DCBOOKS
Malayalam News Literature Website

കടശ്ശിക്കളി

ഗോര്‍ട്ടിയില്‍ അന്നു വൈകുന്നേരം നടക്കുന്ന ഫുട്‌ബോള്‍മത്സരത്തിന്റെ ഫൈനല്‍ക്കളിയെപ്പറ്റി ആലോചിച്ചാലോചിച്ചാണ് ഉച്ചതെറ്റിക്കഴിഞ്ഞ് കൊച്ചാപ്പു അമ്മിണിപ്പയ്യിനെ പുല്ലുതീറ്റിക്കാന്‍ നാരായണന്‍ കൈക്കോറുടെ ആളില്ലാപ്പറമ്പിലേക്ക് കയറിയത്.

മുറ്റി നില്‍ക്കുന്ന പുല്‍പ്പറമ്പാണ്. നിറച്ച് കീരിമാളങ്ങളുണ്ടെങ്കിലും പാമ്പുകള്‍ക്ക് ഒരു കുറവുമുണ്ടായിരുന്നില്ല. ഇന്നാളൊരു ദിവസം ഒരു യമണ്ടന്‍ വളയെളപ്പനേയും തെളിച്ച് ഒരു കീരി കേറിപ്പോകുന്നതും കൊച്ചാപ്പു കണ്ടിരുന്നു. അതിരിനിട്ട കമ്പിവേലിയുടെ പടിഞ്ഞാറുവശം മുഴുവന്‍ പൊളിഞ്ഞുകിടപ്പാണ്. അതുവഴി ആരൊക്കെയോ രാത്രി പറമ്പില്‍കേറി മേയുന്നുണ്ട്. കരിക്കു മോഷണം ഈയിടെ പതിവായിട്ടുണ്ടെന്ന് കേട്ടിരുന്നു.

പുല്‍പ്പറമ്പിലേക്ക് പശുവിന്റെ കയര്‍നീട്ടിവിട്ട് കൊച്ചാപ്പു വഴിക്കരികില്‍ത്തന്നെ നിന്നു. ചക്കയും മാങ്ങയും വീണ് അവിടെക്കിടന്ന് ചീഞ്ഞുപോയാലും ഒരാളും അതെടുത്തുകൊണ്ടുപോവാന്‍ കൈക്കോര്‍ സമ്മതിക്കില്ല. അറുത്ത കയ്യ്ക്ക് ഉപ്പുതേക്കാത്തവനാണ് കൈക്കോര്‍. പുല്ലെങ്കില്‍ പുല്ല്. പൈ മേയുന്ന കണ്ടാല്‍പ്പോലും അയാള്‍ അവറ്റയെ ഓടിച്ചുവിടും. അമ്മിണിപ്പയ്യിന്റെ കറവവറ്റിയിട്ട് കാലം കുറേയായിരുന്നു. പുറത്തേക്കങ്ങനെ മേയാനൊന്നും വിടാറില്ല. അമ്മിണിപ്പയ്യിന്റെ അന്നത്തെ തീറ്റ അവസാനത്തേതാണ്. ആലയില്‍നിന്ന് കുറെക്കാലംകൂടി പുറത്തിറങ്ങിയതുകൊണ്ടുതന്നെ അമ്മിണിപ്പയ്യിന് നല്ല സന്തോഷം തോന്നുന്നുണ്ട്. ഉമ്പായി മാപ്ലയ്ക്കു ഇന്നു പശുവിനെ കൈമാറും. അയാള്‍ കൊല്ലുകയോ പോറ്റുകയോ ചെയ്യും. അയാള്‍ അറവുകാരനായതുകൊണ്ട് ആദ്യം വിചാരിച്ചതേ നടക്കൂ. ഒന്നും നേരെചൊവ്വേ ചെയ്യാന്‍ പറ്റാതാകുന്ന മനുഷ്യരേയും ഇങ്ങനെ അറവുകാര്‍ക്ക് വില്‍ക്കാന്‍ കഴിയുന്ന ഒരേര്‍പ്പാടുണ്ടായിരുന്നെങ്കില്‍ തന്റെ കയ്യിലും കുറെ കാശുവന്നേനെയെന്ന് കൊച്ചാപ്പു ചിന്തിച്ചു.

