കെ ആർ നാരായണൻ ചരമവാർഷിക ദിനം
ഇന്ത്യയുടെ പത്താമത്തെ രാഷ്ട്രപതിയും നയതന്ത്രജ്ഞനുമായിരുന്ന കെ ആർ നാരായണന്റെ ചരമവാർഷിക ദിനമാണിന്ന്. ഇന്ത്യൻ രാഷ്ട്രപതിയായ ഏക മലയാളി ആണദ്ദേഹം. 1920 ഒക്ടോബര്‍ 27ന് കോട്ടയം ഉഴവൂരിനടുത്തെ പെരുന്താനത്ത് കോച്ചേരി രാമന്‍ വൈദ്യരുടെയും പാപ്പിയമ്മയുടെയും മകനായി ജനനം. കോട്ടയം കുറിച്ചിത്താനം സ്‌കൂള്‍, ഉഴവൂര്‍ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ് സ്‌കൂള്‍, കൂത്താട്ടുകുളത്തിന് സമീപം വടകര സെന്റ് ജോണ്‍സ് ഇംഗ്ലീഷ് സ്‌കൂള്‍, സെന്റ് മേരീസ് കുറവിലങ്ങാട് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. കോട്ടയം സി.എം.എസ് കോളേജ്, തിരുവനന്തപുരം ആര്‍ട്‌സ് കോളേജ് എന്നിവിടങ്ങളിലായിരുന്നു കോളേജ് വിദ്യാഭ്യാസം. 1943 ല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ഒന്നാം റാങ്കും സ്വര്‍ണമെഡലും നേടി ബി.എ ഓണേഴ്‌സ് പാസായി. ആദ്യകാല വിദ്യാഭ്യാസത്തിനു ശേഷം ഹിന്ദുവിലും ടൈംസ് ഓഫ് ഇന്ത്യയിലും പത്രപ്രവര്‍ത്തകനായി. ടൈംസ് ഓഫ് ഇന്ത്യയില്‍ കൗടില്യന്‍ എന്നപേരില്‍ എഴുതിയിരുന്ന ലേഖനങ്ങള്‍ ശ്രദ്ധേയമായിരുന്നു. 1948 ല്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ഓണേഴ്‌സ് ബിരുദം നേടി.
ജപ്പാൻ, ഇംഗ്ലണ്ട്, തായ് ലാന്റ്, തുർക്കി എന്നീ രാജ്യങ്ങളിൽ ഇന്ത്യയുടെ നയതന്ത്രപ്രതിനിധിയായി പ്രവർത്തിച്ചിട്ടുണ്ട്. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ അഭ്യർത്ഥന പ്രകാരം രാഷ്ട്രീയത്തിലേക്കിറങ്ങുകയും, മൂന്ന് തവണ തുടർച്ചയായി ലോക സഭയിലേക്ക് വിജയിക്കുകയും ചെയ്തു. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. രാജീവ് ഗാന്ധി മന്ത്രി സഭയിൽ കേന്ദ്രമന്ത്രിയായിരുന്നു. 1992 ൽ ഇന്ത്യയുടെ ഒമ്പതാമത്തെ ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റെടുത്തു, 1997 ൽ ഇന്ത്യയുടെ പ്രഥമപൗരനാവുകയും ചെയ്തു. 2005 നവംബർ 9 ന് 85ാമത്തെ വയസ്സിൽ കെ.ആർ.നാരായണൻ മരണമടഞ്ഞു.
Comments are closed.