DCBOOKS
Malayalam News Literature Website

‘എരഞ്ഞോളി മൂസ’; അനുഭവങ്ങളുടെ പാട്ടുകാരന്‍

സിനിമാപ്പാട്ടുകള്‍ കഴിഞ്ഞാല്‍ മലയാളത്തിന്റെ ജനകീയസംഗീതം മാപ്പിളപ്പാട്ടുകളാണ്. പാട്ടില്‍ മാപ്പിളത്തമുണ്ടെങ്കിലും മാപ്പിളമാരുടേതുമാത്രമല്ല ആ പാട്ടുകള്‍. മലയാളിയെ പിന്തുടരുന്ന നൊസ്റ്റാള്‍ജിയകളില്‍ മാപ്പിളപ്പാട്ടുകളും പെടുന്നു. ജനങ്ങള്‍ക്കിടയിലാണ് ഈ പാട്ടുകളുടെയും പാട്ടുകാരുടെയും ഇടം. കേരളത്തിലെ ഏറ്റവും ജനപ്രിയനായ മാപ്പിളപ്പാട്ട് ഗായകനായിരുന്നു എരഞ്ഞോളി മൂസ. ശബ്ദത്തിന്റെയും ആലാപനത്തിന്റെയും വ്യത്യസ്തത ഈ ഗായകന് മറ്റു പാട്ടുകാരേക്കാള്‍ വലിയ ജനസമ്മതിയാണ് നേടിക്കൊടുത്തത്. മൂസയുടേതായ ഒരു വഴക്കവും മുഴക്കവും ആ പാട്ടുകളിലുണ്ടായിരുന്നു. ശരത് ചന്ദ്ര മറാഠേയുടെ കീഴില്‍ ഹിന്ദുസ്ഥാനി സംഗീതവും തിരുവങ്ങാട് കുഞ്ഞിക്കണ്ണന്‍ ഭാഗവതരുടെ കീഴില്‍ കര്‍ണ്ണാടക സംഗീതവും അഭ്യസിച്ച മൂസ പാട്ടില്‍ സ്വന്തമായൊരിടം കണ്ടെത്തിയിരുന്നു.

അനുഭവങ്ങളുടെ തീച്ചൂളയില്‍ ഉയിരെടുത്ത സംഗീതജീവിതമാണ് എരഞ്ഞോളി മൂസയുടെ ആത്മകഥയായ ജീവിതം പാടുന്ന ഗ്രാമഫോണ്‍. പിഞ്ചായ നാളുതൊട്ടു തന്നെ ഈ ഗായകന്‍ അനുഭവങ്ങളുടെ മുള്‍ക്കിരീടം ചുമക്കുന്നുണ്ട്. അതിന്റെ നീറ്റല്‍ സഹിച്ചുകൊണ്ടാണ് ഹൃദയരാഗങ്ങള്‍ നാവിലുണര്‍ന്നത്.

കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള ഒരു വിഭാഗമാണ് മാപ്പിളപ്പാട്ടുകാര്‍. ഉള്ളിന്റെയുള്ളിലെ സ്വകാര്യത രഹസ്യമാക്കി വെക്കാന്‍ ആഗ്രഹിക്കുന്നവരാണ് അവര്‍. ആ സ്വകാര്യതയില്‍നിന്നാണ് സ്വരങ്ങളുടെ ഉണര്‍വ്വുണ്ടാകുന്നത്. മലയാള ജീവിതാനുഭവ രചനകളില്‍ എന്തുകൊണ്ടും വേറിട്ടുനില്‍ക്കുന്ന ഓര്‍മ്മകളുടെ പുസ്തകമാണ് എരഞ്ഞോളി മൂസയുടെ ഈ ആത്മകഥ. ഈ പുസ്തകം പാടിക്കേള്‍പ്പിക്കുന്നത് ജീവിതം തന്നെയാണ്. മനസ്സു വായിക്കാന്‍ കഴിവുള്ളവര്‍ ജീവിതാനുഭവങ്ങള്‍ കേട്ടെഴുതുമ്പോള്‍ അത് വ്യത്യസ്തമായിരിക്കും.

താഹ മാടായിയുമൊന്നിച്ച്  എരഞ്ഞോളി മൂസ തയ്യാറാക്കിയിരിക്കുന്ന ജീവിതം പാടുന്ന ഗ്രാമഫോണ്‍  എന്ന ആത്മകഥ ഡി സി ബുക്‌സാണ് പുറത്തിറക്കിയിരിക്കുന്നത്.

Comments are closed.