ഒന്ന്, പെറ്റതള്ള: തളര്‍വാതം വന്നു കിടപ്പിലായിട്ട് മൂന്നാല് വര്‍ഷം. മരുന്നും മന്ത്രവും മുടങ്ങീട്ടുതന്നെ കുറെ നാളായി. ആര് പണിയെടുത്ത് പോറ്റുമോ ആവോ? വായ തുറന്നാല്‍ പച്ച ഉമ്മരായം മാത്രമേ വരൂ. എല്ലിന് നല്ല മൂപ്പുണ്ടെങ്കിലും അറവുകാര്‍ക്ക് അതൊന്നും പ്രശ്‌നമാകില്ല.

രണ്ട്, പപ്പിനിയേച്ചി: കറുപ്പായി അളിയന്‍ തൂങ്ങിച്ചത്തതില്‍പ്പിന്നെ കൊവ്വപ്രത്തുനിന്നു വന്ന് വീട്ടില്‍ നില്‍ക്കാന്‍ തുടങ്ങീട്ടുണ്ട്. അമ്മയെ പരിചരിക്കാനെന്നാണ് ആരെങ്കിലും ചോദിച്ചാല്‍ പറയുക. സ്വതവേ ഗ്രഹണി ബാധിച്ചപോലെയാണെങ്കിലും ഇറച്ചിക്കാര്‍ക്കുള്ള വക ആ ശരീരത്തില്‍ തീര്‍ച്ചയായും ഉണ്ട്. മനുഷ്യമാംസത്തിന് മാട്ടിറച്ചിക്കുള്ള മുശ്ക്ക് മണംതന്നെയായിരിക്കുമോ ആവോ?

”തിന്നോ തിന്നോ. പള്ള നെറച്ച് തിന്നോ… ഇന്നുങ്കൂടിയേ ഈ പറമ്പിലൊക്കെക്കേറി വന്ന് നമുക്ക് കട്ടുതിന്നാന്‍കഴിയൂ.”കൊച്ചാപ്പു അമ്മിണിപ്പയ്യിനോട് വിളിച്ചു പറഞ്ഞു.

അതുകേട്ടിട്ടോ എന്തോ പശു ശ്രമപ്പെട്ടു തലയുയര്‍ത്തി കൊച്ചാപ്പുവിനെ നോക്കി ചെറുതായൊന്നമറിക്കൊണ്ട് പുല്‍പ്പരപ്പിലേക്കു മുഖം താഴ്ത്തി. ഇത്തിരി കടുംചായ കിട്ടിയിരുന്നെങ്കിലെന്ന് അവന് അപ്പോള്‍ തോന്നി. ഉച്ചമയക്കം എന്നു പറഞ്ഞുകൂടാ. കണ്ണില്‍ തിരശ്ശീലപോലെ എന്തോ വന്നു വീണ്ടും നൃത്തംചെയ്യുന്നുണ്ട്. ഇന്നലെ എപ്പോഴാണ് വന്നു കിടന്നത്? ഹേയ്, ഇന്നലെയല്ലെന്നു തോന്നുന്നു. അരക്കിറുക്കിനുള്ള ഗുളിക പപ്പിനിയേച്ചി എത്രയെണ്ണം തന്നിരിക്കണം? അവന്‍ കണക്കുകൂട്ടി നോക്കി. പന്തുകളി ആരംഭിച്ചതുമുതല്‍ മരുന്നു കഴിപ്പ് കൊച്ചാപ്പു നിര്‍ത്തിവെച്ചതായിരുന്നു. ഗുളികയുമായി പപ്പിനിയേച്ചി കൈനീട്ടുമ്പോള്‍ അതുവാങ്ങി കഴിക്കുന്നതായി നടിച്ച് പുറത്തേക്കു തുപ്പിക്കളയുകയായിരുന്നു പതിവ്. പപ്പിനിയേച്ചി അതൊരു ദിവസം കണ്ടുപിടിക്കുകയും ചെയ്തു. അവിചാരിതമായുണ്ടായ ആ കാഴ്ചയുടെ അന്ധാളിപ്പില്‍ പപ്പിനിയേച്ചിക്ക് അന്ന് ഏക്കം കൂടി. വാ പിളര്‍ന്ന് കണ്ണുകള്‍ മേലോട്ടുരുണ്ടുരുണ്ടു പോയപ്പോള്‍ അവന് പാവം തോന്നി. ഫൈനലിന് മുമ്പ് കുറെ ദിവസത്തേക്കുള്ള ഒഴിവ് കിട്ടിയപ്പോഴാണ് കൊച്ചാപ്പു പിന്നെ മരുന്നു കഴിക്കാന്‍ തുടങ്ങിയത്.

