DCBOOKS
Malayalam News Literature Website

വി മുസഫര്‍ അഹമ്മദിന്റെ മരുമരങ്ങള്‍ക്ക് കെ വി സുരേന്ദ്രനാഥ് അവാര്‍ഡ്‌

2017ലെ കെ വി സുരേന്ദ്രനാഥ് പുരസ്‌കാരത്തിന് മുസഫര്‍ അഹമ്മദ് അര്‍ഹനായി. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച മരുമരങ്ങള്‍ ആണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കീത്. പൂജപ്പുരയിലെ സി അച്യൂതമേനോന്‍ സെന്ററില്‍ ഫെബ്രുവരി അവസാനം നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

2010ല്‍ കേരള സാഹിത്യ അക്കാദമിയുടെ മികച്ച സഞ്ചാര സാഹിത്യ കൃതിക്കുള്ള അവാര്‍ഡ് ലഭിച്ച മരുഭൂമിയുടെ ആത്മകഥ എന്ന കൃതിയുടെ തുടര്‍ച്ചയായി വി.മുസാഫര്‍ അഹമ്മദ് രചിച്ച പുസ്തകമാണ് മരുമരങ്ങള്‍. മരുഭൂമിയുടെ കഥയാണ് മരുമരങ്ങള്‍. കടലോളം കണ്ണെത്താത്ത അറേബ്യന്‍ മണല്‍നിലങ്ങളിലെ ആരും കാണാത്തതും പറയാത്തതുമായ അത്ഭുതകഥകള്‍ മുസാഫര്‍ അഹമ്മദ് വായനക്കാര്‍ക്കായി തുറന്നുവെക്കുന്നു. ആണ്ടുകളോളം മണ്ണില്‍ പൂഴ്ന്ന് തപസ്സ് കിടക്കുന്ന വിത്ത് മരുഭൂമിയില്‍ പെയ്യുന്ന ഒറ്റമഴയില്‍ മുളപൊട്ടി മരുമരമാകുന്നതുപോലെ വരണ്ട മണല്‍ക്കാറ്റിലും വാക്കിന്റെ ആര്‍ദ്രമായ പച്ചപ്പായി നമ്മെ വിസ്മയിപ്പിക്കുന്നു ഈ ആഖ്യാനങ്ങള്‍. ജീവന്റെ തുടിപ്പുകള്‍ എവിടെയുണ്ടന്നും അത് അന്വേഷിച്ചു കണ്ടെത്തുന്നതാണ് ജീവിതയാത്രയുടെ സാഫല്യമെന്നും നമ്മെ ഓര്‍മ്മപ്പെടുത്തുന്ന അകകാഴ്ചകളാണ് മരുമരങ്ങള്‍ പങ്കുവയ്ക്കുന്നത്.

പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമാണ് മുസാഫര്‍ അഹമ്മദ്. ഗായകന്‍ ഗുലാം അലി ഉള്‍പ്പെടെ നിരവധി പ്രശസ്തരുമായി അഭിമുഖം നടത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 13 വര്‍ഷത്തെ സൗദി അറേബ്യന്‍ ജീവിത കാലത്ത് അദ്ദേഹം നടത്തിയ യാത്രകള്‍ രേഖപ്പെടുത്തിയ മരുഭൂമിയുടെ ആത്മകഥ എന്ന കൃതിയ്ക്ക് 2010ല്‍ കേരള സാഹിത്യ അക്കാദമിയുടെ മികച്ച സഞ്ചാര സാഹിത്യ കൃതിക്കുള്ള അവാര്‍ഡ് ലഭിച്ചു.

Comments are closed.