കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ചരമവാര്‍ഷികദിനം
ഐതിഹ്യകഥകളുടെ അത്ഭുത ലോകം മലയാളിക്ക് സമ്മാനിച്ച കൊട്ടാരത്തില്‍ ശങ്കുണ്ണി 1855 മാര്‍ച്ച് 23-ന് കോട്ടയത്ത് കൊട്ടാരത്തില്‍ വാസുദേവനുണ്ണിയുടെ രണ്ടാമത്തെ പുത്രനായാണ് ജനിച്ചത്. പത്തുവയസ്സുവരെ ആശാന്മാരുടെ വീടുകളില്‍ ചെന്നു പഠിച്ചതല്ലാതെ അദ്ദേഹത്തിന് സ്‌കൂള്‍ വിദ്യാഭ്യാസം ലഭിച്ചില്ല.
പതിനേഴാമത്തെ വയസ്സില്‍ മണര്‍കാട്ട് ശങ്കരവാര്യരില്‍ നിന്നും സിദ്ധരൂപം പഠിച്ചു. പിന്നീട് വയസ്‌കര ആര്യന്‍ നാരായണം മൂസ്സതില്‍നിന്ന് രഘുവംശം, മാഘം, നൈഷധം തുടങ്ങിയ കാവ്യങ്ങളും സഹസ്രയോഗം, ഗുണപാഠം, ചികിത്സാക്രമം, അഷ്ടാംഗഹൃദയം തുടങ്ങിയ പാരമ്പര്യ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളും പഠിച്ചു. 1893ല്‍ മാര്‍ ദിവാന്നാസ്യോസ് സെമിനാരി ഹൈസ്‌കൂളിലെ ആദ്യ മലയാളം മുന്‍ഷിയായി ജോലിയില്‍ പ്രവേശിച്ചു.
1898 മുതല്‍ ഐതിഹ്യമാലയുടെ രചന തുടങ്ങി. വറുഗീസ് മാപ്പിളയുടെ പ്രേരണ മൂലം മനോരമയിലും ഭാഷാപോഷിണിയിലും ഖണ്ഡശഃപ്രസിദ്ധീകരിക്കാനായിരുന്നു തുടങ്ങിയതെങ്കിലും കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ മരണം വരെ തുടര്‍ന്നു പോന്ന ഒരു പരമ്പരയായി ഐതിഹ്യമാല മാറി. 8 ഭാഗങ്ങളായാണ് ഐതിഹ്യമാല ആദ്യം പ്രകാശിപ്പിച്ചത്. സുഭദ്രാഹരണം മണിപ്രവാളം, കേശവദാസചരിതം തുടങ്ങിയവയാണ് മറ്റ് കൃതികള്‍. 1937 ജൂലൈ 22ന് അദ്ദേഹം അന്തരിച്ചു.
Comments are closed.