കടമ്മനിട്ട കവിത ചൊല്ലിയപ്പോള്‍
കെ.എസ്.രവികുമാര്‍
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കടമ്മനിട്ടക്കാലം എന്ന പുസ്തകത്തില്‍ നിന്നും
അടിയന്തരാവസ്ഥ കഴിഞ്ഞ കാലം. ആയിടെയാണ് കടമ്മനിട്ട കുറത്തി എഴുതിയത്. അത് കടമ്മനിട്ടയുടെ കവിതചൊല്ലലിന്റെ ചരിത്രത്തിലെ ഒരു ഉജ്ജ്വലമായ അദ്ധ്യായമായിരുന്നു. ലളിതവും ശക്തവുമായ കവിത. കേള്‍വിക്കാരന്റെ മനസ്സിലേക്ക് നേരിട്ടെത്തുന്ന ശക്തിയുള്ള ബിംബങ്ങള്‍. മനുഷ്യവംശചരിത്രത്തിന്റെ മാര്‍ക്‌സിയന്‍ വ്യാഖ്യാനത്തിന്റെ കേരളീയ കാവ്യാഖ്യാനം.
കടമ്മനിട്ടയുടെ കവിയരങ്ങുകളുടെയും കവിപ്രശസ്തിയുടെയും ഉച്ചാവസ്ഥ. കേരളത്തില്‍ കവി ചെന്നെത്തി കവിത ചൊല്ലാത്ത ഗ്രാമങ്ങളില്ല. കാമ്പസുകളില്ല. മദ്ധ്യതിരുവിതാംകൂര്‍ ഭാഗത്ത് അത്തരം സംഘാടനങ്ങള്‍ അന്ന് കുറവ്. ഞങ്ങളുടെ നാട്ടില്‍ ഒരു കവിയരങ്ങ് നടത്താന്‍ പരിപാടിയിട്ടു. ദേശാഭിമാനി സ്റ്റഡിസര്‍ക്കിളിന്റെ ആഭിമുഖ്യ ത്തിലാണ്. കോളജ് വിദ്യാര്‍ത്ഥിയായ ഞാനാണ് പ്രധാന ഉത്സാഹി. നാട്ടിലെ കൂട്ടുകാരുമുണ്ട്. അടിയന്തരാവസ്ഥ കഴിഞ്ഞ് അധികം നാളായിട്ടില്ല. കവിതയെഴുതിയതിന്റെ പേരില്‍ അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ കിടക്കേണ്ടിവന്ന എം. കൃഷ്ണന്‍കുട്ടിയെയും കവിത ചൊല്ലാന്‍ ക്ഷണിച്ചിരുന്നു. വെയില്‍ താണ വൈകുന്നേരം. കടമ്മനിട്ട കവിത ചൊല്ലുന്നതിന്റെ മികവിനെക്കുറിച്ചുള്ള കേട്ടുകേള്‍വികള്‍ നാട്ടിലുണ്ട്. ഞങ്ങള്‍ പരിപാടിക്ക് നല്ല പ്രചാരവും കൊടുത്തിരുന്നു. കടമ്മനിട്ടക്കവിതയിലെ മൂര്‍ച്ചയുള്ള വരികള്‍ പോസ്റ്ററുകളായി എഴുതി പതിച്ചു. കവിയരങ്ങിനു സമയമായി. നല്ല സദസ്സ്. സ്വാഗതം പറഞ്ഞതിനുശേഷം ഞാന്‍ വേദിയില്‍നിന്നു താഴെയിറങ്ങി നില്‍ക്കുകയാണ്. കടമ്മനിട്ട കവിത ചൊല്ലിത്തുടങ്ങി. അതിന്റെ വന്യമായ മാന്ത്രികതയില്‍ ദൂരെ നിന്നിരുന്നവരും അടുത്തുള്ള വീടുകളില്‍ ഉണ്ടായിരുന്നവരും കവിയരങ്ങ് നടക്കുന്നിടത്തേക്കു വന്നു, പ്രത്യേകിച്ചും സ്ത്രീകളും കുട്ടികളും.
സദസ്സിന്റെ ഉത്സാഹം കണ്ട് ആളുകള്‍ കൂടിനില്‍ക്കുന്ന മുറ്റത്തേക്ക് ഞാനിറങ്ങി. സ്‌കൂളിന്റെ മുറ്റവും കഴിഞ്ഞ് റോഡിന്റെ ഓരത്തും എതിരേയുള്ള കടകളുടെ വരാന്തകളിലുമൊക്കെനിന്ന് ആളുകള്‍ കവിത കേള്‍ക്കുന്നു.
പുതിയ ഒരനുഭവത്തിന്റെ വിസ്മയവും ആവേശവും എല്ലാവരുടെയും മുഖത്തുണ്ട്. പരിപാടിയുടെ വിജയത്തില്‍ വല്ലാത്തൊരുആവേശവും സാഫല്യബോധവും എന്നില്‍ നിറഞ്ഞു. ഞാന്‍ റോഡിലേക്കിറങ്ങിനിന്നു.
തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.