മാധ്യമപ്രവര്‍ത്തകന്‍ രാവിഷ് കുമാറിന് മാഗ്‌സസെ പുരസ്‌കാരം
ദില്ലി: എന്‍.ഡി.ടി.വിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാവിഷ് കുമാറിന് 2019-ലെ രമണ്‍ മാഗ്‌സസെ പുരസ്‌കാരം. അഞ്ചു പേര്‍ക്കാണ് ഇത്തവണ പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നത്. മ്യാന്മാറില്‍നിന്നുള്ള കോ സ്വി വിന്‍, തായ്‌ലന്‍ഡില്‍നിന്നുള്ള അംഗ്ഹാന നീലാപായിജിത്, ഫിലിപ്പീന്‍സില്‍ നിന്നുള്ള റേയ്മണ്ടോ പുജാന്റെ കായാബ്യാബ്, ദക്ഷിണകൊറിയയില്‍നിന്നുള്ള കിം ജോങ് കി എന്നിവരാണ് പുരസ്‌കാരം ലഭിച്ച മറ്റു നാലു പേര്‍.
മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ ശബ്ദമില്ലാത്തവര്‍ക്ക് ശബ്ദം പകരാന്‍ രാവിഷ് കുമാറിന് സാധിച്ചെന്ന് പുരസ്‌കാരനിര്‍ണ്ണയ സമിതി വിലയിരുത്തി. 1996 മുതല്‍ എന്‍.ഡി.ടി.വിയില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം പ്രൈംടൈം എന്ന പരിപാടിയുടെ അവതാരകനാണ്. രാംനാഥ് ഗോയങ്ക പുരസ്‌കാരമടക്കം നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഏഷ്യയുടെ നൊബേല്‍ എന്നറിയപ്പെടുന്ന മാഗ്‌സസെ പുരസ്‌കാരം ഫിലിപ്പൈന്‍ പ്രസിഡന്റായിരുന്ന രമണ്‍ മഗ്‌സസെയുടെ സ്മരണാര്‍ത്ഥം 1957 മുതലാണ് നല്‍കിത്തുടങ്ങിയത്. സാമൂഹ്യസേവനം, സാമുദായികനേതൃത്വം, പത്രപ്രവര്‍ത്തനം, സര്‍ക്കാര്‍ സേവനം, സമാധാനം എന്നിങ്ങനെ വിവിധ മേഖലകളിലെ മികവിനാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. ആചാര്യ വിനോബാ ഭാവെ, മദര്‍ തേരേസ, ടി.എന്‍ ശേഷന്‍, വര്‍ഗ്ഗീസ് കുര്യന്‍, ബാബാ ആംതേ, ഡോ.വി ശാന്ത, അരവിന്ദ് കെജ്‌രിവാള്‍, ടി.എം.കൃഷ്ണ എന്നിവര്‍ മുന്‍പ് മാഗ്‌സസെ പുരസ്‌കാരത്തിന് അര്‍ഹരായിട്ടുണ്ട്.
Comments are closed.