രണ്ടു മൂന്നു ദിവസമായി തുടര്‍ച്ചയായി താന്‍ ഉറങ്ങുകയല്ലായിരുന്നോ? ഉറങ്ങുകയായിരുന്നു. കൊച്ചാപ്പുവിന് തന്നോടുതന്നെ അസൂയ തോന്നി. ഹെന്റമ്മോ, എന്തൊരുറക്കം. കാലുകള്‍ക്കിടയില്‍ കൈ രണ്ടും ചുരുട്ടിവെച്ച് രാവെന്നോ പകലന്നോ അറിയാതെ ഒരേയൊരുറക്കം. ഇടയ്ക്ക് ആരൊക്കെയോ വന്നു തട്ടിയുണര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. ഓനാന്‍ വിളിക്കുന്നെന്ന് പറഞ്ഞ് പപ്പിനിയേച്ചിതന്നെ ഒരു ദിവസം തലയില്‍ കുറെ വെള്ളംകോരിയൊഴിച്ചിരുന്നു. കണ്ണുതുറക്കണമെന്നുണ്ട്. എന്നിട്ടും മയക്കത്തിന്റെ കെട്ടുവിട്ടിരുന്നില്ല. അതിനിടയില്‍ ചുരുങ്ങിയത് രണ്ടു ഡസന്‍ സ്വപ്‌നങ്ങളെങ്കിലും മുഴുമിപ്പിക്കാതെ കണ്ടിരുന്നു. പഴയ സിനിമയിലേതുപോലെ കറുപ്പിലും വെളുപ്പിലും മുറിഞ്ഞ് മുറിഞ്ഞ്…

പൊട്ടിയ മേലോടിലൂടെ ഉച്ചിവെയില്‍ നെറുകയെ പൊള്ളിച്ചപ്പോഴാണ് ഇന്ന് ഉറക്കം തെളിഞ്ഞത്. ഒടുക്കത്തെ വിശപ്പ് കാളിപ്പടരുന്ന വയറുംതടവി എണീറ്റപാടെ അവന്‍ അടുക്കളയിലേക്ക് ചെന്നു. ആളനക്കമില്ലാത്ത അടുപ്പിനരികില്‍ അയല്‍പക്കത്തെ കുറിഞ്ഞിപ്പൂച്ച അവകാശം സ്ഥാപിച്ചുകൊണ്ട് പെറ്റുകിടന്നു. കുഞ്ഞുങ്ങളുടെ കണ്ണുപോലും തുറന്നിട്ടില്ല. അഞ്ചു പീക്കിരിവായകള്‍ കീയോ കീയോ എന്ന് ഒച്ചയുണ്ടാക്കിക്കൊണ്ട് കൊച്ചാപ്പുവിനെ പേടിപ്പിച്ചു.

”ചായപ്പൊടി ഇല്ല, പഞ്ചാരേം.” ഇരുട്ട് പറഞ്ഞു.

ആകെ പൊടിനിറഞ്ഞ് നരച്ചിരുണ്ട അടുക്കളയില്‍ ആള്‍പ്പെരുമാറ്റം നടന്നിട്ടുതന്നെ കുറച്ചായി എന്നു തോന്നുന്നു. തള്ളയും മോളും എന്തെടുത്ത് കിടക്കുന്നു എന്തോ?

