ഭരണഘടനാശില്‍പി അംബേദ്കറെയാണ് ഭാരതത്തിലെ സ്ത്രീകള്‍ ആദരിക്കേണ്ടതെന്ന് ഡോ. കെ എസ് ഭഗവാന്‍
തൊടുപുഴ; രാമക്ഷേത്രനിര്‍മാണം രാജ്യത്തിന്റെ ഭരണഘടനാതത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പ്രമുഖ കന്നഡ സാഹിത്യകാരന്‍ ഡോ. കെ എസ് ഭഗവാന്‍ അഭിപ്രായപ്പെട്ടു. കേരള യുക്തിവാദിസംഘം 30-ാം സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നമ്മുടെ ഭരണഘടന മഹത്തരമാണ്. രാമക്ഷേത്ര നിര്‍മാണത്തിലൂടെ രാജ്യത്തെ സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം, സാമൂഹ്യനീതി എന്നീ തത്വങ്ങള്‍ അട്ടിമറിക്കപ്പെടും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിലര്‍ രാമരാജ്യമെന്ന് വിശേഷിപ്പിക്കുന്നയിടത്ത് ഒരുവിധ തുല്യതയോ നീതിയോ ഉണ്ടായിട്ടില്ല. ശൂദ്ര ജനവിഭാഗങ്ങളെ അകറ്റി നിര്‍ത്തിയ രാമന്‍ സവര്‍ണവിഭാഗത്തിലെ ബ്രാഹ്മണ്യത്തെയാണ് പ്രോത്സാഹിപ്പിച്ചത്. രാമനെ രക്ഷകനെന്ന് ഒരിക്കലും വിശേഷിപ്പിക്കാനാവില്ല. സ്വന്തം ഭാര്യയെ കാട്ടില്‍ ഉപേക്ഷിച്ച രാമനെയല്ല, മറിച്ച് ഹൈന്ദവകുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് തുല്യസ്വത്തവകാശം വേണമെന്ന ഹിന്ദു കോഡ് ബില്‍ തയാറാക്കിയ ഭരണഘടനാശില്‍പി അംബേദ്കറെയാണ് ഭാരതത്തിലെ സ്ത്രീകള്‍ ആദരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മതം വെറും അര്‍ഥശൂന്യമാണെന്ന് സ്വാമി വിവേകാനന്ദന്‍ 120 വര്‍ഷം മുന്‍പ് പറഞ്ഞിട്ടുണ്ട്. ആത്മധൈര്യമില്ലാത്തവരാണ് പഞ്ചാംഗത്തിലും രാഹുകാലത്തിലുമെല്ലാം വിശ്വസിക്കുന്നത്. ഇന്ത്യയിലല്ലാതെ മറ്റൊരു രാജ്യത്തും ഇത്തരം അന്ധവിശ്വാസങ്ങളില്ല. കേരളം ജനാധിപത്യത്തിലും വിദ്യാഭ്യാസത്തിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു. ജനങ്ങളുടെ സമത്വത്തിനും സാംസ്‌കാരിക ഉന്നമനത്തിനും ശ്രീനാരായണഗുരു അടക്കമുള്ള നവോത്ഥാനനായകര്‍ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ആ മാതൃക കാത്തു സൂക്ഷിക്കേണ്ട കടമ സമൂഹത്തിനുണ്ടെന്നും കെഎസ് ഭഗവാന്‍ പറഞ്ഞു.
Comments are closed.