ത്ര്യസമര നായകന്റെ ചരിത്രമായി കഥമാറുന്ന വ്യത്യസ്തമായ ആവിഷ്‌കാരങ്ങളാണ് ബൈസിക്കിള്‍ റിയലിസത്തിലെന്ന് ബി.മുരളി അഭിപ്രായപ്പെട്ടു.

 

Comments are closed.