എന്നും ഫ്രീയായി ഉപദേശം തരാറുള്ള പഴയ കാല്‍പ്പന്തുകളിക്കാരന്‍ ഓനാന്റെ വീട് ഇതിലും ഭേദമാണ്. കുന്നിനുമുകളിലേക്കും താഴെ ഗോര്‍ട്ടിയിലേക്കും രണ്ടു കൈവഴികളായി പിരിഞ്ഞുപോകുന്ന പാതയുടെ തൊട്ടപ്പുറത്താണ് ആ ജൈവവീട്. പരിസ്ഥിതിലോലപ്രദേശമായതിനാല്‍ മുറ്റത്തു വളരുന്ന പുല്ലും കാട്ടുവള്ളിയും ഒന്നും വെട്ടിമാറ്റിയിരുന്നില്ല. അവ യഥേഷ്ടം വളര്‍ന്നുമുറ്റിയിരുന്നു. പഴയ പാലാക്കാരനായ ഓനാന്റെ അപ്പനാണെങ്കില്‍ അറിയപ്പെടുന്ന പ്രകൃതിസ്‌നേഹിയും. വീട്ടിനകത്തും പുറത്തും തട്ടിന്‍പുറത്തുമായി മരപ്പട്ടിയും പാമ്പും പഴുതാരയും സസുഖം പാര്‍ത്തുപോന്നു. കൊച്ചു കൊച്ചു വനജീവികളും ചിതല്‍പ്പുറ്റും എല്ലാംകൂടിച്ചേര്‍ന്ന് ആ വീടിന്റെ ആകാശത്ത് എപ്പോഴും കാര്‍മേഘത്തിന്റെ ഒരു ദിവ്യപരിവേഷമുണ്ടായിരുന്നു.

ചായ ചോദിച്ചാല്‍, ”കൊറച്ച് കാപ്പിക്കുരു ഒണക്കിവെച്ചത് മണ്ടയ്ക്കിരിപ്പുണ്ട്. അതിടിച്ച് പൊടിയാക്കി കാപ്പി അനത്തിത്തരട്ടായോ കൊച്ചേ.” എന്ന് ഓനാന്‍ ചോദിക്കും. ”ഓ, എന്നാത്തിനാ കാപ്പി. ചായയാര്‍ന്ന് വേണ്ടീര്ന്നത്. നല്ല കട്ടന്‍ചായ.” കൊച്ചാപ്പു പറഞ്ഞു.ഓനാന്‍ പതിവിലും നേരത്തേ അന്ന് ഉണര്‍ന്നിരുന്നു. മുറിക്കകത്തിരുന്നു ചെയ്യാവുന്ന കസര്‍ത്തുകള്‍ക്കുശേഷം കുളിയൊക്കെക്കഴിഞ്ഞ് നല്ല കുട്ടപ്പനായിട്ട് ആള്‍ പുത്തന്‍ ബനിയനൊക്കെയിട്ടിട്ടുണ്ട്. മഞ്ഞയില്‍ ചുവന്ന വരയുള്ളത്. അതേത് കളിക്കാരുടെ ജേഴ്‌സിയാണെന്ന് കൊച്ചാപ്പു തെല്ലിട ആലോചിച്ചുനോക്കി. നാട്ടുകളികളും രാജ്യാന്തര മത്സരങ്ങളും കഴിഞ്ഞ് ലോകം കറങ്ങിത്തിരിഞ്ഞുവന്ന് ഓനാന്‍ ഇതുവരെ പൂര്‍ണ്ണ വിശ്രമത്തിലായിരുന്നു. നാലഞ്ചു വര്‍ഷംമുമ്പ് ഉത്തരേന്ത്യയില്‍ വെച്ചുനടന്ന ഒരുഗ്രന്‍ പന്തുകളിമത്സരത്തില്‍ സംഭവിച്ച ഒരപകടത്തെത്തുടര്‍ന്ന് നട്ടെല്ലിന് പരിക്കുപറ്റി കിടപ്പിലായിരിന്നു കുറെക്കാലം. കുറേശ്ശ കുറേശ്ശയായി എഴുന്നേറ്റ് നടക്കാന്‍ തുടങ്ങിയത് ഈ അടുത്തകാലത്താണ്. ചെറുപ്പകാലം മുതലേ പന്തുകളിയോടു ഭ്രാന്തെടുത്ത് ഓടിനടന്ന് ജീവിതം മറന്നുപോയി എന്നാണ് ഓനാനെക്കുറിച്ച് നാട്ടുകാരുടെ സംസാരം. കൊച്ചിലേ ഗോര്‍ട്ടിയില്‍നിന്ന് പന്തുരുട്ടിത്തുടങ്ങിയതില്‍പ്പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്നാണ് ഓനാന്റെ ന്യായവാദം. പക്ഷേ, എപ്പൊക്കണ്ടാലും ഒരു വിജയിയുടെ ഭാവത്തോടെ നല്ലനല്ല കാര്യങ്ങള്‍ ഉപദേശിച്ചുതരും. കൊച്ചാപ്പുവിനാണെങ്കില്‍ ഉപദേശം ഭയങ്കര ഇഷ്ടവുമാണ്. ഓനാനോടുള്ള താത്പര്യംകൊണ്ട് ഒരു ഗുണമുണ്ടായി. പന്തുകളിക്കാനറിയില്ലെങ്കിലും കൊച്ചാപ്പു നല്ലൊരു കളിപ്രേമിയായി.ഫൈനലെങ്കിലും കാണണമെന്നുള്ള ഓനാന്റെ ആഗ്രഹത്തെത്തുടര്‍ന്ന് ഓനാനെയും കൂട്ടിപ്പോവണമെന്നു അന്ന് കരുതിയതാണ് കൊച്ചാപ്പു. എന്തു കാര്യത്തിന് ചെന്നു വിളിച്ചാലും ഓനാന്‍ ഓരോരോ കാരണം പറഞ്ഞ് മുറിക്കകത്തുനിന്ന് ഇറങ്ങാന്‍ കൂട്ടാക്കുമായിരുന്നില്ല. ഇത്തവണ, പക്ഷേ വാതില്‍തുറന്നു വരാന്തയോളം പിടിച്ചുപിടിച്ചാണെങ്കിലും ഓനാന്‍ വരാന്‍ തയ്യാറായി.

