ജമ്മു കശ്മീര്‍ പൊലീസില്‍ അഴിച്ചുപണി; ഡി.ജി.പിയെ മാറ്റി
ശ്രീനഗര്‍: ജമ്മു കശ്മീര്‍ ഡി.ജി.പി എസ്.പി വൈദിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറും നിലവിലെ ജയില്‍ മേധാവിയുമായ ദില്‍ബാഗ് സിങിനാണ് താത്കാലിക ചുമതല നല്‍കിയിരിക്കുന്നത്. ഇന്നലെ വൈകിട്ടോടെയാണ് ഉത്തരവിറങ്ങിയത്. പൊലീസ് തലപ്പത്തെ അഴിച്ചുപണിയുടെ ഭാഗമായാണ് വൈദിനെ മാറ്റിയതെന്നാണ് സൂചന. വൈദില്‍ നിന്ന് ചില സുപ്രധാന അധികാരങ്ങള്‍ ഗവര്‍ണ്ണര്‍ തിരിച്ചെടുത്തിരുന്നു.
കഴിഞ്ഞയാഴ്ച മൂന്നു പൊലീസുകാരെയും അവരുടെ ബന്ധുക്കളായ എട്ടുപേരെയും ദക്ഷിണ കശ്മീരില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയിരുന്നു. തട്ടിക്കൊണ്ടു പോയ സൈനികരുടെ ബന്ധുക്കള്‍ക്ക് പകരം തീവ്രവാദി നേതാവിന്റെ പിതാവിനെ പൊലീസ് കസ്റ്റഡിയില്‍ നിന്നും വിട്ടയിച്ചിരുന്നു. ഇതും പൊലീസ് തലപ്പത്തെ അഴിച്ചുപണിക്ക് കാരണമായെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മെഹബൂബ മുഫ്തി രാജിവെച്ചതിനെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ ഗവര്‍ണ്ണര്‍ ഭരണമാണ് നിലവില്‍ തുടരുന്നത്. സത്യപാല്‍ മാലിക്കാണ് ഇപ്പോഴത്തെ ഗവര്‍ണ്ണര്‍.
Comments are closed.