DCBOOKS
Malayalam News Literature Website

‘ജോസഫ് പുലിക്കുന്നേലും ചര്‍ച്ച് ആക്ടും’ സക്കറിയ എഴുതുന്നു

 

ജോസഫ് പുലിക്കുന്നേലിനെക്കുറിച്ചും അദ്ദേഹത്തിന്റെ സേവനങ്ങളെക്കുറിച്ചും അറിയുന്നതിനായി വളരെ അധികം ആളുകള്‍ പാലായിലെ ഓശാനമൗണ്ട് ലൈബ്രറിയില്‍ എത്താറുണ്ട്. അവര്‍ക്കുവേണ്ടിയും ഭാവിതലമുറയ്ക്കുവേണ്ടിയും ചരിത്രാന്വേഷകര്‍ക്കുവേണ്ടിയും സമര്‍പ്പിച്ചിട്ടുള്ള ഗ്രന്ഥമാണ് ഏകാന്ത ദൗത്യം .ക്രൈസ്തവ സൈദ്ധാന്തിക വിമര്‍ശകനും ഗ്രന്ഥകാരനുമായ ജാസഫ് പുലിക്കുന്നേലിന്റെ ജീവിത കഥയാണ് ഈ പുസ്തകം. പുസ്തകത്തില്‍ ഉള്‍പെടുത്തിയിട്ടുള്ള ഒരു ഭാഗം;

‘ജോസഫ് പുലിക്കുന്നേലും ചര്‍ച്ച് ആക്ടും’ – സക്കറിയ

കേരളംപോലെയുള്ള ജനാധിപത്യബോധം മണ്ണടിഞ്ഞുപോയ ഒരു സമൂഹത്തില്‍ ചില സംഘടിതശക്തികളെ നേരിടുക എളുപ്പമല്ല. പ്രത്യേകിച്ചും ഒരു ഒറ്റയാള്‍ പട്ടാളത്തിന്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി, കത്തോലിക്കാസഭ, മാധ്യമങ്ങള്‍ തുടങ്ങി അത്തരം പല ശക്തികള്‍ കേരളത്തിലുണ്ട്. അവയ്ക്ക് അടിസ്ഥാനപരമായി ചില സാമൂഹിക ഉപയോഗങ്ങള്‍ ഉണ്ട്. അവ നിലനില്‍ക്കുന്നത് അതിനാലാണ്. ഉദാഹരണമായി കത്തോലിക്കാസഭ അതിന്റെ ഇന്നത്തെ പൗരോഹിത്യാധിഷ്ഠിത വ്യവസ്ഥിതിയില്‍പോലും മനുഷ്യോപകാരപ്രദമായ കാര്യങ്ങള്‍ നടത്തുന്നുണ്ട്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അതിന്റെ ഇന്നത്തെ തികച്ചും അധഃപതിച്ച സ്ഥിതിയില്‍പോലും, കേരളത്തിലെ ഏറ്റവും വലിയ ഹൈന്ദവ സെക്കുലര്‍ പാര്‍ട്ടിയാണ്. ഹൈന്ദവ ഭീകരതയെ തടഞ്ഞുനിര്‍ത്തുന്നതില്‍ അതു നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. മാധ്യമങ്ങള്‍ അവയുടെ ഇന്നത്തെ സാംസ്‌കാരികവും ധാര്‍മികവുമായ ജീര്‍ണതയുടെ പാരമ്യത്തില്‍പോലും കുറച്ചെല്ലാം വാസ്തവങ്ങള്‍ വായനക്കാരുടെയും കാണികളുടെയും പക്കല്‍ എത്തിക്കുന്നുണ്ട്. ഇവര്‍ ഒന്നിച്ച് പങ്കുവെക്കുന്ന ഒരു പ്രത്യേക സ്വഭാവം വിമര്‍ശനത്തോടുള്ള അസഹിഷ്ണുതയാണ്. ഞങ്ങള്‍ക്ക് വിമര്‍ശിക്കാം, ഞങ്ങളെ വിമര്‍ശിക്കാന്‍ പാടില്ല എന്ന തത്ത്വത്തില്‍ അവര്‍ ഉറച്ചുനില്‍ക്കുന്നു. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, ജനാധിപത്യത്തിന്റെ അടിക്കല്ലുകളില്‍ ഒന്നായ അഭിപ്രായ സ്വാതന്ത്ര്യത്തിന് അവര്‍ പൂജ്യം വിലയാണ് കല്പിക്കുന്നത് മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം.

