ഡി.സി മെഗാ ബുക്ക് ഫെയര്‍ കെ.സച്ചിദാനന്ദന്‍ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: മലയാളം-ഇംഗ്ലീഷ് പുസ്തകങ്ങളുടെ വൈവിധ്യമാര്‍ന്ന ശേഖരമൊരുക്കിക്കൊണ്ട് ഡി.സി ബുക്‌സ് തലസ്ഥാന നഗരിയില്‍ സംഘടിപ്പിക്കുന്ന പുസ്തകമേളക്കും സാംസ്‌കാരികോത്സവത്തിനും തുടക്കം കുറിച്ചു. രാവിലെ 10.30ന് മലയാളത്തിലെ പ്രശസ്ത കവി കെ. സച്ചിദാനന്ദന്‍ പുസ്തകമേളക്ക് തിരികൊളുത്തി. ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ ജൂണ്‍ 30 മുതല്‍ ജൂലൈ 15 വരെയാണ് മെഗാ ബുക്ക് ഫെയര്‍ സംഘടിപ്പിക്കുന്നത്.
പുസ്തകോത്സവത്തോടനുബന്ധിച്ച് വിവിധ ദിവസങ്ങളില്‍ സാംസ്‌കാരിക സമ്മേളനം, പുസ്തകപ്രകാശനം, പുസ്തക ചര്‍ച്ച എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
ജൂണ്‍ 30 ശനിയാഴ്ച വൈകിട്ട് 5.30-ന് ദീപാ നിശാന്ത് എഴുതിയ കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍ എന്ന കൃതിയുടെ പുസ്തകപ്രകാശനവും ഒപ്പം, ദീപാ നിശാന്തിന്റെ ഏറ്റവും പുതിയ പുസ്തകമായ ഒറ്റമരപ്പെയ്ത്തിന്റെ കവര്‍ചിത്രാവതരണവും നടക്കും. ലക്ഷ്മീദേവിയുടെ കൊലുസണിയാത്ത മഴ എന്ന പുതിയ കൃതിയുടെ പ്രകാശനവും ഇതോടൊപ്പമുണ്ട്. ഡോ. ജോര്‍ജ് ഓണക്കൂര്‍, ഭാഗ്യലക്ഷ്മി, ലക്ഷ്മീദേവി, ബി. അരുന്ധതി, ദീപാ നിശാന്ത് , വിധു വിന്‍സെന്റ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ജൂലൈ നാലിന് വൈകിട്ട് 5.30-ന് ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഐപിഎസും അമ്മു എലിസബത്ത് അലക്‌സാണ്ടറും ചേര്‍ന്നെഴുതിയ മറക്കാതിരിക്കാന്‍ ബുദ്ധിയുള്ളവരാകാന്‍ എന്ന കൃതിയുടെ പുസ്തക പ്രകാശനം നടക്കും. ഡി. ബാബുപോള്‍,ഡോ. അരുണ്‍ ബി.നായര്‍, ഡോ, അലക്‌സാണ്ടര്‍ ജേക്കബ് എന്നിവര്‍ പുസ്തകപ്രകാശന ചടങ്ങില്‍ പങ്കെടുക്കും.
ജൂലൈ അഞ്ച് വ്യാഴാഴ്ച വൈകിട്ട് 5.30ന് ബി ഉമാദത്തന്റെ അവയവദാനം അറിയേണ്ടതെല്ലാം എന്ന കൃതിയുടെ പുസ്തകപ്രകാശനം നടക്കും. ഡോ.സി.പി നായര്‍, സോമരാജന്‍ ഐ.പി.എസ്, ഡോ.നോബിള്‍ ഗ്രേഷ്യസ്, ഡോ.ബി. ഉമാദത്തന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. ജൂലൈ ഏഴിന് വൈകിട്ട് 5.30ന് ഷിംന അസീസിന്റെ പിറന്നവര്‍ക്കും പറന്നവര്‍ക്കും ഇടയില്‍ എന്ന കൃതിയുടെ പുസ്തകപ്രകാശനവും നടക്കും. ഡോ. ബി. ഇക്ബാല്‍, ഡോ.വി.രാമന്‍കുട്ടി, ഡോ. ജിനേഷ് പി.എസ്, മനോജ് വെള്ളനാട്, ഡോ. ജിമ്മി മാത്യു, ഡോ. ഷിംന അസീസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുന്നു.ജൂലൈ പത്ത് വൈകിട്ട് 5.30ന് സി.എസ് വെങ്കിടേശ്വരന്‍ രചിച്ച മലയാളിയുടെ നവമാധ്യമജീവിതം എന്ന പുതിയ കൃതിയുടെ പുസ്തകപ്രകാശനം നടക്കും. ദാമോദര്‍പ്രസാദ്, പി.എന്‍ ഗോപീകൃഷ്ണന്‍, മീന ടി. പിള്ള, സി.എസ് വെങ്കിടേശ്വരന്‍ എന്നിവര്‍ പുസ്തകപ്രകാശനത്തില്‍ പങ്കെടുക്കുന്നു.
