DCBOOKS
Malayalam News Literature Website

ആത്മീയമായും ധാര്‍മ്മികമായും വഴികാട്ടുന്ന ഒരു ഉത്തമഗ്രന്ഥം

ലിലിയന്‍ ഐഷ്‌ലര്‍ വാട്‌സന്‍

ദീര്‍ഘമായ പോരാട്ടങ്ങള്‍ കാലക്രമേണ നേടിത്തന്ന മനുഷ്യപുരോഗതിയുടെ സ്തൂപികാഗ്രത്തിലാണ് നാം ഇന്ന് നിലകൊള്ളുന്നത്. ഈ ലോകത്തിനും അതിലെ സകല നേട്ടങ്ങള്‍ക്കും പൂര്‍ണ്ണാവകാശികളാണ് നമ്മള്‍. അനേകര്‍ സ്വപ്നം കണ്ടും ചിന്തിച്ചും പോരാടിയും ജീവന്‍ ത്യജിച്ചും നേടിയെടുത്തതിനും വരുംതലമുറയെ വഴികാട്ടുവാന്‍ വാചാലമായി രേഖപ്പെടുത്തിയ വചനങ്ങളുടെ സംഹിതകള്‍ക്കും നാംതന്നെയാണ് പിന്‍തുടര്‍ച്ചക്കാര്‍.

അനിശ്ചിതത്വത്തിന്റെയും ആശയക്കുഴപ്പങ്ങളുടെയും വര്‍ത്തമാനകാലത്തില്‍ ജീവിക്കുക എന്ന വലിയ വെല്ലുവിളിയെ നാം നേരിടുകയാണ്. പോയകാലം കരുതിവെച്ച ദിവ്യജ്ഞാനത്തിന്റെ സംഭരണികള്‍ക്ക് വളരെ പ്രസക്തിയേറിയിരിക്കുന്നു. വിശ്വാസം, പ്രതീക്ഷ, സമാധാനം, ഉന്നതമായ ആശയങ്ങള്‍, എല്ലാത്തിനുമുപരി മനുഷ്യവര്‍ഗ്ഗത്തിന്റെ ഭാവിയിലും പുരോഗതിയിലുമുള്ള സ്ഥിരവിശ്വാസം എന്നിവ എന്നത്തെക്കാള്‍ ഇന്ന് അവശ്യമായിരിക്കുന്നു. തങ്ങളുടെ കാഴ്ചപ്പാടുകളും ധാരണകളും രൂപപ്പെടുത്തുവാന്‍, പ്രയോഗിച്ചും മാറ്റുരച്ചും നോക്കിയ പോയകാലത്തെ ദര്‍ശനങ്ങള്‍, മനുഷ്യന്, ഇന്ന് ഒഴിച്ചുകൂടാനാവാത്തതാണ്. മുറുകെ പിടിക്കുവാനും അതിന്റെ ബലത്തറയില്‍ ജീവിതം പണിതെടുക്കുവാനും ആഗ്രഹിക്കുന്നവന്റെ ആലംബമാണവ.

എന്നാല്‍, കഴിഞ്ഞകാലത്തെ ആദര്‍ശങ്ങളുടെയും ആശയങ്ങളുടെയും വിശാലമായ കലവറകളില്‍, ഇന്ന് Textനിങ്ങള്‍ക്കാവശ്യമായ സഹായമോ മാര്‍ഗ്ഗനിര്‍ദ്ദേശമോ പ്രചോദനമോ എങ്ങനെയാണ് കണ്ടെത്താനാവുക? അനേകം ഗ്രന്ഥങ്ങളിലും ഏടുകളിലും രേഖപ്പെടുത്തിയിട്ടുള്ളതും കാത്തുവെച്ച് കൈമാറുവാന്‍ കരുതിയതുമായ എഴുതപ്പെട്ടിട്ടുള്ളതിലും ഉച്ചരിക്കപ്പെട്ടിട്ടുള്ളതിലും വച്ച് ഏറ്റവും ഉത്തമമായ വാക്കുകള്‍പോലും ഈ നിമിഷത്തിന്റെ ആവശ്യം നിവര്‍ത്തിച്ചു കൊണ്ട് എങ്ങനെയാണ് നിത്യജീവിതത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുക.

ഈ ആവശ്യം നിറവേറ്റുക എന്നതാണ് ‘ജീവിതം പ്രഭാപൂരിതമാക്കൂ…’ എന്നതിന്റെ ഉദ്ദേശ്യം. മനുഷ്യന്റെ ജ്ഞാനപൈതൃകം മുഴുവന്‍ ഒറ്റവാല്യത്തില്‍ ഒതുക്കുക എന്ന ദൗത്യം. എല്ലാക്കാലത്തെയും കാമ്പേറിയതും പതിരു നീക്കിയതുമായ ജ്ഞാനത്തിന്റെ ധാന്യമണികള്‍ തിരഞ്ഞെടുത്തത് ഇന്നിന്റെ പ്രശ്‌നങ്ങളുടെയും ആവശ്യങ്ങളുടെയും ജഠരാഗ്‌നി ശമിപ്പിക്കുവാനാണ്. അരിസ്റ്റോട്ടില്‍ തൊട്ട് എമേഴ്‌സണ്‍ വരെയും പ്ലേറ്റോ തൊട്ട് വില്യം ജയിംസ് വരെയുള്ളവരില്‍നിന്നും കാലത്തിന്റെ കരകളിലൂടെ ഒഴുകിയെത്തിയ ജ്ഞാനസര
സ്വതി, മഹത്ചിന്തകളുടെയും ആശയങ്ങളുടെയും ദര്‍ശനങ്ങളുടെയും ബാഷ്പമുള്‍ക്കൊള്ളുന്നു. സമയോചിതവും ഉദ്ദേശ്യത്താല്‍ പ്രചോദിതവുമായ ഇതിന്റെ വായന കലുഷിതമായ കാലത്തിനു ചേര്‍ന്നതും കൂടുതല്‍ സാര്‍ത്ഥകമായ ജീവിതത്തിലേക്കു നയിക്കുന്നതും ഇന്ന്, അനേകര്‍ അന്വേഷിക്കുന്ന ശാന്തിതീരത്തിലെത്തിക്കുന്നതുമാണ്.

