DCBOOKS
Malayalam News Literature Website

മഴത്തുള്ളിയില്‍ സമുദ്രമിരമ്പുന്നു!

മിന്നലിന്‍റെ തീവ്രതയും ഇടി മുഴക്കവുമുള്ള കഥകള്‍ പ്രപഞ്ചത്തെ വെട്ടിപ്പിളര്‍ക്കുകയാണ്.

പി കെ പാറക്കടവിന്‍റെ ‘കടലിന്‍റെ ദാഹം’  എന്ന പുസ്തകത്തിന്  അമീന്‍ പുറത്തീല്‍ എഴുതിയ വായനാനുഭവം

ജീവിതങ്ങളിൽ നിന്ന് വേദനകൾ പിഴുതെടുത്ത് ആഹ്ലാദച്ചിറകുകൾ തുന്നിച്ചേർത്ത് പറത്തി വിടുന്ന മാന്ത്രികനാണ് എഴുത്തുകാരനെങ്കില്‍,  ആ വിശേഷണം പൂര്‍ണ്ണമായും അന്വര്‍ത്ഥമാക്കുകയാണ് പി കെ പാറക്കടവ്.

സൂഫിക്കഥകളുടെ ദാർശനികതയും, അധർമ്മത്തിനും അനീതിക്കുമെതിരെയുള്ള മൂർച്ചയുള്ള വാക്കുകളുമാണ് ഈ കഥകളുടെ കാതല്‍. മിന്നലിന്‍റെ തീവ്രതയും ഇടി മുഴക്കവുമുള്ള കഥകള്‍ പ്രപഞ്ചത്തെ വെട്ടിപ്പിളര്‍ക്കുകയാണ്.

സുന്ദരിക്കൊരു സിന്ദൂരപ്പൊട്ട് പോലെ, മലയാള കഥാ സാഹിത്യത്തിന്നൊരലങ്കാരമാണ് പാറക്കടവിന്‍റെ മിന്നല്‍ കഥകള്‍. തീരെച്ചെറിയ വാക്കുകള്‍ കൊണ്ട് മലയാള കഥയില്‍ സൌന്ദര്യാനുഭൂതികളുടെ ഒരു പുതിയ ഉദ്യാനം പണിത പാറക്കടവിന്‍റെ ഏറ്റവും പുതിയ കഥാ സമാഹാരമാണ് ‘കടലിന്‍റെ ദാഹം’.

‘സത്യമായും, ഒറ്റയ്ക്ക് നടക്കുമ്പോള്‍ ആകാശത്തു നിന്ന് ഉറ്റി വീഴുന്ന മഴത്തുള്ളിയെ കടലാക്കാനാകുമോ എന്ന ശ്രമമാണ് എന്‍റെ കഥ. ദൈവം എനിക്ക് വായിക്കാന്‍ തന്ന പ്രപഞ്ചത്തിന്‍റെ താളില്‍ നിന്ന് നോക്കി വരയ്ക്കുന്ന ഒരു ചിത്രം മാത്രമാണ് എന്‍റെ കഥ.’ സ്വന്തം കഥകളെ കുറിച്ച് കഥാകൃത്ത് മുഖമൊഴിയില്‍ പറയുന്നതിങ്ങനെയാണ്.

Textമഴത്തുള്ളി പോലുള്ള കുഞ്ഞു കഥകള്‍ അനന്തമായ കടലാകുന്ന മാന്ത്രികതയും പ്രപഞ്ചത്തിന്‍റെ വര്‍ണ്ണ ചിത്രവുമാണ് കഥകളുടെ ഉള്ളടക്കം. ഒരു മഴത്തുള്ളി വായനക്കാരുടെ മനസ്സില്‍ ഒരു മഹാ സമുദ്രത്തിന്‍റെ ഇരമ്പമുണ്ടാക്കുന്നു.

രണ്ടാണ്ടോളമായി ലോകത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ മഹാമാരിയെ ഒറ്റ വാക്യത്തിലാണ് കഥാകൃത്ത് നിര്‍വ്വചിക്കുന്നത്. ‘ലോകം പൂട്ടിയ താക്കോലുമായി ഒരു രോഗാണു നടന്നു പോകുന്നു.’

‘കടല്‍ കൊണ്ട് കഴുകിയാലും പോകാത്ത വിദ്വേഷാണുക്കള്‍ ഉള്ളിലിരുന്ന് ചിരിച്ചു.’ വര്‍ത്തമാന കാലത്തെ വിഷലിപ്തമായ  മറ്റൊരു ദുരന്തത്തെ കുറിച്ചു പറയാന്‍ കഥാകൃത്തിന് ഏറെ വാക്കുകള്‍ വേണ്ട! മനുഷ്യരുടെ അഴുകിയ ഉള്ളിനെ കുറിച്ചുള്ള കഥാകൃത്തിന്‍റെ ആധി ‘തങ്ങി നില്‍ക്കുന്ന മഴ’ എന്ന കഥയിലും ആവര്‍ത്തിക്കുന്നു.