ജോസഫ് പുലിക്കുന്നേല്‍ ഏറ്റെടുത്ത ദുഷ്‌കരമായ ദൗത്യം കേരളകത്തോലിക്കാസഭയുടെ ദുര്‍മാര്‍ഗങ്ങളെ വിമര്‍ശിക്കുകയും ചോദ്യം ചെയ്യുകയും, ചെയ്യുക എന്നതാണ്-ഒറ്റയ്ക്ക്. മലയാളത്തില്‍ ജനങ്ങളുടേതായ ഒരു ബൈബിള്‍ പ്രസിദ്ധീകരിച്ചുകൊണ്ടാണ് അദ്ദേഹമത് തുടങ്ങിവെച്ചത്. ഓശാനമൗണ്ടില്‍നിന്ന് അദ്ദേഹം കാല്‍നൂറ്റാണ്ടിലേറെയായി നടത്തുന്ന ആശയ യുദ്ധത്തിലൂടെ കത്തോലിക്കാസഭ അതിന്റെ കേരള ചരിത്രത്തില്‍ ആദ്യമായി വിശ്വാസാധികാരത്തിന്റെയും ഭൗതികാധികാരത്തിന്റെയും മേഖലകളില്‍ ഒരു ശക്തനായ പ്രതിയോഗിയെ നേരിട്ടു. ആയിരത്തി അഞ്ഞൂറോളം വര്‍ഷങ്ങള്‍ നീണ്ട രാഷ്ട്രീയപരിശീലനവും യുദ്ധപരിശീലനവും ലഭിച്ച പ്രസ്ഥാനമാണ് കത്തോലിക്കാസഭ. ഏതാണ്ടത്രയും നീണ്ട പീഡനപരിശീലനവും അതിനുണ്ട്. വിശ്വാസകാര്യങ്ങളില്‍ അതു ചില എതിര്‍പ്പുകളെ കണ്ടില്ലെന്ന് നടിച്ചേക്കാം. പക്ഷേ, ഭൗതികശക്തിയുടെ കാര്യത്തില്‍ അതിന് യാതൊരു വിട്ടുവീഴ്ചയുമില്ല . യേശുവിന്റെ സ്ഥാനത്ത് ഒരു ഹിംസ്രജന്തു പ്രത്യക്ഷപ്പെടുന്നു.

ജോസഫ് പുലിക്കുന്നേലിന്റെ ഇതഃപര്യന്തമുള്ള സഭാനവീകരണ പ്രവര്‍ത്തനങ്ങളെ ലക്ഷ്യത്തിലെത്തിച്ചേക്കാവുന്ന ഒരു നീക്കമായാണ് ഞാന്‍ ചര്‍ച്ച് ആക്ടിനു വേണ്ടിയുള്ള പരിശ്രമങ്ങളെ കാണുന്നത്. ഒരുപക്ഷേ , പുലിക്കുന്നേല്‍ ഒരു നിമിത്തം മാത്രമാണ്. കത്തോലിക്കാസഭയിലെ വിശ്വാസികളും സന്ന്യസ്തരും അടക്കമുള്ള ഒരു നിശ്ശബ്ദ ഭൂരിപക്ഷത്തിന്റെ ശബ്ദമാണ് അദ്ദേഹത്തിലൂടെ കേള്‍ക്കുന്നത്. ചര്‍ച്ച് ആക്ട് രൂപകല്പന ചെയ്യപ്പെട്ടിട്ടുള്ളത് ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യരെപ്പോലുള്ള നിഷ്പക്ഷമതികളായ പണ്ഡിതന്മാരുടെ നേതൃത്വത്തിലാണ്. അതിന്റെ അടിസ്ഥാന ഉദ്ദേശ്യം ലളിതമാണ്. ഒരു ജനാധിപത്യരാഷ്ട്രത്തില്‍ കത്തോലിക്കാസഭയുടെ ഭരണസംവിധാനത്തെയും ജനാധിപത്യമാക്കുക. അതിനെ പുരോഹിതന്മാരുടെ ഏകാധിപത്യത്തില്‍നിന്ന് മോചിപ്പിച്ച് പണ്ട് കേരളത്തില്‍ ഒരിക്കല്‍ ആയിരുന്നതുപോലെ വിശ്വാസികളുടെ ജനാധിപത്യത്തിലേക്ക് മടക്കിക്കൊണ്ടുവരിക. വിശ്വാസികളില്ലെങ്കില്‍ സഭയില്ല. പക്ഷേ, ഇന്ന് വിശ്വാസികള്‍ക്ക് സഭയില്‍ അധികാരമില്ല. കടമകളേയുളളൂ . പാശ്ചാത്യനാടുകളില്‍ കത്തോലിക്കാസഭയ്ക്ക് സംഭവിച്ചിരിക്കുന്ന തകര്‍ച്ച ആലോചിച്ചുനോക്കിയാല്‍, സഭയുടെയും, എന്തിന് പുരോഹിത സംവിധാനത്തിന്റെയും, ദീര്‍ഘകാല ഭാവിക്ക് ജനാധിപത്യവല്‍ക്കരണമായിരിക്കും നല്ലതെന്നു തോന്നുന്നു.

