കെ.എം മാണി അന്തരിച്ചു
കൊച്ചി: കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും മുന്‍ ധനകാര്യവകുപ്പ് മന്ത്രിയുമായ കെ.എം മാണി (86) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. മുന്‍പ് ആശുപത്രിയില്‍ ചികിത്സക്കെത്തിയ ശേഷം ഡിസ്ചാര്‍ജ് ചെയ്തുവെങ്കിലും ഗുരുതരമായതിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയെന്ന അപൂര്‍വ്വ ബഹുമതിക്ക് ഉടമയാണ് അദ്ദേഹം. നിലവില്‍ പാലാ നിയോജകമണ്ഡലത്തിലെ എം.എല്‍.എയാണ്.
അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നതിനാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ കെ.എം മാണി പങ്കെടുത്തിരുന്നില്ല. യുഡിഎഫ് സര്‍ക്കാരില്‍ ധനകാര്യമന്ത്രിയായിരുന്ന കെ.എം മാണി നിയമസഭയില്‍ ഏറ്റവുമധികം ബജറ്റ് അവതരിപ്പിച്ച മന്ത്രി കൂടിയാണ്.
കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ ഉള്‍പ്പെട്ട മരങ്ങാട്ടുപിള്ളിയില്‍ കര്‍ഷകദമ്പതികളായിരുന്ന തൊമ്മന്‍ മാണിയുടെയും ഏലിയാമ്മയുടേയും മകനായി 1933-ലായിരുന്നു കെ.എം മാണിയുടെ ജനനം. തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ്‌സ് കോളജ്, മദ്രാസ് ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു ഉന്നതവിദ്യാഭ്യാസം. ഹൈക്കോടതി ജഡ്ജി പി.ഗോവിന്ദമേനോന്റെ കീഴില്‍ 1955-ല്‍ കോഴിക്കോട് അഭിഭാഷകനായി ചേര്‍ന്നു. പിന്നീട് രാഷ്ട്രീയത്തില്‍ സജീവമാവുകയായിരുന്നു. 1959-ല്‍ കെ.പി.സി.സിയില്‍ അംഗമായി. 1964 മുതല്‍ കേരള കോണ്‍ഗ്രസില്‍ അംഗമായി. 1975 ലെ അച്യുതമേനോന്‍ മന്ത്രിസഭയിലാണ് കെ.എം മാണി ആദ്യമായി മന്ത്രിയാകുന്നത്.
ഭാര്യ: കുട്ടിയമ്മ, മക്കള്‍: ജോസ് കെ.മാണി, എല്‍സമ്മ, ആനി, സ്മിത, ടെസ്സി, സാലി.
Comments are closed.