DCBOOKS
Malayalam News Literature Website

“ഇവിടെ ഒരു മാധ്യമത്തിനും തൊടാന്‍ കഴിയാത്ത വിശുദ്ധപശുക്കളുണ്ട്”; ഗെയ്ല്‍ ട്രെഡ്‌വെല്‍ അഭിമുഖാനുഭവം പങ്കുവച്ച് ജോണ്‍ ബ്രിട്ടാസ്

“പലപ്പോഴും തീക്ഷ്ണമായ വിമര്‍ശനങ്ങള്‍ക്ക് വിധേയനായിട്ടുള്ള മാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ് ഞാന്‍. ഗെയ്ല്‍ ട്രെഡ്‌വെല്‍ എന്ന യുവതിയെ അഭിമുഖം ചെയ്തതിന്റെ പേരില്‍ മാസങ്ങളോളമാണ് താന്‍ വേട്ടയാടപ്പെട്ടത്. അതില്‍ അസാധാരണത്വമില്ല, കാരണം കേരളത്തില്‍ ഒരു മാധ്യമത്തിനും തൊടാന്‍ സാധിക്കാത്ത കുറെ വിശുദ്ധപശുക്കളുണ്ട്. അവര്‍ക്ക് മുന്നില്‍ എല്ലാവരും തലകുമ്പിട്ട് നില്‍ക്കും. അതാണ് കേരളത്തിന്റെ സാമൂഹ്യ-സാംസ്‌കാരിക പശ്ചാത്തലം.

മാധ്യമലോകത്ത് സ്ഥിരം ഉപയോഗിക്കുന്ന ഫോര്‍ത്ത് എസ്‌റ്റേറ്റ്, നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനം, സ്വതന്ത്രമാധ്യമപ്രവര്‍ത്തനം എന്നീ പദങ്ങളെല്ലാം തികച്ചും അപഹാസ്യമാണ്. ഇന്ന് ഇന്ത്യയില്‍ നരേന്ദ്രമോദിക്കെതിരെയോ ആര്‍.എസ്.എസിനെതിരെയോ വാര്‍ത്ത നല്‍കാന്‍ ഒറ്റ മാധ്യമപ്രവര്‍ത്തകന്‍ പോലുമില്ല.അടിയന്തരാവസ്ഥക്കാലത്തെ സെന്‍സര്‍ഷിപ്പിനെക്കാള്‍ രൂക്ഷമായ ‘അടിയന്തരാവസ്ഥ’ മാധ്യമരംഗത്തെ സംബന്ധിച്ചിടത്തോളം ഇന്ന് ഇന്ത്യയിലുണ്ടെന്ന് പറയേണ്ടിവരും.

ഇന്ത്യയുടെ ചരിത്രത്തില്‍ രണ്ട് പ്രസ് കമ്മീഷനുകള്‍ ഉണ്ടായിരുന്നു. രണ്ട് പ്രസ് കമ്മീഷനുകളും ഏകകണ്ഠമായി മുന്നോട്ടു വെച്ച ഒരു കാര്യമായിരുന്നു വ്യവസായ സ്ഥാപനങ്ങളെ പത്രസംരംഭങ്ങളില്‍ നിന്ന് മാറ്റിനര്‍ത്തുക എന്നത്. ഇന്ന് ഇന്ത്യയില്‍ ഏതെങ്കിലും തരത്തിലുള്ള മാധ്യമസംരംഭങ്ങളില്ലാത്ത കോര്‍പ്പറേറ്റ് സ്ഥാപനമുണ്ടോ? കോര്‍പ്പറേറ്റുകള്‍ ഭരിക്കുന്ന മാധ്യമസ്ഥാപനങ്ങള്‍ക്ക് സ്വതന്ത്രമായ എഡിറ്റോറിയല്‍ പോളിസി കൊണ്ടുവരാന്‍ സാധിക്കില്ല.”ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കുന്നു.

2018 ഫെബ്രുവരിയില്‍ കോഴിക്കോട് വെച്ചു നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഫോര്‍ത്ത് എസ്‌റ്റേറ്റിലെ നായാട്ടുകാര്‍ എന്ന വിഷയത്തില്‍ നടന്ന സംവാദത്തിലാണ് പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ ജോണ്‍ ബ്രിട്ടാസ് തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്.

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നാലാം എഡിഷന്‍ 2019 ജനുവരി 10, 11, 12, 13 തീയതികളില്‍ കോഴിക്കോട് കടപ്പുറത്തുവെച്ച് നടക്കും. രജിസ്‌ട്രേഷനായി സന്ദര്‍ശിക്കുക  http://www.keralaliteraturefestival.com/registration/ 

Comments are closed.