യൂറോപ്പിലെ ധാരാളം പള്ളികള്‍ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ മാത്രമായി തീര്‍ന്നിരിക്കുകയാണ്. സഭയുടെ ധാര്‍മികശക്തി, യേശുവിന്റെ സന്ദേശം രണ്ട് മഹായുദ്ധങ്ങള്‍ക്കു മുന്നില്‍ അടിയറവെക്കേണ്ടി വന്നതു മാത്രമല്ല, ഇതിനു കാരണം. സഭയുടെ രാഷ്ട്രീയവും സാംസ്‌കാരികവുമായ സേച്ഛാധിപത്യചരിത്രത്തോടുള്ള ഒരു അവസാന തിരിച്ചടിയായിട്ടുകൂടിയാണ് യൂറോപ്യന്‍ കത്തോലിക്കര്‍ സഭയെ വിട്ടൊഴിഞ്ഞത്. യൂറോപ്പിന്റെ വിധി കത്തോലിക്കാസഭയ്ക്ക് കേരളത്തിലുണ്ടാകുമോ? നവോത്ഥാനത്തെ മാധ്യമങ്ങളും മതങ്ങളും രാഷ്ട്രീയപാര്‍ട്ടികളും ചേര്‍ന്ന് മുളയിലെ നുള്ളിക്കളഞ്ഞ കേരളത്തില്‍ പാരമ്പര്യവാദത്തിന് ഇന്ന് പുഷ്‌കല കാലമാണെന്നത് ശരിതന്നെ. പക്ഷേ, ചരിത്രത്തിന്റെ തിരിച്ചടികള്‍ ആകസ്മികവും രഹസ്യാത്മകവുമാണ്. സഭയുടെ പൗരോഹിത്യസംവിധാനം അതിന്റെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടുതന്നെ ജനാധിപത്യവല്‍ക്കരണത്തെ സ്വാഗതം ചെയ്യുന്നതായിരിക്കും ഉചിതം എന്നു തോന്നുന്നു.

ഞാന്‍ (സക്കറിയ) ഒരു അവിശ്വാസിയാണെങ്കിലും ഞാന്‍ മനസ്സിലാക്കുന്നിടത്തോളം വിശ്വാസികള്‍ക്ക് എല്ലാ മതങ്ങളിലും പുരോഹിതന്മാരെ ആവശ്യമുണ്ട്. അതവരുടെ സ്വാതന്ത്ര്യം. പക്ഷേ, പുരോഹിതനും വിശ്വാസിയും തമ്മില്‍ ഒരു കീഴാള-മേലാള ബന്ധമാണോ ആവശ്യം എന്നതാണ് പ്രശ്‌നം. ചര്‍ച്ച് ആക്ട് ഇത്തരം പ്രശ്‌നങ്ങളിലേക്കുള്ള ജനാധിപത്യ ക്രമമനുസരിച്ചുള്ള ഒരിടപെടലിന്റെ തുടക്കം മാത്രമാണ്. ഒന്നുകൂടി വിശദീകരിച്ചാല്‍ സഭയുടെ ഭൗതികഭരണം വിശ്വാസികള്‍ ഏറ്റെടുക്കുന്നതിനെ സാമാന്യനീതിബോധമുള്ള ആരും എതിര്‍ക്കുമെന്ന് തോന്നുന്നില്ല.

