വേദനകൾ പിഴുതെടുത്ത്, ആഹ്ലാദച്ചിറകുകൾ തുന്നിച്ചേർത്ത് പറത്തി വിടുന്ന മാന്ത്രിക കഥകൾ
പി.കെ. പാറക്കടവിന്റെ ‘കടലിന്റെ ദാഹം’ എന്ന പുസ്തകത്തിന് ജി. പ്രമോദ് എഴുതിയ വായനാനുഭവം
ലോകം പൂട്ടിയ താക്കോലുമായി രോഗാണു നടന്നു പോകുന്ന കാലത്ത് എഴുതിയ കഥകളാണിത്. തിരഞ്ഞെടുപ്പിന്റെ, ജനാധിപത്യത്തിന്റെ മാസ്‌ക് താനും അണിഞ്ഞിരുന്നു എന്ന് ഹിറ്റ്‌ലര്‍ നരകത്തില്‍ വെളിപ്പെടുത്തിയതും ഇതേ കാലത്താണ്. കൈ കഴുകുക പണ്ടേ തന്റെ ശീലമായിരുന്നു എന്ന് പിലാത്തോസ് ഹിറ്റ്‌ലറിനോട് പറഞ്ഞത്രെ. ഫെയ്‌സ് ബുക്കിലുറങ്ങി, വാട്‌സാപ്പില്‍ ഉണര്‍ന്ന്, ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും ജീവിക്കുന്ന പുതുതലമുറ. അടച്ചിട്ട മുറികള്‍ക്ക് പുറത്ത് തെരുവില്‍ വൈറസ് കമ്യുവിന്റെ പ്ലേഗില്‍ നിന്ന് വായിക്കുന്നു: ‘ സ്‌നേഹരഹിതമായ ലോകം ചത്ത ലോകമാണ് ” എന്നിട്ടും ജീവിതപ്പാത്രങ്ങളില്‍ നിന്ന്വേദനകള്‍ പിഴുതെടുത്ത്, ആഹ്ലാദച്ചിറകുകള്‍ തുന്നിച്ചേര്‍ത്ത് മന്ത്രികനായ എഴുത്തുകാരന്‍ കഥകള്‍ പറത്തി വിടുന്നു. ആ കഥകളുടെ സമാഹാരമാണ് കടലിന്റെ ദാഹം. മിന്നല്‍ക്കഥകളുടെ എഴുത്തുകാരന്‍ പി.കെ. പാറക്കടവിന്റെ പുതിയ കഥകളുടെ കൂട്ടം .
ഒറ്റവരി കഥകള്‍ പോലും ഇന്ന് എഴുതപ്പെടുന്നുണ്ട്.ഒരു വരിയിലേക്കും കഥയെ ഒതുക്കാമെന്നും ചുരുക്കാമെന്നും തെളിയിച്ചത് പാറക്കടവാണ്. മിനിക്കഥകയിലൂടെ , വികാരങ്ങളുടെ, വിചാരങ്ങളുടെ മിന്നല്‍ വായിക്കുന്ന കഥകളിലൂടെ .അവയിന്ന് മലയാളത്തില്‍ സ്വന്തം ഇടം കണ്ടെത്തിയിരിക്കുന്നു. സംതൃപ്തിയോടെ അദ്ദേഹം ഒരു പേജ് കഥകളുമായി പ്രയാണം തുടരുന്നു. സന്ധ്യ എന്ന കഥയില്‍ ഒരു വരിയേയുള്ളൂ. എന്നിട്ടും കഥ വായിച്ച് തീരുമ്പോള്‍ മനസ്സ് നിറയുന്നു. മറ്റൊന്നും വായിക്കാനാവാതെ തരിച്ചിരിക്കുന്നു. അങ്ങനെയൊരു ധ്യാനം എത്ര കഥകള്‍ക്കും കവിതകള്‍ക്കും നോവലുകള്‍ക്കും സമ്മാനിക്കാനാവും.
ഇരുട്ട് ആശ്വസിച്ചു: എന്നെ പുണരാന്‍ വരുന്നത് കൊണ്ടാണ് സന്ധ്യാവെളിച്ചത്തിന് ഇത്രയും ഭംഗി. കുറുങ്കവിതകള്‍ പോലെ ആസ്വദിക്കാവുന്ന കഥകളുമുണ്ട് ഇക്കൂട്ടത്തില്‍.പ്രകൃതി ബിംബങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നവ. എന്നാല്‍, കാല്‍പനികതയിലല്ല എഴുത്തുകാരന്‍ ഊന്നുന്നത്.
വ്യത്യസ്തവും മൗലികവുമായ വേറിട്ട കാഴ്ചയില്‍.
ഭൂമി ചിലയിടങ്ങളില്‍ നിവര്‍ന്നു നിന്ന്
ദൈവത്തെ ഒളിച്ചു നോക്കാറുണ്ട്;നമ്മളതിനെ
പര്‍വതങ്ങള്‍ എന്ന് വിളിക്കുന്നു.
‘ പര്‍വ്വതങ്ങയുടെ മൗനം ‘ എന്ന കഥ മറ്റൊരു കാഴ്ച അവതരിപ്പിക്കുന്നു. ഓട്ട വീണ വാക്കുകളുടെ കലപില ശബ്ദങ്ങളും അര്‍ത്ഥമില്ലാത്ത ഉപചാരങ്ങളും ശബ്ദ പ്രളയങ്ങളും മടുത്തിട്ടാണ് പര്‍വതങ്ങള്‍ ഒരു മൂലയില്‍ പോയി മൗനം പുതച്ച് നില്‍ക്കുന്നത്.
പൂമ്പാറ്റകള്‍ പല കഥകളിലും ആവര്‍ത്തിച്ചു വരുന്നു. അവരുടെ ആദിമ ജന്മങ്ങളായ പുഴുക്കളും. മഴയുണ്ട്. കടലും ദാഹവുമുണ്ട്. വെയിലുണ്ട്. ദൈവവും പിശാചുമുണ്ട്. മനുഷ്യരുമുണ്ട്. ആത്യന്തികമായി ഈ കഥകള്‍ ജീവിതത്തെക്കുറിച്ച് ഓര്‍മിപ്പിക്കുന്നു. മൂല്യമറിയാതെ ജീവിതത്തെ പഴിക്കുന്നവരെ വെളിപാടിലേക്ക് നയിക്കുന്നു. അതിഥി എന്ന കഥയില്‍ ജീവിത വേദാന്തമുണ്ട്. ജീവിതത്തിന്റെ അനശ്വരതയും മരണത്തിന്റെ നശ്വരതയുമുണ്ട്.
ജീവിതം മരണത്തോട് പറഞ്ഞു: നീ ഒരിക്കല്‍ മാത്രം അതിഥിയായതിനാലാകാം നിന്നെക്കുറിച്ച് എപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നതും എപ്പോഴും കൂടെയുള്ള എനിക്ക് ഒരു സ്ഥാനവുമില്ലാത്തതും. നമ്മളും മരങ്ങളും തമ്മിലുള്ള വ്യത്യാസവും പാറക്കടവ് കണ്ടെത്തുന്നുണ്ട്. നമ്മള്‍ കുനിഞ്ഞു നിന്ന് ഭൂമിയില്‍ നോക്കി ദൈവത്തോട് സംസാരിക്കുന്നു.
മരങ്ങള്‍ നീണ്ടു നിവര്‍ന്നു നിന്ന്ആകാശത്തേക്ക് നോക്കി ദൈവത്തിന് ചെകിടോര്‍ക്കുന്നു.
കടപ്പാട് മനോരമ
Comments are closed.