DCBOOKS
Malayalam News Literature Website

‘തെരുവുകളിലെ നൃത്തം’; ജോണ്‍ എബ്രഹാമിനെ ഓര്‍മ്മിക്കുമ്പോള്‍

ആഗസ്റ്റ് 11- ജോണ്‍ എബ്രഹാം ജന്മദിനം

 

ചലച്ചിത്ര നിരൂപകനും മാധ്യമപ്രവര്‍ത്തകനുമായ പ്രേംചന്ദ് രചിച്ച മരിക്കാത്ത നക്ഷത്രങ്ങള്‍ എന്ന കൃതിയില്‍നിന്നും

സ്വന്തം നൃത്തച്ചുവടുകള്‍ മറന്ന് തങ്ങളുടെ സുരക്ഷിതഗൃഹങ്ങളില്‍ ഭയപ്പാടോടെ അള്ളിപ്പിടിച്ചിരിക്കുന്ന മലയാളികള്‍ക്ക് തെരുവുകളില്‍ പാട്ടുപാടി നൃത്തംവെക്കുന്ന ജോണ്‍ എബ്രഹാം എന്നും ഒരു വിസ്മയമായിരുന്നു. അഗ്രഹാരത്തിലേക്കു ‘കഴുത’യെന്നപോലെ എപ്പോഴാണ് തങ്ങളുടെ ജീവിതത്തിലേക്ക്  കടന്നുവരികയെന്നറിയാതെ അവര്‍ ജോണ്‍ എബ്രഹാമിനെ ഭയപ്പെട്ടിരുന്നു.

കോഴിക്കോട് ട്രെയിനിങ് കോളജ് ഓഡിറ്റോറിയത്തില്‍ മെയ് 31-ന് വൈകിട്ട് ജോണിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ജീവിച്ചിരിക്കുമ്പോള്‍ ജോണിന് ഒരു നേരത്തെ ഭക്ഷണം വാങ്ങിക്കൊടുക്കാന്‍പോലും മനസ്സുകാട്ടാത്തവരും ജോണ്‍ വരുമെന്നു ഭയന്ന് താന്‍ സ്ഥലത്തില്ലെന്നു പറഞ്ഞ് ഒളിച്ചിരുന്നവരും എത്തിയിരുന്നു. ഇതുകണ്ട് രോഷാകുലനായ ഒരു സുഹൃത്ത് പറഞ്ഞു: ‘ഹാവൂ, പഹയന്‍ ചത്തല്ലോ’ എന്ന സമാധാനത്തോടെയാകണം അവര്‍ക്ക് ഇവിടെ വരാന്‍ ധൈര്യം കിട്ടിയത്. ‘അമ്മ അറിയാന്‍’ എന്ന സിനിമയ്ക്കു കാശുപിരിക്കാന്‍ ചെന്നവരോട് ‘ജോണോ? ഇനി സിനിമയെടുക്കാനോ’ എന്നു പരിഹസിച്ച് കൈ മലര്‍ത്തിയവരും ട്രെയിനിങ് കോളജില്‍ വന്നിരുന്നു.

അഗ്രഹാരത്തിലെ ‘കഴുത’യ്ക്കും ഇതുതന്നെയാണ് സംഭവിച്ചത്. അഗ്രഹാരത്തെ വണ്ണാന്‍ ചേരിയാക്കി മാറ്റിയ കഴുത ചത്തെന്നു തീര്‍ച്ച വരുത്തിയ ശേഷമാണ് ബ്രാഹ്മണര്‍ അമ്പലം പണിയാന്‍ ധൈര്യപ്പെടുന്നത്. Textതെരുവുകളായിരുന്നു ജോണ്‍ എബ്രഹാമിനു പ്രിയപ്പെട്ടത്. കോടമ്പാക്കത്തെ അഗ്രഹാരങ്ങളില്‍ നിന്നും സിനിമയെ തെരുവിലെത്തിക്കാന്‍ കേരളത്തിലെ തെരുവുകളില്‍ വെയിലും മഴയും കൊള്ളുന്ന സാധാരണക്കാരോടൊപ്പം ഒരു കഴുതയെപ്പോലെ കാശ് പിരിച്ച് ജോണ്‍ തന്റെ അവസാനത്തെ സിനിമയെടുത്തു. അഗ്രഹാരങ്ങളിലെ വളര്‍ത്തുമൃഗമാകാന്‍ തയ്യാറില്ലാത്ത ജോണ്‍ തന്റെ കഴുതയെ അഴിച്ചുവിടുന്നത് തെരുവിലേക്കാണ്. അദ്ദേഹത്തിന്റെ എല്ലാ സിനിമകളിലും ജീവിതത്തിലും ഈ ‘കഴുത’ ഓരോ രൂപത്തില്‍ സജീവമായി പ്രത്യക്ഷപ്പെടുന്നു.