ഓനാന്‍ കളിച്ചുതിമിര്‍ക്കുന്ന ഒരു പഴയ ഫോട്ടോ വീടിന്റെ ഉമ്മറച്ചുമരില്‍ തൂങ്ങിക്കിടന്നിരുന്നു. ആ ചിത്രത്തിലെ കളിതന്നെയാണ് സ്വപ്‌നത്തിലും താന്‍ അന്നു കണ്ടതെന്നു കൊച്ചാപ്പുവിന് തോന്നി. വെള്ളയില്‍ നീലവരകളുള്ള ഒര്‍ട്ടേഗയുടെ ജേഴ്‌സിയായിരുന്നു ഓനാന്റെ വേഷം. പന്തിന്റെ സ്ഥാനം കണ്ടുപിടിക്കാനാവാത്തവിധം കൊടുങ്കാറ്റിന്റെ വേഗത്തിലായിരുന്നു അയാളുടെ മുന്നേറ്റം. ഒടുക്കം, റഫറിയുടെ നീണ്ട വിസിലടി. ആള്‍ക്കൂട്ടത്തിന്റെ കരഘോഷം. എന്താണ് സംഭവിച്ചതാവോ എന്തോ?

ഉമ്മറത്തെത്തിയ ഓനാന്റെ മുഖത്ത് പക്ഷേ, തെളിച്ചമുണ്ടായിരുന്നില്ല.

”കൊച്ചാപ്പു ഒരു സത്യം പറയട്ടെ, എനിക്കൊരിക്കലും ഇനിയൊരു പന്തുകളി കാണാനാവില്ലന്ന് തോന്നുന്നു. ഈ വീടിന്റെ വന്യതയില്‍നിന്ന് പുറത്തുപോകാനാവാത്തവിധം അദൃശ്യമായൊരു പന്തിനുപിറകേ ഞാനോടിക്കൊണ്ടിരിക്കുകയാണ്. ചുറ്റും കാണികളില്ലെന്നു മാത്രം. ചിലനേരം ആരോ എന്നെ തട്ടിക്കളിക്കുന്നതുപോലെ തോന്നുന്നുണ്ട്, ഒരു ഫുട്‌ബോള് പോലെ.” ഓനാന്‍ പറഞ്ഞു.

കൊച്ചാപ്പുവിനൊന്നും മനസ്സിലായില്ല. ഇമ്മാതിരി സാഹിത്യഭാഷ പറയുന്നകൂട്ടത്തില്‍ ചില വാക്കുകളോ സന്ദര്‍ഭങ്ങളോ ആണ് അവന് ഓനാനില്‍നിന്ന് പിടിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ ഓനാനെ തട്ടിക്കളിക്കുന്നതാരെന്നുള്ള ജിജ്ഞാസയുണ്ടായി.

