കാട്ടിലെ ഒറ്റപ്പെട്ട മരങ്ങളെക്കുറിച്ചുതന്നെ…ദേവദാസ് വി.എം എഴുതുന്നു
‘കാടിനു നടുക്കൊരു മരം’ എന്ന ഏറ്റവും പുതിയ പുസ്തകത്തിന്റെ എഴുത്തനുഭവം പങ്കുവെച്ച് ദേവദാസ് വി.എം.
കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് ഒരാശുപത്രിയിലെ കൂട്ടിരിപ്പുകാരനായി ഒരാഴ്ചയോളം കഴിയേണ്ടിവന്നു. ആ സാഹചര്യത്തില്‍ മറ്റൊന്നിലും കാര്യമായി ശ്രദ്ധിക്കാനാകാതെ ആകെ മടുത്തിരിക്കുന്ന നേരത്താണ് പരിസരങ്ങളിലെ ചുമരെഴുത്തുകളില്‍ കണ്ണുടക്കുന്നത്. അങ്ങനെയാണ് പ്രാചീനകാല ഗുഹാചിത്രങ്ങളും ബുദ്ധമതതത്ത്വങ്ങള്‍ ധര്‍മ്മലിപികളില്‍ കണ്ടെത്തിയ അശോകന്റെ ശിലാശാസനങ്ങളും മുതലിങ്ങോട്ട് തിരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യങ്ങള്‍ തുടങ്ങി ഗ്രാഫിറ്റി വരെയുള്ള ചുമരെഴുത്തിന്റെ ചരിത്രത്തെക്കുറിച്ചു ചിന്തിക്കുന്നത്.
ഇന്ത്യയിലെ അടിയന്തിരാവസ്ഥക്കാലം, ആയിരത്തിത്തൊള്ളായിരത്തി അറുപതുകളോടെ കേരളത്തിലെ സ്വാധീന ശക്തിയായ നക്‌സലൈറ്റ് പ്രസ്ഥാനങ്ങള്‍, അധികാരമേറ്റം മുന്നേ നിരോധിച്ചുള്ള കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങള്‍, സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ളള സത്യാഗ്രഹങ്ങള്‍ എന്നിങ്ങനെ പുറകിലോട്ടുപോയി അധികാരവര്‍ഗത്തിനെതിരെ കലഹിച്ചുകൊണ്ട് ഇടവഴിച്ചുമരുകളിലും മതിലുകളിലുമൊക്കെ പ്രത്യക്ഷപ്പെട്ട ഓരോരോ എഴുത്തുകളിലേക്കും ആലോചനകള്‍ ചെന്നെത്തി. മലയാളഭാഷയില്‍ ഒരു മുദ്രാവാക്യം ചുമരിലെഴുതിയതിന്റെ പേരില്‍ ഒളിവില്‍ പോകേണ്ടിവന്ന ആദ്യത്തെ മനുഷ്യന്‍ ആരായിരിക്കുമെന്നൊരു സംശയം പൊടുന്നനെ ഉള്ളില്‍ തെളിഞ്ഞു. അതിനുള്ള ഉത്തരം തേടിയുള്ള അന്വേഷണമാണ് ചുമരെഴുത്ത് എന്ന കഥയായി മാറിയത്. പലയടരുകളുള്ള വ്യാഖ്യാനങ്ങള്‍ക്ക് സാധ്യതയുള്ളവയാണ് ഇന്ത്യയിലെ പുരാണേതിഹാസങ്ങള്‍. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍നിന്നു പാടേ മാറിനിന്നുകൊണ്ട് അവയെ സമീപിക്കുന്നേരത്ത് പുനഃരാഖ്യാനത്തിനുള്ള ഒരുപാട് സാധ്യതകള്‍ തുറന്നുകിട്ടുന്നു.
കുലവും ഗോത്രവും പദവികളുമൊക്കെ വെവ്വേറെയാണെങ്കിലും രാമനാല്‍ ഉപേക്ഷിക്കപ്പെട്ട് വാല്മീകിയുടെ ആശ്രമത്തില്‍ കഴിയുന്ന നിറഗര്‍ഭിണിയായ സീതയും തന്റെ സഹോദരങ്ങള്‍ക്കു മുന്നെയായി സ്വയം അമ്പാടിയിലെത്തി ശിശുശഹത്യയ്ക്ക് മുതിരുന്ന പൂതനയുമെല്ലാം ഒരുപോലെ പങ്കിടുന്ന ചില വ്യഥകളുണ്ട്. പതിക്കുമുന്നില്‍ പഞ്ചപുച്ഛമടക്കിനിന്ന് പതിവ്രതയുടെ മേലങ്കി പാറിപ്പോകാതെ രഘുവംശത്തിന്റെ മാനം കാത്തവളാണോ സീതയെന്ന് ഏവര്‍ക്കും സംശയം തോന്നാം. വിഷം പുരട്ടിയ മുലയൂട്ടുന്നേരത്ത് മാതൃഭാവത്തില്‍ മാത്രമേ പൂതനയെ വര്‍ണ്ണിച്ചുകാണാറുള്ളൂ. എന്നാല്‍ കംസന്റെ രഹസ്യകിങ്കരന്മാരുടെ കൂട്ടത്തിലുള്‍പ്പെട്ട അഘാസുരന്റെയും ബകാസുരന്റെയും പെങ്ങളായ പൂതനയുടെ സഹോദരീഭാവം അപൂര്‍വ്വമായാണ് അടയാളപ്പെടുത്തിയിട്ടുള്ളത്.
Comments are closed.