DCBOOKS
Malayalam News Literature Website

തിരിച്ചു നടക്കുമ്പോൾ സൂക്ഷിക്കുക :ബി.മുരളി എഴുതുന്നു

‘അടച്ചിരിക്കൽ’ സുഖകരമാക്കാൻ പല മനഃശാസ്ത്രജ്ഞരും പലവിധ വിദ്യകൾ പല പല മാധ്യമങ്ങളിലൂടെ നമുക്കു പറഞ്ഞുതന്നു. അതിലൊന്ന് സുഹൃത്തുക്കളെ വിളിച്ചു സംസാരിക്കുകയെന്നായിരുന്നു. അതു നടപ്പുള്ള കാര്യമല്ലെന്നാണ് എനിക്കു തെളിഞ്ഞുവന്നത്. നിരന്തരം സംസാരിക്കുന്നവരോടുപോലും വർത്തമാനം കുറഞ്ഞുവന്നു. പലരും ഇതുതന്നെ പറയുന്നു. എന്തു വിശേഷമാണ് സംസാരിക്കുക? ‘കോവിഡ് പരിസ്ഥിതി’ ആശയവിനിമയത്തിന്റെ അവസാനമാണോ എന്നു തോന്നിപ്പോയി. സോഷ്യൽ മീഡിയയിൽ സ്ഥിരമായി രസകരമായ സർക്കാസ്റ്റിക് പോസ്റ്റുകളിടുന്ന ഒരു സുഹൃത്തിൽ നിന്നും അവ പെട്ടെന്നു കാണാതായപ്പോൾ സംഗതിയുടെ കിടപ്പ് പിടികിട്ടി. അവിടെ കാണുന്നതു മൊത്തം പലവിധ ‘ഭക്തസംഘ’ങ്ങളുടെ നാലാംകിട പോർവിളികൾ മാത്രം. (വൈറസിന് തൊടാൻ പറ്റാതെ പോയ രാഷ്ട്രീയ വെളിവുകേടുകൾ മാത്രം).

ലോക്ഡൗണിൽ അങ്ങ് അഭിരമിച്ചാൽ ടൺകണക്കിന് കഥയും നോവലും ഉൽപ്പാദിപ്പിക്കാമെന്ന തിയറിയും കേട്ടു. ‘എഴുത്തൊക്കെ ഉഷാറായി നടക്കുന്നുണ്ടല്ലോ’ എന്നാണ് അന്വേഷണങ്ങൾ. സാഹിത്യം ‘ഫ്രീ ടൈം’ വച്ചുള്ള കളിയല്ല എന്നും ലോക്ഡൗൺ ഉറപ്പിക്കുകയാണ്. പുറത്തേക്കു നോക്കി പെട്ടെന്ന് നിരാശാഭരിതമായി തലവലിക്കുകയാണ് ലോകം. (നൂറ് ചാപ്റ്റർ നോവലെഴുതാൻ പറ്റുന്നവർ ശ്രമിക്കുക).

ലോകം മാസ്ക് ധരിക്കാൻ തുടങ്ങിയപ്പോൾ ഇതുവരെയുള്ള പല മാസ്കുകളും നിരുപാധികം അഴിഞ്ഞുപോയി എന്നതാണ് ഗുണപ്രദമായ ഒരു സംഗതി. പല വിവരദോഷങ്ങളും നിർഭയം റദ്ദാക്കപ്പെട്ടു (തൽക്കാലത്തേക്കെങ്കിലും). പള്ളിയമ്പലങ്ങൾ സമാധാനത്തിന്റെ ഇടങ്ങൾ എന്ന സങ്കൽപ്പം വിട്ട് വകതിരിവില്ലാത്ത കൂക്കിവിളികളുടെയും അപകടകരങ്ങളായ കോമാളിത്തങ്ങളുടെയും അരങ്ങുകളായിക്കഴിഞ്ഞിരുന്നല്ലോ. ആ തിരശീലകൾ നെടുകേ ചീന്തിപ്പോയി. ആർക്കും ഒരു പരിഭവവുമില്ലാതെ! ആൾദൈവങ്ങൾ നിവൃത്തികേടുകൊണ്ട് മൗനികളായി. (കംഫർട്ട് സോണിലേക്കു തിരിച്ചുകയറുമ്പോൾ ഇതൊക്കെ റിവേഴ്സ് അടിക്കുമായിരിക്കും, ഉറപ്പ്).
ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് നോക്കുമ്പോൾ അകലെയകലെ പശ്ചിമഘട്ടം തെളിഞ്ഞുകാണുന്നു! നിരത്തിലൂടെ മയിലുകളും പച്ചത്തവളയും നടക്കുന്നു. ആൾക്കൂട്ടം അവധിയെടുക്കുമ്പോൾ പ്രകൃതി പുറത്തിറങ്ങുന്നു.

പക്ഷെ, പുറത്ത്, ലോകംമൊത്തം പരന്നുവീശുന്ന ദുരന്ത സത്യമാണ്. അതിനെ വീട്ടിനുള്ളിലെ കുട്ടിക്കളികൾകൊണ്ട് ‘മാസ്ക്’ ചെയ്യാൻ പറ്റില്ല. മണ്ടത്തരങ്ങളിലേക്ക് തിരിച്ചു നടക്കുമ്പോൾ എല്ലാം ഒന്നുകൂടി അലോചിച്ചു ചെയ്യുന്നതായിരിക്കും നല്ലത് എന്നു മാത്രം ഇപ്പോൾ തോന്നുന്നു.

Comments are closed.