”ആര് ?” അവന്‍ ചോദിച്ചു.
”കാലം.” ഓനാന്‍ പറഞ്ഞു.

രാത്രിമാത്രം പുറത്തിറങ്ങാറുള്ള ഒരു വെരുക് മുറ്റത്തൂടെ കുറുകെ പാഞ്ഞുപോയതു നോക്കി ഓനാന്‍ നെടുവീര്‍പ്പിട്ടു. പിന്നെ, പരിസരബോധം മറന്ന് ധരിച്ചിരുന്ന ജേഴ്‌സിയും ട്രൗസറും ഓരോന്നായ് ഊരിയെറിഞ്ഞ് വീടിനെ വിഴുങ്ങാനെന്നോണം ആഞ്ഞുനിന്നിരുന്ന ഇരുണ്ട ഇലപ്പടര്‍പ്പിനുകീഴിലൂടെ ഒരു ഇഴജന്തുവിനെപ്പോലെ മറഞ്ഞുപോയി. ഓനാന്‍ പോയ ദിക്കില്‍നിന്ന് പതിയെ ഒരു കൂമന്റെ മൂളക്കം കേള്‍ക്കാന്‍ തുടങ്ങി.അതിശയകരമായൊരു മദ്ധ്യാഹ്നത്തിന്റെ ഒരു ലക്ഷണമായിരുന്നു അതൊക്കെയെന്ന് കൊച്ചാപ്പുവിന് തോന്നി. കളികാണാന്‍ ഇന്നിനി ഓനാനെ പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നു ഖേദിച്ചിരിക്കുമ്പോഴാണ് ഉമ്പായി മാപ്ലയ്ക്ക് പയ്യിനെ കൊണ്ടുപോയിക്കൊടുക്കേണ്ടതിനെക്കുറിച്ച് കൊച്ചാപ്പുവിന് ഓര്‍മ്മ വന്നത്.

”ഫൈനല് കാണാന്‍ നീ പോര്ന്നില്ലേ കൊച്ചാപ്പു? നിലാവത്തുവിട്ട പൊരുന്നക്കോഴിപോലെ നീയെന്താ പെരുബയിക്കിരുന്ന് ഒറങ്ങ്വാ?’കൊച്ചാപ്പു മനോരാജ്യത്തില്‍നിന്നുണര്‍ന്നു.

വീടുവീടാന്തരം നടന്നു അവില്‍ വില്‍ക്കുന്ന ചന്ദ്രിയേച്ചിയാണ് മുന്നില്‍. അവില്‍ വിറ്റുതീര്‍ത്ത് ചന്ദ്രിയേച്ചി അതുവഴി വന്നതാണ്. തലയില്‍ കാലിക്കൊട്ടയുണ്ട്. രാവിലെ വീട്ടില്‍നിന്നിറങ്ങുമ്പോള്‍ കൊട്ട നിറച്ച് അവിലുണ്ടാകും. കൈക്കോറുടെ അടുത്തുനിന്ന് നെല്ലുവാങ്ങി പുഴുങ്ങിയുണക്കി നാടന്‍ ഉരലിട്ടിടിച്ചാണ് ചന്ദ്രിയേച്ചി അവിലുണ്ടാക്കുന്നത്. ഒരു നാഴി സ്വയമ്പന്‍ അവിലിന് പത്തു രൂപയേ ഉള്ളൂ. ”കഴിഞ്ഞ വര്‍ഷത്തെ ഉദിനൂരുകാരുടെ ഡമ്പ് ഇക്കൊല്ലം തീര്‍ത്തുവിടണം. കള്ളക്കളീടെ ഉസ്താദാ അവന്മാര്. ഇള്‌സന്‍മാര്.”
ചന്ദ്രിയേച്ചി അല്പം രോഷത്തോടെ പറഞ്ഞു.

എവിടെവെച്ചു കണ്ടാലും തലയിലിരുന്ന കൊട്ട നിലത്തേക്കുവെച്ച് കുറച്ചുനേരം നിന്ന് കൊച്ചാപ്പുവിനോട് നാട്ടുവിശേഷം പറഞ്ഞിട്ടേ ചന്ദ്രിയേച്ചി കടന്നുപോകാറുള്ളു എന്ന് അവനറിയാം. നടത്തത്തിന്റെ ക്ഷീണംതീര്‍ക്കാനെന്നോണം ചന്ദ്രിയേച്ചി അവനടുത്തുതന്നെ നിന്നു.

