DCBOOKS
Malayalam News Literature Website

നിരോധത്തെ മറികടന്ന് തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് തുടങ്ങി

പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് തുടങ്ങി. നിയമഭേദഗതിയിലൂടെ സുപ്രീംകോടതി നിരോധത്തെ മറികടന്നാണ് ഇക്കുറി ജെല്ലിക്കെട്ട് നടത്തുന്നത്. മധുര ആവണിയപുരത്ത് നടത്തിയ മത്സരത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. സുപ്രീംകോടതി നിരോധവും തുടര്‍ന്നുണ്ടായ ശക്തമായ പ്രതിഷേധങ്ങള്‍ക്കും ശേഷം കഴിഞ്ഞ വര്‍ഷവും ജെല്ലിക്കെട്ട് നടത്തിയിരുന്നു. എന്നാല്‍, ഇത്രയേറെ ഒരുക്കങ്ങള്‍ക്ക് സമയം ലഭിച്ചിരുന്നില്ല.

ഇത്തവണ എല്ലാ ആഘോഷങ്ങളോടും കൂടിയാണ് ജെല്ലിക്കെട്ട് എത്തുന്നത്. അഴിച്ചുവിട്ട കാളക്കൂറ്റന്മാരെ ഏത് വിധേനയും കീഴ്‌പ്പെടുത്തുക. ഇതാണ് ജെല്ലിക്കെട്ട്. പങ്കെടുക്കുന്നവരുടെ ജീവനുപോലും ഭീഷണിയാകുന്ന മത്സരമാണെങ്കിലും സംസ്‌കാരത്തിന്റെ ഭാഗമെന്ന തരത്തില്‍ ഇത് ആഘോഷിച്ചു പോരുകയാണ്. കളത്തില്‍ ഉള്ളവര്‍ക്ക് പുറമേ കാണികള്‍ക്കും പരിക്കേല്‍ക്കുന്ന മത്സരമായതിനാല്‍ കര്‍ശന സുരക്ഷയാണ് ഇക്കുറിയും ജെല്ലിക്കെട്ടിനുള്ളത്.

മെഡിക്കല്‍ സംഘങ്ങളുടെ സാന്നിധ്യവും പോലീസ് അനുമതിയും സുരക്ഷയും വേണം. ഊര്‍ജ്ജം വര്‍ധിപ്പിക്കാനുള്ള മയക്കുമരുന്ന് പോലുള്ളവ കാളകളില്‍ പ്രയോഗിച്ചിട്ടില്ലെന്ന് ഉറപ്പാക്കണമെന്നും മൂന്ന് വയസ്സിന് താഴെയും 15 വയസ്സിന് മുകളിലുമുള്ള കാളകളെ മത്സരത്തില്‍ പങ്കെടുപ്പിക്കരുതെന്നും കര്‍ശന നിര്‍ദേശമുണ്ട് .

Comments are closed.