പിനാകി ചന്ദ്രഘോഷ് പ്രഥമ ലോക്പാല്‍ ആയി സത്യപ്രതിജ്ഞ ചെയ്തു
ദില്ലി: മുന്‍ സുപ്രീം കോടതി ജഡ്ജി പിനാകി ചന്ദ്രഘോഷ് ഇന്ത്യയുടെ പ്രഥമ ലോക്പാല്‍ ആയി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയി എന്നിവര്‍ സന്നിഹിതരായിരുന്നു.
ചെയര്‍പേഴ്‌സണായ ജസ്റ്റിസ് പിനാകി ചന്ദ്രഘോഷിനു പുറമേ ജസ്റ്റിസുമാരായ ദിലീപ് ബി ഭോസ്‌ലെ, പ്രദീപ് കുമാര്‍ മൊഹന്തി, അഭിലാഷ കുമാരി, അജയ് കുമാര്‍ ത്രിപാഠി എന്നിവരാണ് ലോക് സഭയിലെ ജുഡീഷ്യല്‍ അംഗങ്ങള്‍. ദിനേശ് കുമാര്‍ ജെയിന്‍, അര്‍ച്ചന രാമസുന്ദരം, മഹേന്ദര്‍ സിങ്, ഡോ. ഇന്ദ്രജിത്ത് പ്രസാജ് ഗൗതം എന്നിവരാണ് നോണ്‍ ജുഡീഷ്യല്‍ അംഗങ്ങള്‍. 2017-ല്‍ സുപ്രീം കോടതി ജഡ്ജിയായി വിരമിച്ച ജസ്റ്റിസ് ഘോഷ് നിലവില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗമാണ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസോ ജഡ്ജിയോ ആയ വ്യക്തിയെയാണ് ലോക്പാല്‍ ആയി നിയമിക്കേണ്ടത്.
രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരായ അഴിമതി ആരോപണങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കുകയാണ് ലോക്പാലിന്റെ ഉത്തരവാദിത്തം.
Comments are closed.