DCBOOKS
Malayalam News Literature Website

കെ.എല്‍.എഫ് വേദിയില്‍ ജ്ഞാനപീഠ ജേതാക്കളെത്തുന്നു

ഡി.സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി 10 മുതല്‍ 13 വരെ സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സമുന്നതരായ എഴുത്തുകാരെത്തുന്നു. രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്‌കാരമായ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ച പ്രശസ്തരായ നാല് എഴുത്തുകാരാണ് ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പുസ്തകോത്സവത്തിന്റെ ഭാഗമാകുന്നത്. സിതാകാന്ത് മഹാപാത്ര, പ്രതിഭ റായ്(ഒഡിയ), ബാലചന്ദ്ര നേമാഡെ(മറാത്തി), എം.ടി വാസുദേവന്‍ നായര്‍( മലയാളം) എന്നീ പ്രഗത്ഭരാണ് കെ.എല്‍.എഫ് വേദിയില്‍ സഹൃദയര്‍ക്കൊപ്പം സംവാദത്തിനായി എത്തുന്നത്.

പ്രശസ്ത ഒഡിയ കവിയും നിരൂപകനുമായ സിതാകാന്ത് മഹാപാത്ര, ഭാഷയിലെ സമുന്നതനായ എഴുത്തുകാരില്‍ ഒരാളാണ്. 1993-ലാണ് ഇദ്ദേഹത്തിന് ജ്ഞാനപീഠ പുരസ്‌കാരം ലഭിക്കുന്നത്. പദ്മഭൂഷണ്‍(2002), കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം(1974), ഒഡീഷ സാഹിത്യ അക്കാദമി പുരസ്‌കാരം(1971, 1984) തുടങ്ങി നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. 2011-ലെ ജ്ഞാനപീഠ പുരസ്‌കാര ജേതാവാണ് ഒഡിയ സാഹിത്യകാരിയായ പ്രതിഭ റായ്. ഒഡിയ സാഹിത്യത്തിന് നല്കിയ സംഭാവനകള്‍ പരിഗണിച്ച് 2007-ല്‍ പത്മശ്രീയും ശിലാപത്മ എന്ന നോവലിന് ഒഡീഷ സാഹിത്യ അക്കാദമി പുരസ്‌കാരവും മൂര്‍ത്തീദേവി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. മറാത്തി എഴുത്തുകാരനും കവിയുമായ ഡോ.ബാലചന്ദ്ര നെമാഡെയ്ക്ക് 2014-ലാണ് ജ്ഞാനപീഠ പുരസ്‌കാരം ലഭിക്കുന്നത്. ‘ഹിന്ദു ജഗണ്യാച്ചി സമൃദ്ധ് അഡ്ഗല്‍’ എന്ന നോവലാണ് അദ്ദേഹത്തെ ജ്ഞാനപീഠത്തിന് അര്‍ഹനാക്കിയത്. കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരജേതാവ് കൂടിയാണ് അദ്ദേഹം. മലയാളിയുടെ വായനയെ സമ്പന്നനാക്കിയ എഴുത്തുകാരനാണ് എം.ടി വാസുദേവന്‍ നായര്‍. 1995-ലാണ് എം.ടിയ്ക്ക് ജ്ഞാനപീഠ പുരസ്‌കാരം ലഭിക്കുന്നത്. മലയാള സാഹിത്യത്തിനും ചലച്ചിത്രമേഖലയ്ക്കും നിസ്തുലമായ സംഭാവനകള്‍ നല്‍കിയ എം.ടിയുടെ സൃഷ്ടികള്‍ കാലത്തെ മറികടക്കുന്നതാണ്.

ലോകരാഷ്ട്രങ്ങളിലെ അറിയപ്പെടുന്ന എഴുത്തുകാരെയും ചിന്തകരെയും കലാകാരന്‍മാരെയും ഉള്‍പ്പെടുത്തി കോഴിക്കോട് കടപ്പുറത്ത് വെച്ച് സംഘടിപ്പിക്കുന്ന സാഹിത്യോത്സവം അക്ഷരാര്‍ത്ഥത്തില്‍ കലയുടെയും സാഹിത്യത്തിന്റെയും മാമാങ്കമാണ് സഹൃദയര്‍ക്കായി ഒരുക്കുക. ഇക്കുറി ഇന്ത്യന്‍ സാഹിത്യത്തില്‍ ഒരു പുതിയ പരമ്പര തന്നെ കെ.എല്‍.എഫില്‍ അവതരിപ്പിക്കുകയാണ്. അതുവഴി ഇന്ത്യന്‍ സാഹിത്യത്തെ കുറിച്ച് വിശാലതലത്തിലുള്ള ചര്‍ച്ചകള്‍ക്ക് വഴി തുറക്കാനും ലക്ഷ്യമിടുന്നുണ്ട്. കെ.എല്‍.എഫില്‍ ഇത്തവണ മറാത്തി ഭാഷയ്ക്കാണ് ഊന്നല്‍ നല്‍കുന്നത്. നാടകകൃത്തുക്കള്‍, കവികള്‍, നോവലിസ്റ്റുകള്‍, വിമര്‍ശകര്‍, ഗദ്യരചയിതാക്കള്‍, തുടങ്ങി മറാത്തി ഭാഷയിലെ പ്രമുഖരായ 12 എഴുത്തുകാരെയാണ് കെ.എല്‍.എഫ് വേദിയില്‍ പരിചയപ്പെടുത്തുന്നത്. കൂടാതെ വടക്കുകിഴക്കന്‍ മേഖലകള്‍ക്കും പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് അഞ്ച് എഴുത്തുകാരാണ് ഈ മേഖലയില്‍ നിന്ന് എത്തുന്നത്. കന്നട-ഇംഗ്ലീഷ് ഭാഷയില്‍ നിന്നും എഴുത്തുകാരെത്തുന്നുണ്ട്. കലയും സംസ്‌കാരവും സാഹിത്യവും ഒന്നിക്കുന്ന സജീവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കുമൊപ്പം താത്പര്യമുള്ള എല്ലാ സഹൃദയര്‍ക്കും പങ്കുചേരാം.

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വെബ്‌സൈറ്റ് മുഖേനയും കേരളത്തിലുടനീളമുള്ള ഡി.സി ബുക്സ്- കറന്റ് ബുക്‌സ് ശാഖകളിലൂടെയും രജിസ്റ്റര്‍ ചെയ്യാം.

കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക

 

Comments are closed.