DCBOOKS
Malayalam News Literature Website

ജോസഫ് ഇടമറുക് ചരമവാര്‍ഷിക ദിനം

പത്രപ്രവര്‍ത്തകന്‍, യുക്തിവാദി, ഗ്രന്ഥകാരന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ വ്യക്തിയായിരുന്നു ജോസഫ് ഇടമറുക്. 1934 സെപ്റ്റംബര്‍ ഏഴിന് ഇടുക്കി ജില്ലയിലായിരുന്നു ജനനം. ചെറുപ്പത്തില്‍ സുവിശേഷ പ്രസംഗകനും മതാദ്ധ്യാപകനും ആയിരുന്ന അദ്ദേഹം പത്തൊമ്പതാമത്തെ വയസില്‍ ‘ക്രിസ്തു ഒരു മനുഷ്യന്‍’ എന്ന പുസ്തകം എഴുതിയതിനെത്തുടര്‍ന്ന് സഭയില്‍ നിന്ന് പുറത്താക്കപ്പെട്ടു. ഈഴവ സമുദായത്തില്‍ ജനിച്ച സോളിയെ 1954-ല്‍ വിവാഹം കഴിച്ചതോടുകൂടി ബന്ധുക്കളും മറ്റും അദ്ദേഹത്തെ വീട്ടില്‍ നിന്നും പുറത്താക്കി. തൊടുപുഴയില്‍ നിന്നും ‘ഇസ്‌ക്ര’ എന്ന മാസിക ഇക്കാലയളവില്‍ പുറത്തിറക്കിയിരുന്നു.

മാര്‍ക്‌സിയന്‍ ആശയങ്ങളില്‍ ആകൃഷ്ടനായി, റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും പിന്നീട് റവല്യൂഷണറി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും ചേര്‍ന്നു പ്രവര്‍ത്തിച്ചു. റവല്യൂഷണറി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായും കേന്ദ്രകമ്മിറ്റിയംഗമായും പ്രവര്‍ത്തിച്ചിരുന്നു. വിളംബരം, തേരാളി, യുക്തി എന്നീ യുക്തിവാദ മാസികളില്‍ സജീവമായി പ്രവര്‍ത്തിച്ചു. തേരാളി മാസിക, പുത്രനായ സനല്‍ ഇടമറുകിന്റെ പത്രാധിപത്യത്തില്‍ ഇപ്പോള്‍ ദില്ലിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്നു.

1971-ല്‍ കേരളഭൂഷണം അല്‍മനാക്ക്, മനോരാജ്യം, കേരളഭൂഷണം, കേരളധ്വനി എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായി. 1977-ല്‍ എറൗണ്ട് ഇന്ത്യഎന്ന ആംഗലേയ മാസികയുടെ പത്രാധിപരായി ദില്ലിയിലെത്തി. അതേ വര്‍ഷം തന്നെ കേരളശബ്ദം പ്രസിദ്ധീകരണങ്ങളുടെ ദില്ലി ലേഖകനായി. മതം, തത്ത്വചിന്ത മുതലായ വിഷയങ്ങളെ അധികരിച്ച് 170-ല്‍ അധികം കൃതികളുടെ രചയിതാവാണ് ഇടമറുക്. ആത്മകഥയായ ‘കൊടുങ്കാറ്റുയര്‍ത്തിയ കാലം’ എന്ന പുസ്തകത്തിന് 1999-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.

മറ്റു പ്രധാനപ്പെട്ട കൃതികള്‍: ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല, ഉപനിഷത്തുകള്‍ ഒരു വിമര്‍ശനപഠനം, ഖുര്‍ആന്‍ ഒരു വിമര്‍ശനപഠനം, ഭഗവദ്ഗീത ഒരു വിമര്‍ശനപഠനം, യുക്തിവാദരാഷ്ട്രം, കോവൂരിന്റെ സമ്പൂര്‍ണകൃതികള്‍.

2006 ജൂണ്‍ 29-ന് ജോസഫ് ഇടമറുക് അന്തരിച്ചു.

Comments are closed.