DCBOOKS
Malayalam News Literature Website

തിരക്കഥാകൃത്ത് ജോണ്‍പോള്‍ അന്തരിച്ചു

മലയാള സിനിമക്ക് പുതുഭാഷയും ഭാവുകത്വവും സമ്മാനിച്ച നൂറോളം ജനപ്രിയ  സിനിമകളുടെ രചയിതാവ് ജോണ്‍പോള്‍ (ജോണ്‍പോള്‍ പുതുശേരി- 72) അന്തരിച്ചു. അദ്ദേഹത്തിന്റെ ‘കഥയിതു വാസുദേവം’ എന്ന ഓര്‍മ്മപുസ്തകവും ‘യാത്ര’ എന്ന തിരക്കഥയും ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സ്കൂൾ അധ്യാപകനായിരുന്ന പുതുശ്ശേരി പി.വി പൗലോസിന്റെയും റബേക്കയുടെയും അഞ്ചുമക്കളിൽ നാലാമനായി 1950 ഒക്ടോബർ 29ന് എറണാകുളത്താണ് ജോൺ പോളിന്റെ ജനനം. എറണാകുളം മഹാരാജാസ് കോളജിൽനിന്ന് ഇക്കണോമിക്‌സിൽ ബിരുദാനന്തരബിരുദം നേടി.

1980 കളുടെ തുടക്കത്തിൽ മലയാളത്തിലെ പ്രഗൽഭരായ സംവിധായകരുമായി ഒരുമിച്ച് പ്രവർത്തിച്ച ജോൺപോൾ നൂറിലധികം ചലച്ചിത്രങ്ങൾക്ക്  തിരക്കഥയെഴുതി.  ചാമരം, ഓർമക്കായ്, യാത്ര എന്നീ ചിത്രങ്ങളുടെ തിരക്കഥകളിലൂടെ ജോൺപോൾ മലയാളചലച്ചിത്ര രംഗത്ത് ശ്രദ്ധിക്കപ്പെട്ടു. ദേശീയ അന്തർദേശീയപുരസ്കാരങ്ങൾ നേടിയ ഒരു ചെറുപുഞ്ചിരി എന്ന എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമ്മാണം ജോൺപോൾ ആയിരുന്നു. കേരളത്തിലെ ചലച്ചിത്രസാങ്കേതിക കലാകാരന്മാരുടെ സംഘടനയായ മാക്ടയുടേ (MACTA) സ്ഥാപക സെക്രട്ടറിയാണ് ജോൺപോൾ.

ചലച്ചിത്രരംഗത്ത് സജീവമാവുന്നതിനു മുമ്പ് ബാങ്ക് ഉദ്യോഗസ്ഥനായും പത്രപ്രവർത്തകനായും ജോലിചെയ്തു. കേരള ടൈംസ് എന്ന പത്രത്തിൽ ചലച്ചിത്ര ഫീച്ചർ എഴുത്തുകാരനായിരുന്നു ജോൺപോൾ. ഇക്കാലത്ത് എറണാംകുളം ഫിലിം സൊസൈറ്റിയിൽ ഒരു അംഗമായിരുന്നു അദ്ദേഹം. കമല്‍ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടലാണ് അദ്ദേഹം അവസാനമായി തിരക്കഥയെഴുതിയ സിനിമ.

Comments are closed.