അതേസമയം ദൈവത്തെ നേരിട്ടു നേരിടാന്‍ വിശ്വാസികള്‍ക്ക് പൊതുവില്‍ ആത്മവിശ്വാസമില്ലാത്തിടത്തോളം കാലം അവര്‍ക്ക് പുരോഹിതന്മാരുടെ സഹായം ആവശ്യമാണ ്. എന്നാല്‍ എന്റെ ആശങ്ക മറ്റൊന്നാണ്. ജനാധിപത്യത്തെ കേരളത്തിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ അവരുടെ ധിക്കാരപൂര്‍വമായ മേലാളത്തമാക്കി മാറ്റിക്കഴിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് ഈ ആശങ്ക. അതായത് രാഷ്ട്രീയപ്പാര്‍ട്ടികളുടെ അധികാരതാല്‍പര്യങ്ങളുടെയും അഴിമതിതാല്‍പര്യങ്ങളുടെയും നീരാളിപ്പിടുത്തത്തില്‍നിന്ന് യാതൊരു ജനകീയസംവിധാനത്തിനും ഇന്ന് കേരളത്തില്‍ മോചനമില്ല. സിവില്‍സൊസൈറ്റിയുടെ ഒരു തട്ടിയെടുക്കല്‍, അധിനിവേശം, അവര്‍ നടത്തിക്കഴിഞ്ഞു. പാര്‍ട്ടികളും അവരുടെ അധികാരവും സമ്പത്തുമാണ് വളരുന്നത്. കേരളവും മലയാളികളും വളരുന്നില്ല. അത്യാപത്കരമായിത്തീര്‍ന്നിരിക്കുന്ന ഈ അവസ്ഥയില്‍ എന്റെ ആശങ്ക ഇതാണ്. സഭയുടെ ഭൗതികാധികാരം വിശ്വാസികളുടെ കൈയിലെത്തുന്നത് നല്ലതുതന്നെ. വിശ്വാസികളിലെ ആദര്‍ശവാന്മാരും ദീര്‍ഘവീക്ഷണമതികളുമായ വ്യക്തികള്‍ക്ക് സഭയെ നന്മയിലേക്ക് നയിക്കാന്‍ കഴിയേണ്ടതാണ്.

പക്ഷേ, വിശ്വാസികള്‍ക്ക് രാഷ്ട്രീയപ്പാര്‍ട്ടികളുടെ കയറിപ്പിടുത്തത്തിനെ, അധിനിവേശത്തെ, ചെറുക്കാനുള്ള ശക്തിയുണ്ടാവുമോ എന്നറിഞ്ഞുകൂടാ.

കാരണം മലയാളികള്‍ പൊതുവില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ ധിക്കാരങ്ങള്‍ക്ക് കീഴ്‌വഴങ്ങി പരിശീലിച്ചവരാണ്. ഒരു മന്ത്രിയെ കണ്ടാല്‍ സ്വര്‍ഗദൂതനാണെന്ന് തെറ്റിദ്ധരിക്കുന്ന മലയാളികള്‍ അസംഖ്യമാണ്. അതുകൊണ്ട് വിശ്വാസികളുടെ കൈയിലെത്തിച്ചേരുന്ന സഭയുടെ സമ്പത്തും സ്ഥാപനങ്ങളും ജനാധിപത്യത്തിന്റെ പേരു പറഞ്ഞെത്തുന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടെ കുടില താല്‍പര്യങ്ങളുടെ തൊഴുത്തുകള്‍ ആയിത്തീരാനുള്ള സാധ്യത ശക്തമാണ്. എങ്കിലത് വറചട്ടിയില്‍നിന്ന് എരുതീയിലേക്ക് എന്നതുപോലെയാകും.

ഒപ്പം സഭയെ ഒരുപക്ഷേ, പിടിച്ചിളക്കിയേക്കാവുന്ന ഇത്തരമൊരു മാറ്റം പുരോഹിതന്മാരുടെ മനുഷ്യാവകാശ ലംഘനങ്ങളിലേക്ക് നയിക്കാന്‍ പാടില്ല താനും. പുരോഹിതന്മാര്‍ക്കും മനുഷ്യാവകാശങ്ങളുണ്ട്. അവര്‍ പലപ്പോഴും അതു വിശ്വാസികള്‍ക്ക് അനുവദിക്കാറില്ലെങ്കിലും അവര്‍ മനുഷ്യര്‍തന്നെയാണ്. നമ്മുടെ സഹോദരങ്ങള്‍ മാത്രമാണ്. അങ്ങനെയല്ല എന്ന് അവര്‍ വരുത്തിവെക്കാറുണ്ട്. ഇത്തരം ആശങ്കകളെ കണക്കിലെടുക്കെത്തന്നെ ചര്‍ച്ച് ആക്ട് വിപുലമായി ചര്‍ച്ച ചെയ്യപ്പെടുകയും ജനാധിപത്യപരമായ എല്ലാ ക്രമങ്ങളുമനുസരിച്ച് നിയമപുസ്തകത്തില്‍ എഴുതപ്പെടുകയും ചെയ്യേണ്ടത് കാലത്തിന്റെ ആവശ്യമാണ്.

 

Comments are closed.