പുസ്തകോത്സവവേദിയെ സംഗീതസാന്ദ്രമാക്കി കെ.എസ്.ചിത്ര
മലയാളികളുടെ പ്രിയ ഗായിക കെ.എസ്.ചിത്ര ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവവേദിയില്‍ അതിഥിയായി എത്തി. ഒലീവ് പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ ഓര്‍മ, അനുഭവം, യാത്ര എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനായാണ് കെ. എസ് ചിത്ര എത്തിയത്. ഡോ എം.കെ മുനീര്‍ അധ്യക്ഷനായ ചടങ്ങില്‍ കഥാകൃത്ത് ടി. പത്മനാഭന്‍ പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചു. യുവ സാഹിത്യകാരന്‍ ലിജീഷ്‌കുമാര്‍ പുസ്തകം പരിചയപ്പെടുത്തി.
മലയാളികള്‍ സ്‌നേഹത്തോടെ കേട്ടുകൊണ്ടിരിക്കുന്ന മധുരശബ്ദമാണ് ചിത്രയുടേതെന്ന് എം.കെ.മുനീര്‍ പറഞ്ഞു ഒരു വര്‍ഷം മുമ്പ് ബഹ്‌റൈനില്‍ നടന്ന നവരാത്രി ആഘോഷത്തോടനുബന്ധിച്ചുള്ള പരിപാടിയിലാണ് താന്‍ ആദ്യമായി കെ.എസ്. ചിത്രയെ കാണുന്നതെന്ന് ടി. പത്മനാഭന്‍ പറഞ്ഞു. മഹാന്മാരായ കലാകാരന്മാര്‍ മഹാന്മാരായ മനുഷ്യരാകണമെന്ന് നിര്‍ബന്ധമില്ലെങ്കിലും, കെ.എസ്.ചിത്ര കലാരംഗത്തെ തന്റെ പ്രതിഭാപരിശുദ്ധി സ്വന്തം ജീവിതത്തിലും പുലര്‍ത്തുന്നുവെന്ന് ടി.പത്മനാഭന്‍ പറഞ്ഞു.
പലവട്ടം യു.എ.ഇ. സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ഷാര്‍ജ പുസ്തകമേളയില്‍ പങ്കെടുക്കുന്നത് ആദ്യമായിട്ടാണെന്ന് കെ.എസ്.ചിത്ര പറഞ്ഞു. തന്റെ, ‘ഓര്‍മ്മ അനുഭവം യാത്ര’ എന്ന പുസ്തകം ടി.പത്മനാഭനെ പോലെയുള്ള ഒരു മഹാപ്രതിഭ പ്രകാശനം ചെയ്തതില്‍ ഏറെ സന്തോഷമുണ്ടെന്നും ചിത്ര കൂട്ടിച്ചേര്‍ത്തു.
കോട്ടന്‍ഹില്‍ സ്‌കൂളിലെ പഠനകാലത്ത് ലഭിച്ച പ്രോത്സാഹനങ്ങള്‍ ഗായികയാകാന്‍ തന്നെ ഏറെ സഹായിച്ചെന്ന് കെ.എസ്. ചിത്ര ഓര്‍മ്മിച്ചു. പ്രശസ്ത സംഗീതജ്ഞയായ എം.ജി.ഓമനക്കുട്ടി ടീച്ചറിന്റെ ശിക്ഷണം ജീവിതത്തില്‍ ഏറെ വിലപ്പെട്ടതായിരുന്നുവെന്നും ചിത്ര കൂട്ടിച്ചേര്‍ത്തു. പരിപാടിക്കിടയില്‍ സദസ്സില്‍ നിന്ന് ഉയര്‍ന്ന ആവശ്യമനുസരിച്ച് ചിത്ര ഏതാനും ഗാനങ്ങളും വേദിയില്‍ ആലപിച്ചു.
Comments are closed.