”നേരം വൈതോ ചന്ദ്രിയേച്ചീ? ഈ പയ്യിന ഉമ്പായിമാപ്ലക്ക് കൊടുത്തിറ്റ് വേണം എനക്കും കളികാണാന്‍പോകാന്‍.” കൊച്ചാപ്പു പറഞ്ഞു.

റെഡ് സ്റ്റാര്‍ ഉദിനൂരും അല്‍ അമീന്‍ പഴയങ്ങാടിയും തമ്മിലുള്ള കളിയുടെ ഫൈനല്‍ ഇത് രണ്ടാം
പ്രാവശ്യമാണ്. ഇരുടീമും ഫൈനലിലെത്തുംവിധം ടൂര്‍ണ്ണമെന്റ് കമ്മിറ്റി ഫിക്‌സചറിടന്നുണ്ടെന്നാണ് ഇപ്രാവശ്യത്തെ ഒരു കേട്ടുകേള്‍വി. ജീവന്‍കൊടുത്തായാലും കപ്പുംകൊണ്ടേ നാട്ടിലേക്കു മടങ്ങൂ എന്നാണ് രണ്ടു ടീമിന്റെയും വാശി. ഗ്രൗണ്ടിന് പുറത്ത് കൊട്ടന്‍ മുസ്തഫയുടെ വക പൊരിഞ്ഞ ബെറ്റുണ്ടാകും. ആര്‍ക്കുവേണ്ടിയും ഏതു ടീമിനുവേണ്ടിയും മുസ്തഫയുമായി ബെറ്റുവെയ്ക്കാം. ആര് തോറ്റാലും ജയിച്ചാലും കൊട്ടനു കിട്ടുന്നത് ലാഭമായിരിക്കും.

”കഴിഞ്ഞകൊല്ലത്തേപ്പോലെ രണ്ടു കൂട്ടരും ഒരു പെനാല്‍ട്ടിയുടെ പേരും പറഞ്ഞ് ഫൈനല്‍ അടിച്ചുപിരിയാതിരുന്നാല്‍ മതിയായിരുന്നു.”ചന്ദ്രിയേച്ചി പറഞ്ഞു. എന്നിട്ട് തുടര്‍ന്നു: ”ഇക്കൊല്ലൂം തോക്കൂന്നുകണ്ടാ നമ്മളെ പഴയങ്ങാടിക്കാര് കശപിശയിണ്ടാക്കും ന്റെ കൊച്ചാപ്പുവേയ്.” നാവിറങ്ങിപ്പോയതുപോലെ കൊച്ചാപ്പു നിന്നു. ചന്ദ്രിയേച്ചിയെയും തുറിച്ചു നോക്കിക്കൊണ്ട് ഒന്നും മിണ്ടാനാകാതെ അവന്‍ കണ്ണുകൊണ്ടാംഗ്യം കാട്ടാന്‍ തുടങ്ങി.

കൊച്ചാപ്പുവിന്റെ കണ്ണുകൊണ്ടുള്ള കഥകളികണ്ട് ചന്ദ്രിയേച്ചിക്ക് നല്ലോണം ചൊറിഞ്ഞുവന്നു. സ്വതവേ നാവിന് ബെല്ലും ബ്രേക്കുമില്ലാത്ത സ്ത്രീയാണ്.”ഊയ്യന്റപ്പാ, നീയെന്താടാ ഇതേവരെ പെണ്ണുങ്ങളെ കാണാത്തമാതിരിയിങ്ങനെ കോര്‍മ്പയില്‍ കോര്‍ത്ത് നോക്കുന്നേ. നിനിക്കൂല്ലേടാ അമ്മേം പെങ്ങളൂം ചെറ്റേ.”

കഥ തുടര്‍ന്നു വായിക്കാം

ഓഗസ്റ്റ് ലക്കം പച്ചക്കുതിര വാങ്ങിക്കുന്നതിനായി സന്ദര്‍ശിക്കുക 

Comments are closed.