ആകാംക്ഷയോടെ കേരളം; ജിഷ വധക്കേസില്‍ ശിക്ഷ ഇന്ന് പ്രഖ്യാപിച്ചേക്കും
കേരള മനസാക്ഷിയെ ഞെട്ടിച്ച പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ ശിക്ഷ ഇന്ന് പ്രഖ്യാപിച്ചേക്കും. കേസിലെ ഏക പ്രതി അമീറുള്‍ ഇസ്ലാം കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.ശിക്ഷ പ്രഖ്യാപിക്കുന്നതിനു മുന്‍പായി കോടതി പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം കേള്‍ക്കും. കേസില്‍ ശിക്ഷ പ്രഖ്യാപിക്കുന്നതിനു മുന്‍പ് തങ്ങളുടെ വാദം കേള്‍ക്കണമെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതെ തുടര്‍ന്നാണ് ഇന്നു വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചത്.
പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. വധശിക്ഷ ലഭിക്കാവുന്ന 376 A വകുപ്പ് ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് കോടതി കണ്ടെത്തിയിരുന്നു.
അതേ സമയം പരമാവധി കുറഞ്ഞ ശിക്ഷക്കു വേണ്ടി വാദിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം. വിശദമായ വാദം കേട്ട ശേഷം കോടതി ശിക്ഷ പ്രഖ്യാപിക്കും. ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിനെതിരെ ചുമത്തിയ കൊലപാതകം ,ബലാല്‍സംഗം, അതിക്രമിച്ച് കടക്കല്‍, തടഞ്ഞുവെക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു.
Comments are closed.