കെ.പി രാമനുണ്ണിയുടെ ‘ജീവിതത്തിന്റെ പുസ്തകം’
2011-ലെ വയലാര്‍ രാമവര്‍മ്മ സാഹിത്യ പുരസ്‌കാരം ലഭിച്ച എഴുത്തുകാരന്‍ കെ.പി. രാമനുണ്ണിയുടെ നോവലാണ് ജീവിതത്തിന്റെ പുസ്തകം. കാഞ്ഞങ്ങാടിന് സമീപമുള്ള ഒരു മുക്കുവ ജനതയുടെ ജീവിത പശ്ചാത്തലമാണ് നോവലിന് ആധാരം. സ്ത്രീപുരുഷബന്ധത്തിന്റെ നീതികളെ നക്ഷത്രദീപ്തിയോടെ രാമനുണ്ണി ഈ നോവലില്‍ ആലേഖനം ചെയ്തിരിക്കുന്നു. ഡി.സി ബുക്‌സാണ് ഈ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സാമൂഹിക ജീവിതത്തിലെ ജീര്‍ണ്ണതകള്‍ക്കെതിരെയുള്ള പ്രതിരോധമാണ് ജീവിതത്തിന്റെ പുസ്തകം. ജീവിതം ഒരു പുസ്തകമാണെന്നും അതിലെ അധ്യായങ്ങള്‍ വ്യത്യസ്ത ജീവിതമാതൃകകളാണെന്നും കെ.പി. രാമനുണ്ണി ഈ നോവലിലൂടെ പറയുന്നു. സമകാലിക ജീവിതത്തെ കുറിച്ചുള്ള ആധികളാണ് ജീവിതത്തിന്റെ പുസ്തകം അനാവരണം ചെയ്യുന്നത്. അത് സ്‌നേഹത്തിന്റെ നാനാര്‍ത്ഥങ്ങളെക്കൂടി വിളംബിതകാലത്തില്‍ ആലപിക്കുന്നു. ജീവിതത്തിന്റെ നിഗൂഢതകളെയും രഹസ്യങ്ങളെയും അന്വേഷിക്കുന്ന ഒരു കലാകാരനെ നമുക്ക് ഈ പുസ്തകത്തില്‍ കണ്ടെത്താനാകും. പ്രാദേശികസംസ്‌കൃതിയില്‍ അധിഷ്ഠിതമായ സാമൂഹികവ്യവഹാരങ്ങളും പുതിയ കാലത്തിന്റെ വ്യവസ്ഥിതിയും തമ്മിലുള്ള സംഘര്‍ഷങ്ങളും അവ നേരിടേണ്ടി വരുന്ന മലയാളിയുടെ വിഹ്വലതകളും നോവല്‍ വിശദമാക്കുന്നു.
നോവലിനെഴുതിയ പഠനത്തില്‍ കെ. സച്ചിദാനന്ദന്‍ പറയുന്നത് ഇപ്രകാരമാണ്
“കെ.പി രാമനുണ്ണിയുടെ ജീവിതത്തിന്റെ പുസ്തകം അതിന്റെ ഭാഷ കണ്ടെത്തുന്നത് യാഥാര്‍ത്ഥ്യവും ഭ്രമാത്മകതയും തമ്മിലുണ്ടെന്നു നാം കരുതുന്ന അകലം ഇല്ലാതാകുന്നിടത്താണ്. ഭാഷ ഈ കൃതിയുടെ കേന്ദ്രംതന്നെയാണ്, വാക്കുകള്‍ ലോകങ്ങളിലേക്കു തുറക്കുന്ന വാതിലുകളും. ബാങ്കുജീവിതത്തിന്റെ കണക്കും ചിട്ടയും നിറഞ്ഞ പരതന്ത്രലോകവും കടല്‍പ്പുറജീവിതത്തിന്റെ മിത്തുകളും ആദിസ്മൃതികളും അദ്ധ്വാനവും ആഹ്ലാദവും നിറഞ്ഞ സ്വതന്ത്രലോകവും ചലച്ചിത്രജീവിതത്തിന്റെ അഹന്തയും കൃത്രിമത്വവും കപടനാട്യവും പ്രകടനപരതയും നിറഞ്ഞ മിഥ്യാലോകവുമെല്ലാം വ്യത്യസ്തങ്ങളായ വാങ്മയങ്ങളിലൂടെ- ഭാഷാ രജിസ്റ്ററുകളിലൂടെയാണ് ഉരുവം കൊള്ളുന്നത്.”
Comments are closed.