തലമുതിര്‍ന്നാല്‍ സ്വന്തമായി വീടുവെക്കാന്‍ നോക്കണമെന്ന ‘ജീവിക്കാന്‍ പഠിച്ച’ മലയാളികളുടെ പാഠം ജോണ്‍ അഭ്യസിച്ചില്ല. സ്വന്തം തലമുറയിലെ സംവിധായകര്‍ പുരസ്‌കാരങ്ങളുടെ വീടുവെക്കാന്‍ പരക്കം പായുമ്പോള്‍ ജോണ്‍ ഒരു കഴുതയെപ്പോലെ ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള തെരുവുകളില്‍ അലയുകയും തന്റെ സങ്കല്പത്തിലുള്ള സിനിമകള്‍ എടുക്കാനാവാതെ വേദനിക്കുകയുമായിരുന്നു. വീടും കുടിയുംവെച്ച് എവിടെയെങ്കിലും ഒതുങ്ങിക്കൂടണമെന്ന് ജോണ്‍ പറഞ്ഞതായി കേട്ടിട്ടില്ല. മദ്യപിച്ച് തെരുവുകളിലൂടെ നൃത്തംവെച്ച് കടന്നുപോകുമ്പോള്‍ ജോണ്‍ പാടുമായിരുന്നു. ‘ആടിക്കോ പാടിക്കോ വീട് കൂട്ടിക്കോ മയ്യത്തെ…’

കഴുതയും ദസ്തയേവ്‌സ്‌കിയും

കഴുതയെ ഒരു ബിബ്ലിക്കല്‍ സിംബലായി ലഘൂകരിക്കുകയല്ല ജോണ്‍ ചെയ്തത്. തന്റെ സിനിമകളിലുള്ള ക്രിസ്ത്യന്‍ മിഥോളജിയുടെ സ്വാധീനത്തെക്കുറിച്ച് ബോധവാനായ ജോണ്‍ ക്രിസ്തുവിന്റെ ദൈവികതയെ കഴുതയുടെ മാനുഷികതയായി പരിവര്‍ത്തിപ്പിക്കുകയാണു ചെയ്തത്. മനുഷ്യത്വരഹിതമായ ഒരു ചുറ്റുപാടില്‍ ലോകത്തിന്റെ അക്രമാസക്തമായ മൂല്യസംഹിതകള്‍ക്കെതിര്‍ നില്‍ക്കുന്ന ഒരു വിശുദ്ധ ബിംബമാണ് കഴുത. കാള്‍ മാര്‍ക്‌സ് ഇക്കാര്യത്തില്‍ ജോണിന് വഴികാട്ടിയായിട്ടുണ്ടാവും. എങ്കിലും ദസ്തയേവ്‌സ്‌കിയുടെ ‘ഇഡിയറ്റ്’ ആണ് കഴുതയുടെ ആത്മാവ്.

ദസ്തയേവ്‌സ്‌കിയുടെ നായകന്‍ ഇഡിയറ്റാവുന്നത് അയാള്‍ ജീവിക്കാന്‍ പഠിച്ച മനുഷ്യരുടെ ലോകത്തിലെ ‘ക്രിസ്തു’ വായതുകൊണ്ടാണ്. ‘ദസ്തയേവ്‌സ്‌കി’യാണ് എന്നെ കണ്ടെത്തിയത്. അയാളുടെ ‘ഇഡിയറ്റ്’ വായിച്ചാണ് ഞാന്‍ തകരാറായത് എന്നു ജോണ്‍ പറഞ്ഞിട്ടുണ്ട്.

ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളില്‍ ലോകത്തിന്റെ കുറ്റങ്ങള്‍ ഏറ്റെടുത്ത് ദുരന്തം പേറുന്ന ഇടത്തരം കര്‍ഷകനായ ചെറിയാച്ചനും ‘അമ്മ അറിയാനി’ല്‍ മോര്‍ച്ചറിയില്‍ അജ്ഞാതശവമായി കിടക്കുന്ന കലാകാരനും വിപ്ലവകാരിയുമായ ഹരിയും ഹരിയുടെ മരണം കുറ്റബോധമായി ഏറ്റെടുത്ത് അമ്മയെ അറിയിക്കാന്‍ യാത്രയാവുന്ന പുരുഷനും ഇന്നത്തെ ലോകത്തിലെ ‘ഇഡിയറ്റു’കളോ ‘കഴുത’കളോ ആണ്. അഗ്രഹാരം വെടിഞ്ഞ് തെരുവുകളിലെ സാധാരണക്കാര്‍ക്കൊപ്പം നൃത്തം ചെയ്യാനിറങ്ങിയ ജോണ്‍ സ്വന്തം ജീവിതത്തിലും ഈ പാരമ്പര്യവുമാണ് പിന്തുടരുന്നത്. സ്വന്തം രചനകളുടെ സാങ്കേതികവും സൗന്ദര്യശാസ്ത്രപരവുമായ അപര്യാപ്തതകള്‍ക്കിടയിലും ജോണ്‍ എബ്രഹാമിനെ പ്രസക്തമാക്കുന്നതും ഇതുതന്നെ.

Comments are closed.