DCBOOKS
Malayalam News Literature Website

നമുക്ക് വേണ്ടത് മാണിക്യ മലരോ അതോ മനുഷ്യക്കുരുതിയോ? മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ജോയ് മാത്യു

‘ഒരു അഡാറ് ലവ്’ എന്ന ചിത്രത്തെ പിന്തുണച്ച മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകം ചൂണ്ടിക്കാട്ടിയാണു ജോയ് മാത്യു മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നത്.

ചെറുപ്പക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ അക്രമികളെ പിടികൂടാതിരിക്കുന്നതിലൂടെ കൊലയാളികള്‍ക്കും ആവിഷ്‌കാര സ്വാതന്ത്ര്യം ഉണ്ടെന്ന് സമ്മതിക്കുകയാണോയെന്ന് അദ്ദേഹം ചോദിക്കുന്നു. ‘നമുക്ക് വേണ്ടത് മാണിക്യ മലരോ അതോ മനുഷ്യക്കുരുതിയോ?’ എന്ന തലക്കെട്ടോടെയാണ് ജോയ് മാത്യു മുഖ്യമന്ത്രിക്കെതിരെ സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടിരിക്കുന്നത്.

‘മാണിക്യമലരായ പൂവി’ എന്ന ഗാനത്തിനെതിരായ വിവാദങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും സ്വതന്ത്രമായ കലാവിഷ്‌കാരത്തോടും ചിന്തയോടുമുളള അസഹിഷ്ണുതയാണിതെന്നും സമൂഹമാധ്യമത്തിലെ കുറിപ്പില്‍ പിണറായി പറഞ്ഞിരുന്നു.

ജോയ് മാത്യുവിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

നമുക്ക് വേണ്ടത് മാണിക്യ മലരോ അതോ മനുഷ്യകുരുതിയോ? ഒരു സിനിമയിലെ പാട്ട് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാണെന്നും അതിനെതിരെയുള്ള അസഹിഷ്ണുതയ്‌ക്കെതിരെ തങ്ങള്‍ക്കില്ലാത്ത പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്നും പ്രഖ്യാപിക്കുന്ന പൊലീസ് മന്ത്രി കൂടിയായ മുഖ്യമന്ത്രി കണ്ണൂരിലെ ഷുഹൈബ് എന്ന ചെറുപ്പക്കാരനെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ അക്രമികളെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പിടിക്കാതിരിക്കുന്നതിലൂടെ കൊലയാളികള്‍ക്കും ആവിഷ്‌കാര സ്വാതന്ത്ര്യം ഉണ്ടെന്ന് സമ്മതിക്കുകയാണോ?

Comments are closed.