ജോണ്‍ സിനിമകള്‍ പ്രേക്ഷകര്‍ക്ക് വേണ്ടിയുള്ളതായിരുന്നു
ജോണ്‍ എബ്രഹാമിന്റെ സിനിമകള്‍ പ്രേക്ഷകര്‍ക്ക് വേണ്ടിയുള്ളതായിരുന്നുവെന്ന് സി.എസ് വെങ്കിടേശ്വരന്‍. സിനിമയുടെ തുടക്കം മുതല്‍ അത് പ്രേക്ഷകരിലേക്ക് എത്തിക്കുന്ന നിമിഷം വരെ പ്രേക്ഷകരുടെ സഹകരണത്തിലൂടെയാണ് ജോണ്‍ സിനിമകള്‍ ചെയ്തിരുന്നത്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ കേരളീയ ചിന്തയിലെ കലാപകാരികള്‍ എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീദി ദാമോദരന്‍ മോഡറേറ്ററായ വേദിയില്‍ ബീനാ പോള്‍, പ്രേംചന്ദ്, ഫൗസിയ എന്നിവര്‍ അവരുടെ ഓര്‍മ്മകള്‍ പങ്കിട്ടു.
ജോണ്‍ സിനിമയെ ഒരു കഥാരൂപമായിട്ടായിരുന്നു കണ്ടിരുന്നത്. അക്കാലത്ത് ഉണ്ടായിരുന്ന കൊമേഴ്‌സ്യല്‍ സിനിമകള്‍ക്ക് ബദല്‍ സിനിമയായിട്ടാണ് ജോണ്‍ സിനിമകള്‍ വന്നിരുന്നത്. അദ്ദേഹത്തിന്റെ ചിന്തകളും സിനിമകളും അക്കാലത്ത് ഉണ്ടായിരുന്ന ലോകസിനിമകളില്‍ നിന്നും വ്യത്യസ്തമായിരുന്നു. ഒഡേസ പോലെയൊരു ഫിലിം സൊസൈറ്റിക്ക് തുടക്കം കുറിച്ചുകൊണ്ട്, ജനങ്ങളില്‍ നിന്നും പണം പിരിച്ച് അവര്‍ക്ക് സൗജന്യമായി സിനിമാപ്രദര്‍ശനങ്ങള്‍ നടത്തുകയായിരുന്നു ജോണ്‍ എബ്രഹാം. മലയാള സിനിമയില്‍ സിനിമാനിര്‍മ്മാണം ഏറെ ഭാരപ്പെട്ടതായി കണ്ടിരുന്ന സമയത്താണ് ജോണ്‍ എബ്രഹാം സിനിമാപ്രേമികള്‍ക്ക് ഒരു മാതൃകയാവുകയായിരുന്നു.
കാലത്തോട് കലഹിച്ചിരുന്ന അദ്ദേഹത്തിന്റെ ആശയങ്ങള്‍ സാധാരണക്കാര്‍ക്കു പോലും മനസ്സിലാകുന്ന വിധത്തിലുള്ളതായിരുന്നു. അഗ്രഹാരത്തിലെ കഴുത, വിദ്യാര്‍ത്ഥികളേ ഇതിലേ ഇതിലേ തുടങ്ങിയ സിനിമകളുടെ രാഷ്ട്രീയം നോക്കിയാല്‍ ഇക്കാര്യം മനസ്സിലാകും. ജാതിമത ലിംഗഭേദമില്ലാതെ അദ്ദേഹത്തിന്റെ സിനിമകളില്‍ സത്യത്തിന്റ രാഷ്ട്രീയം ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ കണ്ടെത്താനാകും. ഏതൊരു പുതുതലമുറയും ജോണിന്റെ സിനിമകളിലൂടെ കടന്നുപോയിട്ടുണ്ടാകും-സി.എസ് വെങ്കിടേശ്വരന്‍ പറഞ്ഞു.
ജോണ്‍ എബ്രഹാമിന്റെ സിനിമകളിലെ സ്ത്രീകളെപ്പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ ബീന പോള്‍ പ്രതികരിച്ചത് ഇപ്രകാരമായിരുന്നു പുരുഷന്മാരോട് അദ്ദേഹം എങ്ങനെ പെരുമാറിയിരുന്നുവോ അങ്ങനെ തന്നെയായിരുന്നു സ്ത്രീകളോടും. ലിംഗനീതിക്ക് വേണ്ടി ജോണ്‍ അനേകം തവണ സംസാരിച്ചിട്ടുണ്ട്. ജോണ്‍ സിനിമയില്‍ സ്ത്രീകള്‍ക്ക് വലിയ പങ്കുണ്ടായിരുന്നു. എന്നാലും അമ്മ അറിയാന്‍ എന്ന സിനിമയിലെ സ്ത്രീകഥാപാത്രത്തിന്റെ അപാകത അദ്ദേഹത്തെ അലട്ടിയിരുന്നതായും ബീനാ പോള്‍ പറഞ്ഞു. സ്ത്രീകളെയും പുരുഷന്മാരെയും പ്രത്യേകം ശ്രദ്ധിക്കേണ്ടതില്ല എന്നതായിരുന്നു ജോണിന്റെ നിലപാട് എന്ന് സഹോദരിമാര്‍ അഭിപ്രായപ്പെട്ടിരുന്നുവെന്ന് അഭിപ്രായപ്പെട്ടിരുന്നതായി ഫൗസിയ പറഞ്ഞു.
ജോണിനെപ്പറ്റിയുള്ള സിനിമ ചെയ്യുമ്പോള്‍ അദ്ദേഹം ചെയ്യാതെ പോയ സിനിമകളെപ്പറ്റി വേണം പറയുവാന്‍ എന്ന് ജോണ്‍ എന്ന സിനിമ ചെയ്യുന്ന ജോണിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ പ്രേംചന്ദ് പറഞ്ഞു. അതിനോടൊപ്പം ഒരുകാലത്ത് കോഴിക്കോട്ടുള്ളവര്‍ സത്യജിത് റേയെ വലിയ സംവിധായകനായി കണ്ടിരുന്നു. അതില്‍ നിന്നും ഘട്ടക് സിനിമകളിലേക്ക് എത്തിച്ചത് ജോണ്‍ ആണെന്നും പറഞ്ഞു.
Comments are closed.