ജൂലൈ 11 ബുധനാഴ്ച കെ.വി മോഹന്‍കുമാറിന്റെ ദേവരതി: താന്ത്രിക് യാത്രകളിലെ മായക്കാഴ്ചകള്‍ എന്ന കൃതിയുടെ പുസ്തകപ്രകാശനം നടക്കും. വി മധുസൂദനന്‍ നായര്‍, സതീഷ് ബാബു പയ്യന്നൂര്‍, കെ.എ ബീന, സുനില്‍ സി.ഇ, കെ.വി മോഹന്‍ കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ജൂലൈ 12 വ്യാഴാഴ്ച വൈകിട്ട് 5.30ന് പ്രദീപ് പനങ്ങാടിന്റെ കേരളത്തിലെ ബദല്‍പ്രസ്ഥാനങ്ങള്‍ എന്ന കൃതിയെ കുറിച്ചുള്ള ചര്‍ച്ച സംഘടിപ്പിക്കുന്നുണ്ട്. ബി. രാജീവന്‍, സി.എസ് വെങ്കിടേശ്വരന്‍, പ്രിയദാസ് ജി. മംഗലത്ത്, രാഹുല്‍ രാധാകൃഷ്ണന്‍, പ്രദീപ് പനങ്ങാട് എന്നിവര്‍ ഈ പുസ്തക ചര്‍ച്ചയില്‍ പങ്കെടുക്കുന്നു. ജൂലൈ 13 വെള്ളിയാഴ്ച വൈകിട്ട് കെ.എ ബീനയുടെ അതിര്‍ത്തിയുടെ അതിര് എന്ന കൃതിയുടെ പ്രകാശനം നടക്കും. പെരുമ്പടവം ശ്രീധരന്‍, വിനീതാ ഗോപി, മീഡിയാ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു, പ്രജേഷ് സെന്‍, ഗീതാ നസീര്‍, കെ.എ ബീന എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.
പുസ്തകമേളയോടനുബന്ധിച്ച് ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ പ്രസാധകരുടെ നിരവധി പുസ്തകങ്ങള്‍ വായനക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്. കഥ, കവിത, നോവല്‍, ജനപ്രിയഗ്രന്ഥങ്ങള്‍, ക്ലാസിക്കുകള്‍, റഫറന്‍സ് പുസ്തകങ്ങള്‍, ബാലസാഹിത്യഗ്രന്ഥങ്ങള്‍, ഡിക്ഷ്ണറികള്‍, സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍, മത്സരപരീക്ഷകള്‍ക്കുള്ള പഠനസഹായികള്‍, ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍, പാചകം, യാത്രാവിവരണങ്ങള്‍, ജീവചരിത്രങ്ങള്‍, ആത്മകഥ, ആരോഗ്യം തുടങ്ങി വിവിധ വിഭാഗങ്ങളിലായി ലക്ഷക്കണക്കിന് മലയാളം-ഇംഗ്ലീഷ് പുസ്തകങ്ങള്‍ മേളയില്‍ ലഭ്യമാകും. നിങ്ങളുടെ ഇഷ്ടപുസ്തകങ്ങള്‍ 50 ശതമാനം വരെ വിലക്കുറവില്‍ സ്വന്തമാക്കാനുള്ള ഒരു സുവര്‍ണാവസരമാണിത്. ദിവസവും രാവിലെ പത്ത് മണി മുതല്‍ രാത്രി എട്ട് വരെയാണ് മേളയുടെ സമയം.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: 9946109646
Comments are closed.