DCBOOKS
Malayalam News Literature Website

നീതിന്യായം: ജസ്റ്റിസ് കെ ചന്ദ്രു എഴുതുന്നു

ജസ്റ്റിസ് കെ ചന്ദ്രു(വിവര്‍ത്തനം: ജോസഫ് കെ. ജോബ്)

ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും

‘ഭരണഘടനാ സംരക്ഷണവും നീതിന്യായവ്യവസ്ഥയും’ എന്ന വിഷയത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ നീതിന്യായവ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന ജഡ്ജിമാരെക്കുറിച്ചും നമുക്ക് ആലോചിക്കേണ്ടിവരും. സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം ഗവര്‍ണര്‍മാരായി നിയമിക്കപ്പെടുന്നു, ചീഫ് ജസ്റ്റിസുമാര്‍ രാജ്യസഭാംഗങ്ങളായി നോമിനേറ്റ് ചെയ്യപ്പെടുന്നു. ഏതുതരത്തിലുള്ള സ്വാധീനമാണ് ഇതെല്ലാം നീതിന്യായവ്യവസ്ഥയില്‍ ഉണ്ടാക്കുന്നതെന്ന് നാം പരിശോധിക്കേണ്ടിയിരിക്കുന്നു.

ഇന്ത്യന്‍ ഭരണഘടന രചിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും പ്രാബല്യത്തില്‍ വരികയും ചെയ്ത 1950 കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ഒരു പാര്‍ട്ടിയായിരുന്നു. ഭരണഘടനയുടെ കീഴില്‍ പ്രവര്‍ത്തനസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട കാലവുമായിരുന്നു അത്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രവും ഭരണഘടനാപരമായ നിയമവ്യവസ്ഥയുടെ വളര്‍ച്ചയും അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുകയാണ്.

സ്വതന്ത്രവും നീതിപൂര്‍വകവുമാണ് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെന്നും ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും അതില്‍ നിന്ന് നീതി ലഭിക്കുന്നുണ്ടെന്നും അടുത്തിടെ ചീഫ് ജസ്റ്റിസ് രമണ പ്രസ്താവിച്ചു കണ്ടു. ഇന്ത്യയിലെ ജുഡീഷ്യറിയുടെ മഹത്വത്തെക്കുറിച്ച് ലോകരാജ്യങ്ങളെ അറിയിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ജനങ്ങള്‍ക്ക് നീതി ലഭിക്കുക എന്നതാണ് ഇന്ത്യയിലെ നീതിന്യായവ്യവസ്ഥയുടെ പ്രാഥമിക ലക്ഷ്യമായിരിക്കേണ്ടത്. അത്തരത്തില്‍ നീതി ലഭിക്കുന്നുണ്ടോയെന്ന ചോദ്യം ഇന്ന് വളരെയേറെ പ്രസക്തമാണ്. ഇവിടുത്തെ നീതിന്യായവ്യവസ്ഥ ഇന്ത്യന്‍ ഭരണഘടനയെ എത്രത്തോളം സംരക്ഷിച്ചിട്ടുണ്ട് എന്ന ഗൗരവമേറിയ ചോദ്യവും നമ്മുടെ മുന്നില്‍ ഉയര്‍ന്നു നില്‍ക്കുന്നുണ്ട്. നമ്മുടെ നീതിന്യായവ്യവസ്ഥ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന ആശങ്ക അനുദിനം ഉയര്‍ന്നുവരുന്ന കാലമാണിത്.

