DCBOOKS
Malayalam News Literature Website

ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ചരമവാര്‍ഷികദിനം

സ്വാതന്ത്ര്യ സമരസേനാനിയും ഇന്ത്യന്‍ നാഷനല്‍ ആര്‍മിയുടെ പ്രവര്‍ത്തകയുമായിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മി. ഇന്ത്യന്‍ നാഷണല്‍ ആര്‍മിയിലെ ഝാന്‍സി റാണിയുടെ പേരിലുള്ള ഝാന്‍സി റാണി റെജിമെന്റിന്റെ കേണലായി സേവനമനുഷ്ഠിച്ചു. സുഭാഷ് ചന്ദ്രബോസിന്റെ ‘ആസാദ് ഹിന്ദ്’ ഗവര്‍മെന്റില്‍ വനിതാക്ഷേമ വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

പ്രശസ്ത അഭിഭാഷകന്‍ ഡോ. സ്വാമിനാഥന്റെയും പൊതുപ്രവര്‍ത്തകയായ പാലക്കാട് ആനക്കര വടക്കത്തു വീട്ടില്‍ എ.വി. അമ്മുക്കുട്ടിയുടെയും മകളായി പഴയ മദ്രാസില്‍ ജനിച്ചു. ചെറുപ്പത്തില്‍ തന്നെ വിദേശ ഉല്‍പ്പന്നങ്ങളുടെ ബഹിഷ്‌കരണം, മദ്യവ്യാപാര കേന്ദ്രങ്ങളുടെ ഉപരോധം തുടങ്ങിയ പ്രവര്‍ത്തങ്ങളിലൂടെ സജീവമായ ക്യാപ്റ്റന്‍ ലക്ഷ്മി പാവപ്പെട്ടവരെ പ്രത്യേകിച്ച് സ്ത്രീകളെ സേവിക്കാനായി വൈദ്യശാസ്ത്രം പഠിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് 1938-ല്‍ മദ്രാസ് മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ് ബിരുദവും പിന്നീട് ഗൈനക്കോളജിയിലും പ്രസവചികിത്സയിലും ഡിപ്ലോമയും നേടി. 1941-ല്‍ സിംഗപ്പൂരിലേക്ക് പോയ ക്യാപ്റ്റന്‍ ലക്ഷ്മി അവിടെയുള്ള ദരിദ്രര്‍ക്കായി ഒരു ക്ലിനിക്ക് തുടങ്ങി. ദരിദ്രരായ ഇന്ത്യന്‍ തൊഴിലാളികള്‍ ധാരാളമുണ്ടായിരുന്നു അവിടെ. ഒപ്പം തന്നെ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായി പൊരുതുന്ന ഇന്ത്യാ ഇന്‍ഡിപെന്‍ഡന്റ്‌സ് ലീഗില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. 1942-ല്‍ ബ്രിട്ടീഷുകാര്‍ സിംഗപ്പൂരില്‍ ജപ്പാനു കീഴടങ്ങിയപ്പോള്‍ യുദ്ധത്തില്‍ പരിക്കേറ്റവരെ ചികിത്സിക്കുന്നതില്‍ അവര്‍ പൂര്‍ണ്ണമായും മുഴുകി. അതോടൊപ്പം ഇന്ത്യന്‍ യുദ്ധത്തടവുകാരുമായി ബന്ധപ്പെടുകയും സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷുകാര്‍ക്കെതിരെ ജപ്പാന്റെ പിന്തുണ നേടുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഭാഗമാവുകയും ചെയ്തിരുന്നു.

1943-ല്‍ സുഭാഷ് ചന്ദ്രബോസ് സിംഗപ്പൂര്‍ സന്ദര്‍ശിച്ചതോടെയാണ് ഐ.എന്‍.എയുമായി അവര്‍ അടുക്കുന്നത്. സിംഗപ്പൂരില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു വനിതാ സൈന്യഗണം രൂപവത്കരിക്കാന്‍ അദ്ദേഹം തീരുമാനിച്ചിരുന്നു. അതിനായി സേനയെ നയിക്കാന്‍ ക്യാപ്റ്റന്‍ ലക്ഷ്മിയെയാണ് നിയോഗിച്ചത്.

2002 ല്‍ എ.പി.ജെ അബ്ദുള്‍കലാമിനെതിരെ ഇടതു പിന്തുണയോടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായിരുന്നു. 1998-ല്‍ ക്യാപ്റ്റന്‍ ലക്ഷ്മിയെ രാജ്യം പത്മവിഭൂഷണ്‍ ബഹുമതി നല്‍കി ആദരിച്ചു. 2012 ജൂലൈ 23-ന് ഹൃദയാഘാതം മൂലം ഉത്തര്‍പ്രദേശിലെ കാന്‍പൂറില്‍ വെച്ചായിരുന്നു അന്ത്യം.

Comments are closed.