കെ.വി. രാമനാഥൻ സാഹിത്യ പുരസ്കാരം ഇ.പി ശ്രീകുമാറിന്
യുവകലാസാഹിതിയുടെ പ്രഥമ കെ.വി. രാമനാഥൻ സാഹിത്യ പുരസ്കാരത്തിന് കവി ഇ.പി. ശ്രീകുമാർ അർഹനായി. പുരസ്കാരത്തുക 20,000 രൂപയാണ്. പുരസ്കാരം ഏപ്രിൽ 10-ന് സമ്മാനിക്കുമെന്ന് യുവകലാസാഹിതി മണ്ഡലം ഭാരവാഹികളായ കെ.കെ. കൃഷ്ണാനന്ദബാബു, അഡ്വ. രാജേഷ് തമ്പാൻ, വി.എസ്. വസന്തൻ എന്നിവർ ചേർന്ന പത്രസമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ 10 വൈകീട്ട് 4.30 ന് ഇരിങ്ങാലക്കുട ടൗൺഹാളിൽ യുവകലാസാഹിതിയും മഹാത്മാഗാന്ധി ലൈബ്രറിയും ചേർന്ന് സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും.
നോവലിസ്റ്റ്, കഥാകൃത്ത് എന്നീ നിലകളിൽ ശ്രദ്ധേയനായ ഇ.പി. ശ്രീകുമാറിന്റെ കഥകൾ നിരവധി ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. മാറാമുദ്ര എന്ന നോവൽ ‘അഴിയാമുതിരെ’ എന്ന പേരിലും പരസ്യശരീരം എന്ന കഥാസമാഹാരം ‘വിളംബര ഉടൽ’ എന്ന പേരിലും തമിഴിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളസാഹിത്യ അക്കാദമി അവാർഡ്, കറന്റ് ബുക്‌സ് സുവർണ്ണ ജൂബിലി നോവൽ പുരസ്‌കാരം, അബുദാബി ശക്തി അവാർഡ്, പത്മരാജൻ പുരസ്‌കാരം, ടി.വി. കൊച്ചുബാവ കഥാപുരസ്‌കാരം, അയനം സി.വി. ശ്രീരാമൻ കഥാപുരസ്‌കാരം, ദുബായ് ഗലേറിയ ഗാലന്റ് അവാർഡ്, മഹാകവി ഉള്ളൂർ സ്മാരക സാഹിത്യ അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങലും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.