ജീവിതം, ലൈംഗികത, സാഹിത്യം ; പി.എഫ്.മാത്യൂസ് എഴുതുന്നു
കടലിന്റെ മണത്തിലെ സഫിയ ശരാശരി പുരുഷ വീക്ഷണത്തില്‍ രൂപപ്പെട്ടവളല്ല
പി.എഫ്.മാത്യൂസ്/ ആര്‍ രാമദാസ്
സംഭാഷണം
പി. എഫ്. മാത്യൂസിന്റെ കടലിന്റെ മണം എന്ന നോവല്‍ ജീവിതം, ലൈംഗികത, സാഹിത്യം എന്നിവയെ പുതിയൊരു വിചാരാനുഭവങ്ങളിലേക്ക് നയിക്കുന്നുണ്ട്. നോവലിന്റെ പശ്ചാത്തലത്തില്‍ ഈ മൂന്നു കാര്യങ്ങളെക്കുറിച്ച് പി. എഫ്. മാത്യൂസ് സംസാരിക്കുന്നു.
ജീവിതം
ഒരു മുറിക്കുള്ളില്‍ തടവിലാക്കപ്പെട്ട ഒരു നോവലിസ്റ്റ് എന്തായിരിക്കും എഴുതുക. 1795ല്‍ സേവ്യര്‍ ഡി മെയ്‌സ്ട്ര എന്ന നോവലിസ്റ്റ് നാല്‍പ്പത്തിരണ്ടു ദിവസം ഒരു മുറിയില്‍ തടവിലാക്കപ്പെട്ടു. ആ മുറിയിലൂടെ നടത്തിയ യാത്രയെക്കുറിച്ച് അദ്ദേഹം ഒരു നോവലെഴുതി. ചാരുകസേരയില്‍നിന്നു കിടക്കയിലേക്കുള്ള യാത്രയ്ക്കിടയില്‍ ചുമരില്‍ കാണുന്ന ചിത്രങ്ങളും അതിനപ്പുറവും ആ നോവലില്‍ കടന്നുകൂടി. നോവലിസ്റ്റ് എന്നും ഒരു മുറിയില്‍ തടവിലാക്കപ്പെട്ടവനാണെന്നു നമുക്കറിയാം. എന്നാല്‍ ആ മുറിയെക്കുറിച്ചു മാത്രമായിരിക്കില്ല അയാളെഴുതുന്ന നോവല്‍. എഴുതുന്നയാളുടെ മനസ്സിലൂടെ ആ മുറിയിലേക്ക് കടന്നുവരുന്ന ഭാവനാ ദേശമാണ് നോവല്‍. ആ ദേശത്തു നടക്കുന്ന കൊതിപ്പിക്കുന്ന കഥയാവണം നോവലെന്ന് ‘കടലിന്റെ മണം’ എഴുതുമ്പോള്‍ എനിക്കാഗ്രഹമുണ്ടായിരുന്നു. എന്നാല്‍ വായനക്കാരും ഞാനും കൂടി പങ്കിടുന്ന ചോരയും നീരും കലര്‍ന്ന ജീവിതത്തിന്റെ ഹിമാലയങ്ങളും പാതാളങ്ങളും സങ്കീര്‍ണ്ണതകളും സുഖാനുവങ്ങളും അതിലുണ്ടായിരിക്കണമെന്നും വിചാരിച്ചു. പതിനെട്ടാം നൂറ്റാണ്ടിലെ ഒരെഴുത്തുകാരനനുഭവിച്ച യാഥാര്‍ത്ഥ്യങ്ങളല്ല ഇന്നു ഞാന്‍ നേരിടുന്നത്. കീശയില്‍ ഉറങ്ങിക്കിടക്കുന്ന വെറുമൊരു മൊബൈല്‍ ഫോണിന്റെ മണിയടികൊണ്ട് എന്റെ ജീവിതം അടിമുടി തകിടം മറിയാമെന്ന ബോധ്യത്തോടെയാണ് ഈ നോവലിലേക്ക് ജീവിതം കടന്നുവന്നത്. അതേസമയം ഇന്നു ജീവിക്കുന്ന മനുഷ്യരുടെ അനുഭവം കടന്നുപോയവരുടെയും വരാനിരിക്കുന്നവരുടെയുംകൂടി അനുഭവമായി മാറണം എന്ന വെല്ലുവിളിയാണ് എഴുത്തുകാരെപ്രലോഭിപ്പിക്കുന്നതും. ഒരു ദിവസം വൈകിട്ട് നാലുമണിച്ചായയ്ക്കായിനഗരത്തിലെ കൊച്ചു ചായക്കടയില്‍ കാത്തിരിക്കുന്ന സച്ചിദാനന്ദന്‍ കടലിന്റെ മണം അനുഭവിക്കാന്‍ തുടങ്ങി. എന്നാല്‍ ആ നഗരത്തിന്റെ അടുത്ത പ്രദേശങ്ങളിലൊന്നും കടലുണ്ടായിരുന്നില്ല. ആ നിമിഷം അയാളുടെ കീശയില്‍ ഉറങ്ങി
