DCBOOKS
Malayalam News Literature Website

പ്രഥമ ജോസഫ് പുലിക്കുന്നേല്‍ സ്മാരകപ്രഭാഷണം സ്വാമി അഗ്നിവേശ് നിര്‍വ്വഹിക്കും

അന്തരിച്ച ക്രൈസ്തവ സൈദ്ധാന്തിക വിമര്‍ശകനും ഗ്രന്ഥകാരനും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന ശ്രീ.ജോസഫ് പുലിക്കുന്നേലിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന ജോസഫ് പുലിക്കുന്നേല്‍ സ്മാരകപ്രഭാഷണം പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകനും വാഗ്മിയുമായ സ്വാമി അഗ്നിവേശ് നിര്‍വ്വഹിക്കും. മതനിരപേക്ഷ ആത്മീയത ഭാരതത്തില്‍-ഒരു അന്വേഷണം(In search of Secular Spiritualtiy In India) എന്ന വിഷയത്തിലാണ് പ്രഭാഷണം. ഡിസംബര്‍ 28ന് വൈകിട്ട് നാല് മണിക്ക് പാലാ ഇടമറ്റത്തുള്ള ഓശാനമൗണ്ടില്‍ വെച്ച് പ്രഭാഷണം നടക്കും.

 

1939 സെപ്റ്റംബര്‍ 21ന് ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്ത് ജനിച്ച സ്വാമി അഗ്നിവേശ് നിയമം, കൊമേഴ്‌സ് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്. ആര്യസമാജ നിയമപ്രകാരം 1970-ല്‍ ആര്യസഭ രൂപീകരിച്ചുകൊണ്ടാണ് സ്വാമി അഗ്നിവേശ് രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നത്. 1977-ല്‍ ഹരിയാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1979-ല്‍ കാബിനറ്റ് മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. നിരവധി സാമൂഹ്യവിഷയങ്ങളില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്ന സ്വാമി അഗ്നിവേശ് മതന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തിനായും സമൂഹത്തിലെ അവശവിഭാഗങ്ങള്‍ക്കായും നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയമാണ്. ബാലവേല, സ്ത്രീകളുടെ അവകാശസംരക്ഷണം, ദലിതരുടെ ക്ഷേത്രപ്രവേശനം എന്നീ വിഷയങ്ങളില്‍ അദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ ശ്രദ്ധേയമാണ്.

Comments are closed.