DCBOOKS
Malayalam News Literature Website

കഥകളിയാചാര്യന്‍ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി വിടവാങ്ങി

പ്രശസ്ത കഥകളി നടൻ ബ്രഹ്മശ്രീ നെല്ലിയോട് വാസുദേവൻ നമ്പൂതിരി ഓർമ്മയായി. കഥകളിയിൽ സഹൃദയ പ്രശംസനേടിയ ഒട്ടേറെ വേഷങ്ങൾ അവതരിപ്പിച്ചിട്ടുള്ള കലാകാരനാണ് നെല്ലിയോട് വാസുദേവൻ നമ്പൂതിരി.

2019-ലെ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സ്‌പെയിനിലെ ഒരു സംഘം കലാകാരന്‍മാരും തിരുവനന്തപുരം മാര്‍ഗി കഥകളി കലാസംഘവും സംയുക്തമായി സഹകരിച്ച് അരങ്ങേറുന്ന കിഹോട്ടെ കഥകളിയില്‍ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയും പങ്കെടുത്തിരുന്നു. സ്പാനിഷ് സാഹിത്യത്തിലെ വീരനായക കഥാപാത്രമായ ഡോണ്‍ ക്വിക്‌സോട്ടിന്റെ കഥയാണ് കഥകളിയുടെ രൂപത്തില്‍ അവതരിപ്പിക്കപ്പെട്ടത്.

അന്തരിച്ച കഥകളിയാചാര്യന്‍ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി(ഇടത്തു നിന്നും ആദ്യം) കെഎല്‍എഫ് 2019-ന്റെ വേദിയില്‍ (കിഹോട്ടെ കഥകളി അവതരണത്തില്‍ നിന്നും, ഫയല്‍ചിത്രം)
അന്തരിച്ച കഥകളിയാചാര്യന്‍ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി(ഇടത്തു നിന്നും ആദ്യം) കെഎല്‍എഫ് 2019-ന്റെ വേദിയില്‍ (കിഹോട്ടെ കഥകളി അവതരണത്തില്‍ നിന്നും, ഫയല്‍ചിത്രം)

കേരള സർക്കാരിന്റെ കഥകളി പുരസ്‌കാരം 2013 ൽ നേടി. എറണാകുളം ജില്ലയിലെ ചേരാനെല്ലൂരിൽ നെല്ലിയോട് മനയിൽ വിഷ്ണുനമ്പൂതിരിയുടെയും പാർവതി അന്തർജനത്തിന്റെയും മകനാണ്.  കോട്ടയ്ക്കൽ പി.എസ്.വി. നാട്യസംഘത്തിലും കേരള കലാമണ്ഡലത്തിലും അഭ്യാസം പൂർത്തിയാക്കി. നാട്യാചാര്യൻ വാഴേങ്കട കുഞ്ചുനായരുടെ ശിഷ്യനായിരുന്നു.

കേന്ദ്ര സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങളും കേരള സര്‍ക്കാരിന്റെ കഥകളി പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.  തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രം തിരുനടയിൽ നിരവധി തവണ വേഷം കെട്ടി ആടിയിട്ടുള്ള അദ്ദേഹത്തിന് 2019 ലെ കലാവല്ലഭപുരസ്ക്കാരം സമ്മാനിച്ചിരുന്നു.

ശ്രീരാമോദന്തം, ശ്രീകൃഷ്ണവിലാസം, നാരായണീയം തുടങ്ങിയവയുടെ തര്‍ജമയും സംസ്‌കൃതത്തില്‍ ഗായത്രി രാമായണവും താടി വേഷങ്ങളെക്കുറിച്ച് ‘ആഡേപതാണ്ഡവം’ എന്ന കൃതിയും രചിച്ചു. രാസക്രീഡ എന്ന ആട്ടക്കഥയും അദ്ദേഹത്തിന്റെ ശൃഷ്ടിയായിരുന്നു. കഥകളി നടന്‍ നെല്ലിയോട് വിഷ്ണു നമ്പൂതിരി, മായാദേവിയുമാണ് മക്കള്‍.

Comments are closed.