ക്കിടന്നിരുന്ന മൊബൈല്‍ ഫോണ്‍ ബെല്ലടിക്കാന്‍ തുടങ്ങി. അതെടുക്കണോ വേണ്ടയോ എന്ന ചിന്തയായി അയാളുടെ മനസ്സില്‍. To be or not to be എന്ന ഷേക്‌സ്പീരിയന്‍ പ്രതിസന്ധി നമ്മള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന കാലമാണിത്… നമ്മളെടുക്കുന്ന തീരുമാനങ്ങളനുസരിച്ച് പരസ്പര്യത്തോടെ വര്‍ത്തിക്കുന്ന ഒരു interactive പ്രോഗ്രാം പോലെയാണ് നമ്മുടെ ജീവിതം. ഓരോ നൊടിയിലും മാറിക്കൊണ്ടിരിക്കാനുള്ള അസംഖ്യം സാധ്യതകള്‍ നമ്മുടെ മുന്നിലേക്കതു വച്ചുതരുന്നു. എന്തു തിരഞ്ഞെടുക്കണം എന്ന തീരുമാനമാണ് നമ്മുടെ ജീവിതത്തെ നിര്‍ണ്ണയിക്കുന്നത്.
ലൈംഗികത
സുഖം പകരുന്ന സഹജീവി എന്ന നിലയിലേക്ക് സ്ത്രീയെ വെട്ടിച്ചുരുക്കുന്ന ധാരാളം
പുരുഷന്‍മാരെ ഞാന്‍ കണ്ടിട്ടുണ്ട്. കടലിന്റെ മണത്തിലെ സഫിയ ശരാശരി പുരുഷ വീക്ഷണത്തില്‍ രൂപപ്പെട്ടവളല്ല. പുരുഷന് സുഖം പകരുക എന്ന ജോലി ഏറ്റെടുക്കുന്ന ചില നിമിഷങ്ങളിലൂടെ അവള്‍ കടന്നു പോകുന്നുണ്ട്. അപ്പോഴും അവള്‍ക്കറിയാം താനൊരു കലാകാരിയാണെന്ന്. ജീവിതത്തെ അനുഭൂതിദായകമായ കലയാക്കി മാറ്റാനുള്ള ശേഷിയുള്ളവളാണ് താനെന്ന തിരിച്ചറിവാണ് സഫിയയെ നയിക്കുന്നത്. അവള്‍ കിടക്ക പങ്കിടുന്ന പുരുഷന്‍മാര്‍ വളരെ പെട്ടെന്ന് തകര്‍ന്നടിഞ്ഞ് ദുര്‍ബ്ബലരാ കുന്നതും ചിലപ്പോള്‍ അമ്മയുടെ വാല്‍സല്യം തേടുന്ന കുഞ്ഞായി മാറുന്നതും അവള്‍ കണ്ടിട്ടുണ്ട്. ലൈംഗികതയെ മല്‍സരിച്ചു ജയിക്കേണ്ട ഒരു ഇനമായി കാണുന്നതിനാലാകുമോ പുരുഷന്‍ ഓരോ അനുഭവത്തിനു ശേഷവും കൂടുതല്‍ ദുഖിതനായിത്തീരുന്നത്. സുഖാനുഭവങ്ങളെല്ലാം ഒടുവില്‍ ദുഖത്തിലേക്കാണോ നയിക്കുന്നത്. എല്ലാ വിജയങ്ങളും അവസാനം തോല്‍വിയായി മാറുന്നതുപോലെയാണോ ഇതും. താന്‍ മൂലം ദുരിതമനുഭവിച്ച മായയെ കാണുമ്പോഴാണ് അവള്‍ക്ക് ആദ്യമായി സ്‌നേഹവും ആദരവും ഒന്നിച്ചനുഭവപ്പെടുന്നത്.