സാഹിത്യ രചന സോഷ്യല്‍ മീഡിയയിലെ നേരം പോക്കായി കാണുന്ന വര്‍ക്ക് നേരെയുള്ള കറുത്ത പരിഹാസമാണ് മൂല്യം എന്ന കഥ.. പരലോകത്തെത്തിയ എഴുത്തുകാരന്‍ ബഷീറിനോട്‌ ചോദിക്കുന്നത് ‘ബാല്യകാല സഖിക്ക് എത്ര ലൈക്ക് കിട്ടി, കമന്‍റ് കിട്ടി എന്നാണ്. ബഷീര്‍ ബോധം കെട്ടു വീഴുന്നു. സാഹിത്യ കാരന്‍റെ വേഷം കെട്ടി ഫെയ്സ് ബുക്കിലുറങ്ങുന്ന യുവ എഴുത്തുകാരന്‍റെ അല്പത്തരത്തിന് നേരെയുള്ള കൊഞ്ഞനമണത്.

അന്യരുടെ ജീവിതത്തിലേക്ക് എത്തി നോക്കുകയും അവരുടെ ഇല്ലായ്മയും നിസ്സഹായതയെയും പരിഹസിക്കുന്ന മനുഷര്യുടെ കഥയാണ് ഇലകളുടെ സംഭാഷണത്തിലൂടെ പറഞ്ഞു വെക്കുന്നത്. ‘മരണ ദൂതന്‍ നിന്നെ കൊണ്ട് പോകാന്‍ വരുന്നത് നീ കാണുന്നില്ലേ? എന്നിട്ടും നിനക്ക് പേടിയില്ലേ?’ എന്ന് ചോദിച്ച പച്ചിലയെ ആടു തിന്നുന്ന നടുക്കുന്ന സത്യം പഴുത്തില ഇവിടെ കാണുന്നു. ആരും കാണാത്ത നീണ്ട കരച്ചിലാണ് ജീവിതം എന്ന യഥാര്‍ത്ഥ്യം ഇവിടെ പുലരുന്നു.

ലോകം പട്ടിണിയിലലിഞ്ഞു ഇല്ലാതാകുമ്പോള്‍, മറുവശത്ത്‌ പാചക മത്സരത്തിന്‍റെ മഹാമേള അരങ്ങു തകര്‍ക്കുന്ന ദൈന്യതയുടെ ആഴമാണ് തീ എന്ന നാലുവരിക്കഥ.

വലിയൊരു കലഹത്തില്‍ കലാശിക്കുന്ന ദാമ്പത്യത്തെ വളരെ മനോഹരമായ നര്‍മ്മത്തിലൂടെ കെട്ടഴിച്ചു മാറ്റാനാവാത്ത വിധം ഇണക്കുകയാണ് ‘ദാമ്പത്യം.’ അലക്ക് യന്ത്രത്തില്‍ അവളുടെ ചൂരിദാറും അയാളുടെ പാന്‍റ്സും കൂട്ടിക്കുഴഞ്ഞു കിടക്കുന്നു. അത് കാണുന്നതോടെ ദമ്പതികള്‍ ചിരിക്കുകയും ഇണങ്ങുകയും ചെയ്യുന്നു.

വ്യാജ നിര്‍മ്മിതികളും അസത്യങ്ങളും പെരുകിയ ഇന്നത്തെ കാലത്തെ ബോധ്യമാണ് ‘പൂമ്പാറ്റകള്‍ നൃത്തം ചെയ്യുംമ്പോള്‍’. ‘ദൈവമേ, കേള്‍ക്കുന്നതോന്നുമല്ല സത്യം’ എന്ന കഥാകൃത്തിന്‍റെ നിലവിളി വായനക്കാരന്‍റെ ഉള്ളു പൊള്ളിക്കുന്നു.

സമൃദ്ധിയില്‍ നിറഞ്ഞു കവിയുമ്പോഴും മനുഷ്യരുടേതെന്ന പോലെ തിരയുടെയും ദാഹമടങ്ങായ്മ വരച്ചുകാട്ടുന്ന ‘കടലിന്‍റെ ദാഹം’ ‘മൗനത്തിന്‍റെ നിലവിളി’ പോലെ പാറക്കടവിന്‍റെ പേനയ്ക്ക് മാത്രം സാധിക്കുന്നതാണ്.

വ്യത്യസ്തമായ ആശയങ്ങളും ദര്‍ശനങ്ങളും കൊണ്ട് സമ്പന്നമാണ് ഓരോ കഥകളും എന്ന് വായനക്കാരന് ബോധ്യമാകുന്നതാണ് ഈ പുസ്തകത്തിന്‍റെ വശ്യത. കടലാഴിയോളം വേരിറങ്ങിയതും പര്‍വ്വതത്തോളം വളര്‍ന്നു പൂത്തു നില്‍ക്കുന്നതുമാണ് പാറക്കടവിന്‍റെ ഓരോ മിന്നല്‍ കഥകളും.

പുസ്തകം വാങ്ങാന് ക്ലിക്ക് ചെയ്യൂ 

Comments are closed.