DCBOOKS
Malayalam News Literature Website

കുരീപ്പുഴയ്‌ക്കെതിരിയുണ്ടായ ആക്രമണത്തില്‍ കവിതയിലൂടെ പ്രതിഷേധം രേഖപ്പെടുത്തി കെ ആര്‍ മീര

കവി കുരീപ്പുഴ ശ്രീകുമാറിനു നേരെയുണ്ടായ ആക്രമത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി എഴുത്തുകാരിയും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ കെ ആര്‍ മീര. ഫേ്‌സ്ബുക്കില്‍  ആര്‍എസ്എസിനെ പിരഹസിച്ച് കവിത എഴുതിയാണ് മീര തന്റെ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്.

മീരയുടെ കവിതയിലേക്ക്;

എഡേ മിത്രോം,
കുരീപ്പുഴയങ്ങു വിരണ്ടു കാണും.
പേടി കൊണ്ടു നാവു വരണ്ടു കാണും.
ശരീരം കിടുകിടാ വിറച്ചു കാണും.
കേട്ട തെറിയോര്‍ത്തു കരഞ്ഞു കാണും.

ഇനിയെങ്ങും പ്രസംഗിക്കുകയില്ലെന്ന് തീരുമാനിച്ചു കാണും.
ഇനി കൊന്നാലും കവിതയില്ല എന്ന് ആണയിട്ടു കാണും.
ഉള്ളിലെ ഹിന്ദുവിനെ വിളിച്ചുണര്‍ത്തിക്കാണും.
രക്തപുഷ്പാഞ്ജലി കഴിപ്പിച്ചു കാണും.

ഏലസ്സും രക്ഷയും ജപിക്കാന്‍ കൊടുത്തു കാണും.
മൃത്യുഞ്ജയത്തിനു രസീതെടുത്തു കാണും.
ജാതി സംഘടനയില്‍ അംഗത്വമെടുത്തു കാണും.

ഒരു തടയണ കൊണ്ടു പുഴയങ്ങു വരണ്ടു പോകുന്നതു പോലെ
ഒരു തടയല്‍ കൊണ്ടു കുരീപ്പുഴയങ്ങു കൂരിപ്പുഴയായിക്കാണും.
ഇഷ്ടമുടിക്കായല്‍ ക്ലിഷ്ടമുടിക്കായലായിക്കാണും.
ശാഖയില്‍ ചേര്‍ന്നു കാണും.
നിക്കറെടുത്തിട്ടു കാണും.
ചുവന്ന കുറി തൊട്ടു കാണും.
ഓറഞ്ച് ചരടു കെട്ടിക്കാണും.

എഡേ മിത്രോം, കുരീപ്പുഴയിപ്പോള്‍ ജാതി മതില്‍ പണിയാന്‍ പോയിക്കാണും.
നാടു മുഴുവന്‍ വടയമ്പാടിയായിക്കാണും.
‘പ്രേതബാധ ഏറ്റ പോലെ രാത്രി വണ്ടി കൂകിടുമ്പോള്‍
പാലവും കേളനും’ പാടേ കുലുങ്ങിക്കാണും !

Comments are closed.