വാഗ്ഭടന്റെ വഴിയാത്രകള്‍
ഡോ. പി. ശിവപ്രസാദ് (2022 ഫെബ്രുവരി ലക്കം പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ചത്, പുനഃപ്രസിദ്ധീകരണം)
താന്‍ ജീവിക്കുന്ന കാലത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം ജാതിയാണെന്ന് വാഗ്ഭടാനന്ദന്‍ മനസ്സിലാക്കി. അതിനാല്‍ ജാതിക്കെതിരായ പോരാട്ടത്തിനാണ് ആത്മവിദ്യാസംഘം ഏറ്റവും കൂടുതല്‍ പ്രാധാന്യം കൊടുത്തത്. ജാതിയുടെ ഭാഗമായ അയിത്തവും അതിന്റെ ഭാഗമായ തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ, സഞ്ചാരസ്വാതന്ത്ര്യമില്ലായ്മ തുടങ്ങിയ അനാചാരങ്ങള്‍ക്കെതിരെ വാഗ്ഭടാനന്ദന്‍ കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ച് പ്രഭാഷണം നടത്തി. ഇതിനെത്തുടര്‍ന്ന് ജാതിമതഭേദമെന്യേ ആയിരക്കണക്കിന് ജനങ്ങള്‍ ആത്മവിദ്യാസംഘവുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറായി.

കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പിനടുത്ത് പാട്യം എന്ന ഗ്രാമത്തിലാണ് വാഗ്ഭടാനന്ദന്‍ ജനിച്ചത്. പൂര്‍വ്വാശ്രമത്തിലെ പേര് വയലേരി കുഞ്ഞിക്കണ്ണന്‍ ഗുരുക്കള്‍ എന്നായിരുന്നു. തീയ്യസമുദായത്തില്‍ വയലേരി ചീരു അമ്മയുടെയും തേനങ്കണ്ടിയില്‍ വാഴവളപ്പില്‍ കോരന്‍ ഗുരുക്കളുടെയും ആദ്യത്തെ മകനായി 1885 ഏപ്രില്‍ 25 നാണ് കുഞ്ഞിക്കണ്ണന്‍ ജനിക്കുന്നത്. അച്ഛന്‍ കോരന്‍ ഗുരുക്കള്‍ സംസ്‌കൃത പണ്ഡിതനും വൈദ്യനും പുരോഗമനേച്ഛുവുമായിരുന്നു. കോരന്‍ ഗുരുക്കള്‍ മകനെ സംസ്‌കൃത കാവ്യ-നാടകങ്ങളും പുരാണങ്ങളും ശാസ്ത്രവിഷയങ്ങളും പഠിപ്പിച്ചു. അതോടൊപ്പം ആത്മീയവിഷയങ്ങളിലും യുക്തിചിന്തകളിലും നിലവിലുണ്ടായിരുന്ന പുസ്തകങ്ങളിലേക്ക് മകനെ നയിച്ചു. പരസ്പരവിരുദ്ധമെന്ന് പ്രത്യക്ഷത്തില്‍ തോന്നാവുന്ന ഈ വിഷയങ്ങള്‍ കുഞ്ഞിക്കണ്ണന്‍ അവധാനതയോടെ പഠിച്ചു. ത്യാജ്യഗ്രാഹ്യവിവേചന ബുദ്ധിയോടെ അദ്ദേഹം എല്ലാ വിഷയങ്ങളിലും ആഴ്ന്നിറങ്ങി. അസാധാരണമായ ഓര്‍മ്മശക്തിയും ബുദ്ധിവൈഭവവും കുഞ്ഞിക്കണ്ണനെ മറ്റ് വിദ്യാര്‍ത്ഥികളില്‍നിന്നും വ്യത്യസ്തനാക്കിയിരുന്നു. ചില അവസരങ്ങളില്‍ സഹപാഠികളുടെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ അച്ഛന്‍ കുഞ്ഞിക്കണ്ണനെ നിയോഗിച്ചിരുന്നു. അച്ഛന്റെ കളരിയില്‍നിന്നും പഠനം പൂര്‍ത്തിയായപ്പോള്‍ എം.കെ. ഗുരുക്കള്‍, രൈരുനായര്‍ എന്നീ ഗുരുനാഥന്‍മാരില്‍നിന്നും അദ്ദേഹം തര്‍ക്കവ്യാരാണാദികളില്‍ പ്രാവീണ്യം നേടി. കുഞ്ഞിക്കണ്ണന്‍ അച്ഛന്റെ കളരിയില്‍തന്നെ അദ്ധ്യാപകനായി. ഈ സമയത്താണ് കുഞ്ഞിക്കണ്ണന്‍, വി.കെ. ഗുരുക്കള്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങുന്നത്. പില്‍ക്കാലത്ത് കേരളീയ നവോത്ഥാനപ്രവര്‍ത്തനങ്ങളെ കാര്യമായി സ്വാധീനിക്കാന്‍ കഴിഞ്ഞ വാഗ്ഭടാനന്ദന്‍ എന്ന മഹാമനീഷി ഉരുവംകൊള്ളുന്നത് അച്ഛന്റെ പഠനക്കളരിയില്‍ന്നായിരുന്നു എന്നതാണ് വാസ്തവം.