മഹാന്മാരെ ഏതു രീതിയില്‍ ഉള്‍ക്കൊണ്ടാലും അത് പ്രയോജനകരംതന്നെയെന്ന് തോമസ് കാര്‍ലൈല്‍ പറയുന്നു. പൗരാണികകാലം മുതല്‍ ഇന്നുവരെയുള്ള മനുഷ്യധിഷണയുടെ പലതലങ്ങളില്‍ ജ്വലിച്ചു നിന്ന മഹത്തുക്കളുമായി ഈ പുസ്തകം നിങ്ങളെ പരിചയത്തിലാക്കുന്നു. അവരുടെ വെളിപാടിന്റെ ഏറ്റവും ഉദാത്തനിമിഷങ്ങളെ നിങ്ങളും അഭിമുഖീകരിക്കുന്നു. ബുദ്ധന്‍, നബി, സെനെക, വിശുദ്ധപത്രോസ്,
ഹൊറേസ്, സാന്റേ, പോപ്പ്, ഷേക്‌സ്പിയര്‍, വോള്‍ട്ടയര്‍, അമിയല്‍, മൊണ്‍ടെയ്ന്‍, ബ്രൗണിങ്, വാള്‍ട്ട്‌വിറ്റ്മാന്‍ തുടങ്ങിയ എല്ലാവരും ഇവിടെയുണ്ട്. ശ്രേഷ്ഠമായ ഈ സാര്‍ത്ഥവാഹകസംഘം, അവരുടെ ഏറ്റവും നല്ല ചിന്തകളാല്‍ ഇവിടെ പ്രതിനിധീകരിക്കപ്പെട്ടിരിക്കുന്നു.

കണ്‍ഫ്യൂഷസിന്റെ ചിന്താശകലങ്ങളും മാര്‍ക്കസ് ഒറേലിയസിന്റെ ധ്യാനവും അരിസ്റ്റോട്ടിലിന്റെ നീതിശാസ്ത്രവും സെന്റ് അഗസ്റ്റിന്റെ ഏറ്റുപറച്ചിലുകളും പ്ലേറ്റോയുടെയും സിസെറൊയുടെയും സംവാദങ്ങളും ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഭഗവദ്ഗീതയും ഉപനിഷത്തും ഖുറാനും താല്‍മൂദും ബൈബിളും ചരിത്രവും സാഹിത്യവും വേദഗ്രന്ഥങ്ങളും ജീവചരിത്രവുമെല്ലാം അവയിലെ വചനങ്ങളുടെ പ്രാമുഖ്യത്തോടെ ഈ പുസ്തകത്തില്‍ സന്നിഹിതമായിരിക്കുന്നു.

‘ജീവിതം പ്രഭാപൂരിതമാക്കൂ…’ അതിന്റെ വിഭവസമാഹരണം നടത്തിയിരിക്കുന്നത് ക്ലാസ്സിക് ഉറവിടങ്ങളില്‍നിന്നു മാത്രമല്ല, എഴുത്തുകള്‍, ഡയറികള്‍, ലേഖനങ്ങള്‍, എഡിറ്റോറിയലുകള്‍, മതപ്രഭാഷണങ്ങള്‍, പ്രസംഗങ്ങള്‍, എന്തിന് പാട്ടുകള്‍പോലും അതിലെ ഉദ്ധരണികളുടെ സ്രോതസ്സായി മാറിയിരിക്കുന്നു. സാഹിത്യപരമോ സൗന്ദര്യപരമോ ആയ മേന്മകൊണ്ടല്ല, അവ തിരഞ്ഞെടുക്കപ്പെട്ടത് മറിച്ച് അവയുടെ പ്രചോദന പ്രഭാവം ഒന്നുകൊണ്ടു മാത്രമാണ്. ഈ തിരഞ്ഞെടുപ്പിലെ വൈവിധ്യം കണ്ട് അതിശയിക്കുന്ന വായനക്കാര്‍, പ്ലേറ്റോ, അരിസ്റ്റോട്ടില്‍
തുടങ്ങിയ പ്രതിഭാധനന്‍മാരോടൊപ്പം ഹെന്റി ഫോര്‍ഡ്, എല്‍ബര്‍ട്ട് ഹുബാര്‍ഡ് എന്നിവരെ ചേര്‍ത്തുവയ്ക്കുന്നതിനെ ചോദ്യം ചെയ്‌തേക്കാം.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

 

Comments are closed.