‘ഭരണഘടനാ സംരക്ഷണവും നീതിന്യായവ്യവസ്ഥയും’ എന്ന വിഷയത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ നീതിന്യായവ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന ജഡ്ജിമാരെക്കുറിച്ചും നമുക്ക് ആലോചിക്കേണ്ടിവരും. സുപ്രീംകോടതിയിലെ ജഡ്ജിമാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം ഗവര്‍ണര്‍മാരായി നിയമിക്കപ്പെടുന്നു, ചീഫ് ജസ്റ്റിസുമാര്‍ രാജ്യസഭാംഗങ്ങളായി നോമിനേറ്റ് ചെയ്യപ്പെടുന്നു. ഏതുതരത്തിലുള്ള സ്വാധീനമാണ് ഇതെല്ലാം നീതിന്യായവ്യവസ്ഥയില്‍ ഉണ്ടാക്കുന്നതെന്ന് നാം പരിശോധിക്കേണ്ടിയിരിക്കുന്നു. ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്ക്ക് വിരമിച്ചതിനുശേഷം രാജ്യസഭാംഗമായിരിക്കുന്ന കാര്യത്തില്‍ ഒരു തരത്തി
ലുള്ള മാനക്കേടും തോന്നിയിട്ടില്ല. മോദിസര്‍ക്കാര്‍ നല്‍കിയ രാജ്യസഭാംഗത്വം ഒരു പ്രയാസവുമില്ലാതെ അദ്ദേഹം സ്വീകരിച്ചു. ചീഫ് ജസ്റ്റിസായിരുന്ന താങ്കള്‍ അത്തരമൊരു സ്ഥാനം സ്വീകരിച്ചത് ഉചിതമായോ എന്ന ചിലരുടെ ചോദ്യത്തിന് അതിലൊരു കുഴപ്പവുമില്ല എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. താനൊരു ആത്മകഥ എഴുതാന്‍ പോവുകയാണെന്നു പറഞ്ഞ് അദ്ദേഹം ഒരു ആത്മകഥ എഴുതുകയും ചെയ്തു. ‘ജഡ്ജിമാര്‍ക്ക് നീതി’ എന്ന അര്‍ത്ഥം വരുന്ന തരത്തില്‍ ‘ജസ്റ്റിസ് ഫോര്‍ ജഡ്ജ്’ എന്നാണ് ആത്മകഥയ്ക്ക് അദ്ദേഹം പേരിട്ടത്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ ജഡ്ജിക്ക് നീതി ലഭിക്കുന്നില്ലെന്ന് ആര്‍ക്കെങ്കിലും പറയാനാകുമോ? എല്ലാത്തിനുമുപരി, ഡല്‍ഹിയില്‍തന്നെ തന്റെ ആത്മകഥയുടെ പ്രകാശനവും അദ്ദേഹം നടത്തി. പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റു വാങ്ങാന്‍ ഡല്‍ഹിയിലേക്ക് വരാമോയെന്ന് അദ്ദേഹമെന്നോട് ചോദിച്ചിരുന്നു. അത്തരമൊരു ചടങ്ങില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമില്ലെന്ന് ഞാന്‍ അദ്ദേഹത്തെ അറിയിച്ചു. എന്നെ അതില്‍ നിന്ന് ഒഴിവാക്കണമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. പുസ്തകപ്രകാശന ചടങ്ങുകഴിഞ്ഞ്, ഇന്ത്യന്‍ ജുഡീഷ്യറിയില്‍ അഴിമതി ഇല്ലേയെന്ന് ഒരു ടിവി ജേര്‍ണലിസ്റ്റ് അദ്ദേഹത്തോട് ചോദിച്ചു. തനിക്കത് നിഷേധിക്കാനാവില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നമ്മുടെ നീതിന്യായവ്യവസ്ഥ അഴിമതിരഹിതമല്ലെന്ന് പരോക്ഷമായി സമ്മതിക്കുകയായിരുന്നു അദ്ദേഹം. നീതിന്യായവ്യവസ്ഥ അഴിമതിമുക്തമല്ലെന്ന് അതിന്റെ തലപ്പത്തിരുന്ന ഒരാള്‍ തന്നെ സമ്മതിച്ചിരിക്കുന്നു.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  ഏപ്രില്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഏപ്രില്‍  ലക്കം ലഭ്യമാണ്‌

 

Comments are closed.