സാഹിത്യം
നോവലോ സിനിമയോ പോലെയുള്ള ഒരു കലാരൂപത്തില്‍ നമ്മുടെ ജീവിതത്തിലെന്നതുപോലെ സമാന്തരമായ ഒരു കാലവും സ്ഥലവും മനുഷ്യനു നല്‍കുന്നുണ്ട് എന്ന ചിന്തയോടെയാണ്
എഴുത്തുകാരും അയാളുടെ കഥാപാത്രങ്ങളും ജീവിക്കുന്നത്. ഭാവനയാല്‍ സൃഷ്ടിക്കപ്പെട്ട
ലോകത്തില്‍ മനുഷ്യര്‍ക്കു താമസിക്കാന്‍ ഒരിടം ഉണ്ടാകുമ്പോഴാണ് നല്ല കലാസ്വാദകര്‍ അതില്‍ ജീവിക്കാനാഗ്രഹിക്കുന്നത്. അതുകൊണ്ടാണ് ഈ നോവലിലെ രണ്ടു കഥാപാത്രങ്ങള്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട സിനിമയിലേക്കും നോവലിലേക്കും കയറിപ്പോകാനാഗ്രഹിക്കുന്നത്. ഒരു വൂഡി അലന്‍ സിനിമയിലെന്നതുപോലെ കാവബാത്തയുടെ
നോവലിലേക്കു കയറിപ്പോകാന്‍ ഒരു കഥാപാത്രം ആഗ്രഹിക്കുന്നുണ്ട്. ഇതുവരെ എഴുതിയ നോവലുകളുടെ സ്പര്‍ശമില്ലാത്ത ഒരു കൃതി എഴുതാനുള്ള എന്റെ തീവ്രമായ ഒരാഗ്രഹം ഇതെഴുതുമ്പോഴുണ്ടായിട്ടുണ്ട്. വിവരണകലയാണ് സാഹിത്യം എന്ന ബോധ്യമുണ്ടായിരുന്നുവെങ്കിലും ഈ നോവലിലെ ചില കഥാപാത്രങ്ങളെയും സംഭവങ്ങളെയും ഞാനമിതമായി സ്‌നേഹിച്ചുപോയിട്ടുമുണ്ട്. ജീവിക്കുമ്പോള്‍ അതിന്റെ സത്ത തിരിച്ചറിയപ്പെടാതെ പോകുന്നതുപോലെ എഴുത്തിനിടയില്‍ ചിലതു സംഭവിക്കുന്നു. നോവലിസ്റ്റിന് സ്വന്തം കൃതിയില്‍ എത്രത്തോളം സ്വാതന്ത്ര്യം എടുക്കാം എന്ന ചിന്ത ഇതെഴുതുമ്പോള്‍ എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. അവസാനം വരുമ്പോള്‍ എല്ലാ കൃതികളും സമാനഹൃദയരായ ചിലര്‍ക്കു വേണ്ടി എഴുതപ്പെടുന്ന രഹസ്യ സന്ദേശങ്ങളാണ്. എന്റെ എഴുത്തിനെ ഇഷ്ടപ്പെടുന്നവര്‍ക്കുള്ള പ്രേമലേഖനമാണിത് എന്നും എനിക്കു തോന്നുന്നുണ്ട്.
പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.