DCBOOKS
Malayalam News Literature Website

റബ്ബറിനെ കേരളത്തിന് പരിചയപ്പെടുത്തിയ മര്‍ഫി സായിപ്പ്

കോട്ടയം: കടല്‍താണ്ടി കേരളത്തിലെത്തി റബ്ബര്‍ കൃഷിയിലൂടെ മലയോര മേഖലയുടെയും കോട്ടയം ജില്ലയുടെയും വികസനവിപ്ലവങ്ങള്‍ക്കു തുടക്കം കുറിച്ച അയര്‍ലണ്ട് സ്വദേശിയായിരുന്നു മര്‍ഫി സായിപ്പെന്ന ജോണ്‍ ജോസഫ് മര്‍ഫി. 1872 ഓഗസ്റ്റ് ഒന്നിന് അയര്‍ലണ്ടിലായിരുന്നു മര്‍ഫിയുടെ ജനനം.

റബ്ബര്‍ കൃഷിക്ക് അനുയോജ്യമായ സ്ഥലംതേടി ഇന്ത്യയിലെത്തിയ ജോണ്‍ ജോസഫ് മര്‍ഫി നേര്യമംഗലത്തിനടുത്തു മാങ്കുളത്ത് റബ്ബര്‍ കൃഷി നടത്തി പരാജയപ്പെട്ടാണ് 1902-ല്‍ ഏന്തയാറില്‍ എത്തുന്നത്. വലിയ മരങ്ങള്‍ വെട്ടിനിരത്തി കൂട്ടിക്കല്‍ മുതല്‍ ഇളംകാട് വരെ റബ്ബര്‍ കൃഷി ചെയ്ത മര്‍ഫിയെ മലയോരമേഖലയുടെ മണ്ണ് ചതിച്ചില്ല. കൃഷി വിജയിച്ചതോടെ വര്‍ഷങ്ങള്‍കൊണ്ട് പന്ത്രണ്ടായിരത്തിലധികം ഏക്കറുകളേക്ക് റബ്ബര്‍ കൃഷി വ്യാപിപ്പിക്കാന്‍ സാധിച്ചു. ഒപ്പം ഏന്തയാറില്‍ റബ്ബര്‍, തേയില ഫാക്ടറികളും സ്ഥാപിച്ചു.

തോട്ടങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ ഉന്നമനമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം. മെച്ചപ്പെട്ട ശമ്പളം, ചികിത്സ, തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം എന്നിവയ്ക്ക് മുഖ്യപ്രാധാന്യം നല്‍കി. ഏന്തയാറില്‍ മര്‍ഫിയുടെ പേരിലാരംഭിച്ച സ്‌കൂള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്.

1957 മെയ് ഒന്‍പതിന് നാഗര്‍കോവിലിലെ ആശുപത്രിയില്‍ വെച്ചായിരുന്നു മര്‍ഫി സായിപ്പിന്റെ അന്ത്യം. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഏന്തയാറിലെ തൊഴിലാളികളുടെ ശ്മശാനത്തിലായിരുന്നു മൃതദേഹം അടക്കം ചെയ്തത്. ഏന്തയാറിന് അഞ്ചുകിലോമീറ്റര്‍ അകലെ മാത്തുമലയിലാണ് മര്‍ഫി സായിപ്പിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്.

Comments are closed.